യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡും ഇന്റര്‍ മിലാനും തമ്മിലുള്ള മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മത്സരത്തിന് മുന്നോടിയായി റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ച.
ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയെന്നും ഇത്തവണ ബാലണ്‍ ഡി ഓര്‍ തനിക്ക് ലഭിക്കാന്‍ അനുയോജ്യമായ വര്‍ഷമാണെന്നും എംബാപ്പെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതിന് മറുപടിയുമായി വന്നിരിക്കുകയാണ് മുന്‍ ഫ്രാന്‍സ് സ്‌ട്രൈക്കര്‍ ക്രിസ്റ്റോഫ് ഡുകാരി. ബാലണ്‍ ഡി ഓര്‍ പോലുള്ള വ്യക്തിഗത അവാര്‍ഡ് പരസ്യമായി ആവശ്യപ്പെടുന്നത് ബാലിശവും ദയനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഈ വേനല്‍ക്കാലത്ത് ഏറ്റവും അഭിമാനകരമായ മത്സരത്തില്‍ ഞാന്‍ ചരിത്രം സൃഷ്ടിച്ചു, പക്ഷേ എനിക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. ബാലണ്‍ ഡി ഓര്‍ നേടാന്‍ എനിക്ക് അനുയോജ്യമായ ഒരു വര്‍ഷമാണിത്, കാരണം ലോകത്തിലെ ഏറ്റവും മികച്ച താരമായി ഞാന്‍ എന്നെ തന്നെയാണ് കാണാറുള്ളത്,’ എംബാപ്പെ പറഞ്ഞു.
‘ഇത്തരമൊരു വ്യക്തിഗത അവാര്‍ഡ് പരസ്യമായി ആവശ്യപ്പെടുന്നത് ബാലിശവും ദയനീയവുമാണെന്ന് ഞാന്‍ കരുതുന്നു. ദേശീയ ടീമിന്റെ ക്യാപ്റ്റനായിരിക്കെ അദ്ദേഹം ഇങ്ങനെയാരു കാര്യം പറയേണ്ടതില്ലായിരുന്നു. ഓരോ കളിക്കാരനും മികച്ച പ്രകടനം നടത്തിയ സീസണായിരുന്നു.
ഒരു കളിക്കാരനും എല്ലാം നേടിയിട്ടില്ല, ടീം തലത്തിലോ വ്യക്തിഗത തലത്തിലോ അല്ല. വിജയം വ്യക്തവും സുനിശ്ചിതവുമാണെന്ന് പറയാന്‍ കഴിയുന്നത്ര മികച്ച പ്രകടനം ആരും നടത്തിയിട്ടില്ല. വ്യക്തിഗത അവാര്‍ഡുകളെക്കുറിച്ച് സംസാരിക്കുന്നതിനുപകരം, ടീമിനെക്കുറിച്ച്, വിജയം പങ്കിടുന്നതിനെക്കുറിച്ച്, നിങ്ങള്‍ ഒരുമിച്ച് നേടാന്‍ ആഗ്രഹിച്ചെങ്കിലും അതിന് സാധിക്കാത്ത ട്രോഫികളെക്കുറിച്ച് സംസാരിക്കണം,’ അദ്ദേഹം ആര്‍.എം.സി പോഡ്കാസ്റ്റില്‍ പറഞ്ഞു.
ഈ ലോകകപ്പില്‍ സെമി ഫൈനലില്‍ സ്‌പെയ്‌നിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പൊണ് എംബാപ്പെയും സംഘവും ടൂര്‍ണമെന്റിലെ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. ഈ ലോകകപ്പിലും ഫ്രാന്‍സ് സെമി ഫൈനല്‍ കടന്നതോടെ തുടര്‍ച്ചയായ മൂന്ന് സെമി ഫൈനലുകള്‍ കളിക്കുന്ന മൂന്നാമത്തെ ടീമായും ഫ്രാന്‍സ് മാറിയിരുന്നു. ജര്‍മനിക്കും ബ്രസീലിനും ശേഷം ഈ നേട്ടം കൈപ്പിടിയിലാക്കുന്ന മൂന്നാമത്തെ ടീമാണ് ഫ്രാന്‍സ്.
അതേസമയം ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി മാറാന്‍ എംബാപ്പെയ്ക്ക് സാധിച്ചിരുന്നു. 22 ഗോളുകളാണ് ലോകകപ്പ് ചരിത്രത്തില്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ രണ്ടാമന്‍ ലയണല്‍ മെസിയായിരുന്നു.
Content Highlight: Former France striker Cristophe Dugarry blasted Kylian Mbappe