ജെറുസലേം: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന കുറ്റകൃത്യങ്ങളില്‍ യൂറോപ്യന്‍ യൂണിയനും പങ്കാളികളാണെന്ന് യൂറോപ്യന്‍ യൂണിയന്‍ മുന്‍ വിദേശനയ മേധാവി ജോസഫ് ബോറെല്‍.
ഇസ്രഈലിനെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടെന്നും അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദി ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തിലായിരുന്നു ബോറെലിന്റെ വിമര്‍ശനം. ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ വംശഹത്യയ്ക്ക് തുല്യമാണെന്ന് ബോറെല്‍ പറഞ്ഞു.
കൊല്ലപ്പെടുന്നത് സാധാരണക്കാരാണെന്നും പട്ടിണിയും അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ചയും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഇസ്രഈല്‍ സൈന്യം നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ബോറെല്‍ വ്യക്തമാക്കി.
കേള്‍ക്കാന്‍ കാതുകളും കാണാന്‍ കണ്ണുകളുമുള്ള എല്ലാവര്‍ക്കും മനസിലാകും ഇസ്രഈല്‍ എന്താണ് ഗസയില്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന്. അത് വംശഹത്യയാണെന്നതില്‍ സംശയമില്ല.
ഫലസ്തീനിലെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ആസൂത്രിതമായി നശിപ്പിച്ച ശേഷം സാധാരണക്കാരെ കൊന്നൊടുക്കുകയും പട്ടിണി കിടത്തുകയുമാണവര്‍.
യൂറോപ്യന്‍ യൂണിയന് ഇതില്‍ ഇടപെടാന്‍ നിയമപരമായ ബാധ്യതകള്‍ ഉണ്ടായിരുന്നിട്ടും അവര്‍ നിഷ്‌ക്രിയത്വം തുടരുകയാണ്. ഈ കൂട്ടക്കുരുതിയില്‍ പങ്കാളികളാവുകയാണ്.
ഇസ്രഈലിന് മേല്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ യൂറോപ്യന്‍ യൂണിയന് സാധിക്കും. അവര്‍ക്ക് പല ഇടപെടലുകലും നടത്താനാകും.
ഇസ്രഈലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ് ഇവര്‍. ഹൊറൈസണ്‍, ഇറാസ്മസ് പ്രോഗ്രാമുകള്‍ ഉള്‍പ്പെടെ നിരവധി സംയുക്ത ഫണ്ടിംഗ്, എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളില്‍ ഇവര്‍ ഭാഗമാണ്.
ഇത്തരമൊരു അവസ്ഥയില്‍ ഇസ്രഈലുമായുള്ള കരാര്‍ താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ക്ക് നിയമപരമായ ബാധ്യതയുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യുന്നതില്‍ ഇവര്‍ പരാജയപ്പെട്ടു,’ ബോറെല്‍ പറഞ്ഞു.
2024 വരെ യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യ, സുരക്ഷാ നയങ്ങളില്‍ ഉന്നത പ്രതിനിധിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ബോറെല്‍. തന്റെ ഭരണകാലത്ത് ഇസ്രഈലിനെതിരെ ശക്തമായ നടപടികള്‍ക്ക് ആവശ്യപ്പെട്ടിരുന്നെങ്കിലും വിവിധ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഈ നിഷ്‌ക്രിയത്വം മുസ്‌ലിങ്ങളെ മാത്രമല്ല ലോകമെമ്പാടുമുള്ള രാഷ്ട്രീയ നിലയെ ഇതിനകം തന്നെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
നെതന്യാഹു സര്‍ക്കാര്‍ നടത്തിയ മനുഷ്യരാശിക്കെതിരായ ഈ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായതിന് യൂറോപ്യന്‍ യൂണിയന്റെയും അതിന്റെ അംഗരാജ്യങ്ങളുടെയും നേതാക്കള്‍ ഭാവിയില്‍ കണക്കു പറയേണ്ടി വരുമെന്നും അദ്ദേഹം ലേഖനത്തില്‍ എഴുതി.
ഇനിയെങ്കിലും ഇസ്രഈലിനെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിക്കണമെന്നും ലേഖനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlight: Former EU foreign policy chief urges sanctions on Israel, accuses EU leaders of complicity