ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. പരമ്പരയ്ക്കുള്ള സ്‌ക്വാഡ് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.
എന്നാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയ്ക്ക് മുന്നോടിയായി സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും വിരമിക്കല്‍ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. അടുത്ത കാലത്തായി റെഡ്‌ബോളില്‍ ഇരുവര്‍ക്കും പ്രതീക്ഷിച്ചപോലെ മികവ് പുലര്‍ത്താന്‍ സാധിച്ചില്ലായിരുന്നു. കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ വിരാടിന് സെഞ്ച്വറി ഉണ്ടായിരുന്നെങ്കിലും ടെക്‌നിക്കലി താരം പരാജയപ്പെട്ടിരുന്നു. ഓഫ് സ്റ്റംപിന് പുറത്തുള്ള ബൗണ്‍സറുകളില്‍ സൈഡ് എഡ്ജായിട്ടാണ് വിരാട് കൂടുതലും പുറത്തായാണ്.
ഇപ്പോള്‍ വിരാടിന്റെ വിരമിക്കലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ബൗളര്‍ മോണ്ടി പനേസര്‍. ഓസ്‌ട്രേലിയയിലെ വേഗതേറിയ ബൗണ്‍സി പിച്ചുകളില്‍ ഓഫ് സ്റ്റംപിന് പുറത്ത് വരുന്ന പന്തുകളെ കോഹ്‌ലി എങ്ങനെയാണ് നേരിട്ടതെന്ന് നമ്മള്‍ കണ്ടതാണെന്നും, ഇംഗ്ലണ്ടിലെ പിച്ചുകള്‍ക്ക് കൂടുതല്‍ സ്വിങ്ങും പേസും ഉണ്ടാകുമെന്ന് ചിന്തിച്ചതിനാലായിരിക്കും വിരാട് വിരമിക്കല്‍ തീരുമാനമെടുത്തതെന്നും പനേസര്‍ കൂട്ടിച്ചേര്‍ത്തു.
‘ഓസ്‌ട്രേലിയയിലെ വേഗതേറിയ ബൗണ്‍സി പിച്ചുകളില്‍ ഓഫ് സ്റ്റംപിന് പുറത്ത് വരുന്ന പന്തുകളെ കോഹ്‌ലി എങ്ങനെയാണ് നേരിട്ടതെന്ന് നാം കണ്ടതാണ്. തീര്‍ച്ചയായും കോഹ്‌ലി ഏറെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ പന്തിന് കൂടുതല്‍ സ്വിങ്ങും പേസും ഉണ്ടാകുമെന്ന് അവന്‍ ചിന്തിച്ചിട്ടുണ്ടാകാം. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി അദ്ദേഹം ശ്രമങ്ങളൊന്നും നടത്തിയിട്ടുണ്ടാകില്ല. അത് തന്നെയായിരിക്കാം ഇംഗ്ലീഷ് പര്യടനത്തിന് മുമ്പ് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരു കാരണം,’ മോണ്ടി പനേസര്‍ പി.ടി.ഐയില്‍ പറഞ്ഞത്.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്
ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്കബ് ബെത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സി, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടോങ്, ക്രിസ് വോക്സ്
Content Highlight: Former England Player Monty Panesar Talking About Virat Kohli’s Retirement