| Sunday, 1st June 2025, 7:20 pm

ടീമില്‍ നിന്നും പുറത്താക്കാതിരിക്കാന്‍ വിരാട് സ്വയം വിരമിച്ചു; വമ്പന്‍ പ്രസ്താവനയുമായി മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് വിരാട് കോഹ്‌ലി ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ 10,000 റണ്‍സ് എന്ന നാഴികക്കല്ല് കയ്യെത്തും ദൂരത്ത് നില്‍ക്കവെ, ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുമ്പ് രോഹിത്തിന് പിന്നാലെ വിരാടും കളി മതിയാക്കിയത് എതിരാളികളെ പോലും അമ്പരപ്പിച്ചിരുന്നു.

ഇപ്പോള്‍ വിരാട് കോഹ്‌ലിയുടെ വിരമിക്കലിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം മോണ്ടി പനേസര്‍. ടീം മാനേജ്‌മെന്റ് കാരണം വിരാട് ഒരുപക്ഷേ സമ്മര്‍ദത്തിലായെന്നും ഇതായിരിക്കാം അദ്ദേഹത്തിന്റെ പടിയിറക്കത്തിന് കാരണമെന്നും പനേസര്‍ പറഞ്ഞു.

മോണ്ടി പനേസര്‍

‘വിരാട് കളിക്കുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. ഇംഗ്ലണ്ട് അടക്കം എല്ലാവരും വിരാട് പരമ്പരയുടെ ഭാഗമാകുമെന്ന് തന്നെയാണ് കരുതിയത്. എന്നാല്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത് എന്നെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു.

ഓഫ് സ്റ്റംപിന് പുറത്ത് ബാറ്റ് വെച്ച് ക്യാച്ച് നല്‍കി പുറത്താകുന്നത് അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിരിക്കാം, മാനേജ്‌മെന്റ് ഇക്കാര്യം അദ്ദേഹവുമായി സംസാരിച്ചിരിക്കാം. ‘ആദ്യത്തെ കുറച്ച് മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ പരമ്പരയിലെ എല്ലാ മത്സരത്തിലും കളിക്കാന്‍ അവസരം ലഭിക്കില്ല’ എന്ന് അവര്‍ പറഞ്ഞുകാണണം.

ഇതുകൊണ്ടായിരിക്കും യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുന്നതിനായി വിരാട് കളി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്,’ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ തങ്ങളുടെ ആദ്യ മത്സരത്തിനാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തുന്നത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച ട്രാക്ക് റെക്കോഡുകളല്ല ഇന്ത്യയ്ക്കുള്ളത്. 1932 മുതല്‍ 19 തവണയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയത്. ഇതില്‍ മൂന്ന് തവണ മാത്രമാണ ഇന്ത്യയ്ക്ക് പരമ്പര നേടാനായത്.

വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ 2021ല്‍ നടന്ന പരമ്പരയില്‍ നാല് മത്സരങ്ങള്‍ അവസാനിക്കവെ 2-1ന്റെ ലീഡുമായി ഇന്ത്യ വിജയം നേടുമെന്ന് ഉറപ്പിച്ചിരിക്കവെയാണ് കൊവിഡ് പടര്‍ന്നുപിടിക്കുന്നത്.

ഒരു വര്‍ഷത്തിനിപ്പുറം ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ പരമ്പരയിലെ അവസാന മത്സരം വീണ്ടും ഷെഡ്യൂള്‍ ചെയ്യപ്പെട്ടു. ഈ മത്സരത്തില്‍ സമനില നേടിയാല്‍ പോലും പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ബുംറയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ മത്സരം പരാജയപ്പെടുകയും പരമ്പര സമനിലയില്‍ അവസാനിക്കുകയുമായിരുന്നു.

ജൂണ്‍ 20നാണ് ഇന്ത്യ – ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മത്സരം അരങ്ങേറുന്നത്. എഡ്ജ്ബാസ്റ്റണാണ് വേദി.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം 2025

ആദ്യ ടെസ്റ്റ്: ജൂണ്‍ 20-24 – ഹെഡിങ്‌ലി, ലീഡ്‌സ്.

രണ്ടാം ടെസ്റ്റ്: ജൂലൈ 2-6 – എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം.

മൂന്നാം ടെസ്റ്റ്: ജൂലൈ 10-14 – ലോര്‍ഡ്‌സ്, ലണ്ടന്‍.

നാലാം ടെസ്റ്റ്: ജൂലൈ 23-27 – ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍

അവസാന ടെസ്റ്റ്: ജൂലൈ 31 – ഓഗസ്റ്റ് 4 – ദി ഓവല്‍, ലണ്ടന്‍.

Content Highlight: Former England player Monty Panesar about Virat Kohli’s test retirement

We use cookies to give you the best possible experience. Learn more