| Thursday, 19th June 2025, 12:39 pm

അക്കാര്യമോര്‍ത്ത് ഇംഗ്ലണ്ട് സ്വയം ലജ്ജിക്കണം; ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ഹോം ടീമിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിങ്ങിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഇംഗ്ലണ്ട് ഇതിഹാസ താരം ജെഫ്രി ബോയ്‌ക്കോട്ട്.

ഇംഗ്ലണ്ട് ടീം ബാസ്‌ബോള്‍ എന്ന ശൈലിയില്‍ മാത്രം കളിക്കുന്ന വണ്‍ ട്രിക് പോണിയായെന്ന് വിമര്‍ശിച്ച അദ്ദേഹം, ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ സാമാന്യബുദ്ധി ഉപയോഗിച്ച് കളിക്കണമെന്നും അഭിപ്രായപ്പെട്ടു.

‘ഇംഗ്ലണ്ട് ബാസ്‌ബോള്‍ സമീപനത്തില്‍ നിന്നും മാറി കോമണ്‍ സെന്‍സ് ഉപയോഗിച്ച് ഇന്ത്യയെ പരാജയപ്പെടുത്താന്‍ ശ്രമിക്കണം. ഈ ബാറ്റിങ് രീതി ഏറെ ത്രില്ലിങ്ങും ആസ്വാദ്യകരവുമാണ്. എന്നാല്‍ അവരുടെ കരുതലില്ലാത്ത ബാറ്റിങ് കാരണം അവര്‍ ഏറെ മത്സരങ്ങള്‍ പരാജയപ്പെട്ടു.

മത്സരങ്ങള്‍ വിജയിക്കുക എന്നത് മാത്രമായിരിക്കണം അവരുടെ ചിന്താഗതി. കഴിഞ്ഞ മൂന്ന് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകള്‍ ഇവിടെ നടന്നിട്ടും അതിലൊന്നില്‍ പോലും യോഗ്യത നേടാന്‍ സാധിക്കാതിരിക്കുമ്പോള്‍ നിങ്ങള്‍ ബാറ്റിങ്ങില്‍ എത്ര മികച്ചവരാണെന്ന് പറഞ്ഞിട്ടും കാര്യമില്ല.

ജെഫ്രി ബോയ്‌ക്കോട്ട്.

അവര്‍ ലജ്ജിക്കണം. അടുത്ത വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുക എന്നത് മാത്രമായിരിക്കണം ഇംഗ്ലണ്ടിന്റെ ലക്ഷ്യം.

പുതിയ ഒരു പരമ്പര ആരംഭിക്കുകയാണ്. ഒരു ജേതാവ് എന്ന നിലയില്‍ പേരെടുക്കുന്നതാണ് ഒരു എന്റര്‍ടെയ്‌നര്‍ എന്ന നിലയില്‍ അറിയപ്പെടുന്നതിനേക്കാള്‍ നല്ലതെന്ന് ആരെങ്കിലും ഇംഗ്ലണ്ട് ടീമിനെ പറഞ്ഞുമനസിലാക്കണം. നിങ്ങള്‍ക്ക് ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കാനും അതിനൊപ്പം വിജയിക്കാനും സാധിക്കുമെങ്കില്‍ തീര്‍ച്ചയായും അതൊരു ബോണസാണ്.

നിലവില്‍ ഇംഗ്ലണ്ട് ഒരു വണ്‍ ട്രിക് പോണിയാണ്. അവര്‍ അത് മാറ്റാനോ തോല്‍വികളില്‍ നിന്നും പഠിക്കാനോ ശ്രമിക്കുന്നില്ല. പല മുന്‍ ടോപ് ക്ലാസ് ഇംഗ്ലീഷ് ബാറ്റര്‍മാര്‍ പറഞ്ഞിട്ടും അവര്‍ ബാറ്റിങ് രീതിയില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നില്ല.

അതിനാല്‍ ദയവായി എല്ലാം ഒന്നിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുക. നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക. അല്‍പം കോമണ്‍സെന്‍സ് ഉപയോഗിക്കുക,’ ബോയ്‌ക്കോട്ട് പറഞ്ഞു.

ജൂണ്‍ 20നാണ് ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ ആദ്യ ടെസ്റ്റിനിറങ്ങുന്നത്. ലീഡ്‌സിലെ ഹെഡിങ്‌ലിയാണ് വേദി.

Content Highlight: Former England cricketer Geoffrey Boycott about England’s batting approach

We use cookies to give you the best possible experience. Learn more