2026ലെ ഐ.പി.എല്ലില്‍ ആരാണ് കിരീടം സ്വന്തമാക്കുകയെന്ന് പ്രവചിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍മാരായ മൈക്കല്‍ വോണും അലിസ്റ്റര്‍ കുക്കും. ഇത്തവണ ഫാന്‍ ഫേവറേറ്റ്‌സായ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ആറാം കിരീടം സ്വന്തമാക്കുമെന്നാണ് മുന്‍ ക്യാപ്റ്റന്‍മാരുടെ അഭിപ്രായം. ദി ഓവര്‍ ലാപ് ക്രിക്കറ്റ് യൂട്യൂബ് ചാനലില്‍ നടന്ന ചര്‍ച്ചക്കിടയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
അഞ്ച് തവണ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് അവസാനമായി 2020ലാണ് കിരീടം നേടിയത്. ഫ്രാഞ്ചൈസി അഞ്ച് വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിച്ച് ഇത്തവണ കിരീടം നേടുമെന്നാണ് മുന്‍ താരങ്ങള്‍ പറഞ്ഞത്.
2013, 2015, 2017, 2019, 2020 എന്നീ വര്‍ഷങ്ങളിലായിരുന്നു മുംബൈ കിരീടം നേടിയത്. എന്നിരുന്നാലും രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി മാറ്റി ഹര്‍ദിക് പാണ്ഡ്യയെ നിയമിച്ചതിന് ശേഷം ടീം മോശം അവസ്ഥയിലൂടെ കടന്നു പോകുന്നത്. 2025ല്‍ 14 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും ആറ് പരാജയവുമായിരുന്നു മുംബൈ നേരിടേണ്ടി വന്നത്.
എന്നാല്‍ 2024ല്‍ കളിച്ച 14 മത്സരങ്ങളില്‍ നാല് മത്സരങ്ങളില്‍ മാത്രമാണ് ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ മുംബൈയ്ക്ക് വിജയിക്കാന്‍ സാധിച്ചത്. 10 പരാജയങ്ങള്‍ നേരിട്ട സീസണില്‍ 10ാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.
മുംബൈ
2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കന്നി സീസണില്‍ തന്നെ കിരീടം നേടിക്കൊടുക്കുകയും 2023ല്‍ ടീമിനെ ഫൈനലില്‍ എത്തിക്കുകയും ചെയ്തതോടെ ഹര്‍ദിക്കിനെ മുംബൈ തിരിച്ചുവിളിക്കുകയായിരുന്നു.
ശേഷം സൂപ്പര്‍ താരവും മുംബൈക്ക് അഞ്ച് കിരീടങ്ങള്‍ നേടിക്കൊടുത്ത രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റി ഹര്‍ദിക്കിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയായിരുന്നു ഫ്രാഞ്ചൈസി. എന്നാല്‍ പാണ്ഡ്യ ടീമിലെത്തിയതോടെ ഫ്രാഞ്ചൈസിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇത്തവണ മുംബൈ മികച്ച തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം മാര്‍ച്ച് 29നാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളി. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: Former England captains Michael Vaughan and Alastair Cook have predicted the winners of the 2026 IPL