| Monday, 14th April 2025, 1:24 pm

സയ്യിദ് മസൂദിനെ ഖുറേഷി രക്ഷിച്ചത് ഐ.എസ് ട്രെയിന്‍ഡായ കുട്ടിയെ അധോലോകത്തിന് ആവശ്യമുള്ളതുകൊണ്ട്; എമ്പുരാനെതിരെ വീണ്ടും ആര്‍. ശ്രീലേഖ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എമ്പുരാന്‍ സിനിമക്കെതിരെ വീണ്ടും വിമർശനവുമായി മുൻ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ആര്‍. ശ്രീലേഖ. അധോലോക നായകന്മാര്‍ മാത്രമാണ് നല്ലവരെന്നും ബാക്കിയുള്ളവരെല്ലാം മോശമാണെന്നും കാണിക്കുന്ന ഉള്ളടക്കങ്ങളാണ് എമ്പുരാന്റേതെന്ന് ആര്‍. ശ്രീലേഖ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മുന്‍ ഡി.ജി.പി എമ്പുരാനെതിരെ രംഗത്തെത്തിയത്.

‘ലൂസിഫര്‍ ആദ്യം കണ്ടപ്പോള്‍ എനിക്ക് ഇഷ്ടമായില്ലെന്ന് പറഞ്ഞിരുന്നു. പക്ഷെ പിന്നീട് ബാക്കിയെല്ലാവരും സിനിമയെ കുറിച്ച് നല്ലത് പറയുന്നതാണ് കേട്ടത്. അപ്പോള്‍ എനിക്ക് തെറ്റ് പറ്റിയെന്ന് കരുതി സിനിമ ഒ.ടി.ടിയില്‍ വന്നപ്പോള്‍ വീണ്ടും കണ്ടു. ലൂസിഫറില്‍ കുറച്ചൊക്കെ പച്ചയായ രാഷ്ട്രീയം പറയുന്നുണ്ട്,’ ശ്രീലേഖ പറഞ്ഞു.

എന്തുകൊണ്ടാണ് കേരളത്തിലെ ചില രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എമ്പുരാന്‍ ഇഷ്ടപ്പെട്ടതെന്ന് അറിയില്ലെന്ന് ശ്രീലേഖ പറഞ്ഞു. ഒരുപക്ഷെ ഗുജറാത്ത് കലാപത്തെ കുറിച്ച് കാണിക്കുന്നതുകൊണ്ടും അത് ബി.ജെ.പിക്ക് എതിരാണെന്നുമുള്ള ബോധ്യം കൊണ്ടായിരിക്കാം അവര്‍ക്കൊക്കെ എമ്പുരാന്‍ ഇഷ്ടപ്പെട്ടതെന്നും ആര്‍. ശ്രീലേഖ പറഞ്ഞു.

എമ്പുരാന്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും എതിരാണെന്നും ശ്രീലേഖ പറഞ്ഞു. യു.ഡി.എഫ്, എല്‍.ഡി.എഫ് എന്നീ മുന്നണികളെ പരോക്ഷമായി ഉദ്ധരിച്ചായിരുന്നു ശ്രീലേഖയുടെ പ്രതികരണം. എമ്പുരാനിലെ പ്രധാന കഥാപാത്രമായ സയ്യിദ് മസൂദ് എങ്ങനെയാണ് പാകിസ്ഥാനില്‍ എത്തിയതെന്ന് സിനിമയില്‍ പറയുന്നില്ലെന്നും എന്തിന് വേണ്ടിയാണ് സയ്യിദ് മസൂദിനെ ഖുറേഷി രക്ഷിക്കുന്നതെന്നും ശ്രീലേഖ ചോദിച്ചു.

മസൂദിനെ ഖുറേഷി രക്ഷിച്ചത് വിദ്യാഭ്യാസം നല്‍കി ഭാരതീയ പൗരനായി വളര്‍ത്തി ദേശത്തെ രക്ഷിക്കാന്‍ വേണ്ടിയിട്ടാണോ? അല്ല, ഖുറേഷിയുടെ സംഘത്തിലേക്കാണ് മസൂദിനെ രക്ഷിച്ച് കൊണ്ടുവന്നതെന്നും ശ്രീലേഖ പറഞ്ഞു.

ഭാരതത്തെ സേവിക്കുന്നതിന് വേണ്ടിയല്ല, തന്റെ സംഘത്തെ പരിപോഷിപ്പിക്കുന്നതിനായി ഐ.എസ് പഠനം ലഭിച്ചിട്ടുള്ള കുട്ടികളെ ഖുറേഷിക്ക് വേണം. ഇതാണ് സിനിമ നല്‍കുന്ന സൂചനയെന്നും ആര്‍. ശ്രീലേഖ പറഞ്ഞു.

ഇത്തരത്തിലുള്ള സംഘങ്ങളുടെയും ഇല്ലുമിനാട്ടിയുടെയും പിന്‍ബലത്തിലാണ് സര്‍ക്കാരുകള്‍ നിലനില്‍ക്കാവൂ എന്ന ധാരണയും എമ്പുരാന്‍ നല്‍കുന്നുവെന്നും ശ്രീലേഖ പറഞ്ഞു.

‘വലിയ ജനപിന്തുണയോടെ നിലനില്‍ക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലേത്. എന്നാല്‍ ഇത്രയും സുതാര്യമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ വേണ്ടെന്ന ചിന്തയും സിനിമ കുത്തിവെക്കാന്‍ ശ്രമിക്കുന്നു. കേന്ദ്രത്തിലേത് പോലുള്ള ഒരു സര്‍ക്കാര്‍ കേരളത്തില്‍ വന്നാല്‍ അത് തങ്ങളുടെ അധോലോക ബന്ധങ്ങളെ ബാധിക്കുമെന്ന ധാരണയാണ് സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്,’  ആര്‍. ശ്രീലേഖ പറയുന്നു.

എമ്പുരാന്‍ ജനാധിപധ്യത്തെ തന്നെ എതിര്‍ക്കുന്ന ഒന്നാണെന്നും ശ്രീലേഖ ആരോപിച്ചു.

Content Highlight: Former DGP R. Sreelekha again criticized empuraan

We use cookies to give you the best possible experience. Learn more