| Tuesday, 7th July 2026, 8:10 am

ഇറാനില്‍ നിന്നും സംരക്ഷണം വേണം, ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങള്‍ ഇസ്രഈലിലേക്ക് മാറ്റണമെന്ന് മുന്‍ കമാന്‍ഡര്‍

ആദർശ് എം.കെ.

വാഷിങ്ടണ്‍: ഗള്‍ഫ് രാജ്യങ്ങളില്‍ നിലവിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇസ്രഈലിലേക്കും സമീപത്തുള്ള മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കും മാറ്റണമെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) മുന്‍ മേധാവി റിട്ടയേര്‍ഡ് ജനറല്‍ ഫ്രാങ്ക് മക്കെന്‍സി.

ഇറാനില്‍ നിന്നുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ നിന്ന് യു.എസ് സൈനിക ആസ്തികള്‍ സംരക്ഷിക്കുന്നതിനായി ഈ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗള്‍ഫ് മേഖലയിലെ നിലവിലെ സൈനിക വിന്യാസം വലിയ സുരക്ഷാ ഭീഷണിയാണ് നേരിടുന്നതെന്നാണ് മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ വിലയിരുത്തല്‍.

ഖത്തറിലെ അല്‍-ഉദൈദ് എയര്‍ബേസ് ഉള്‍പ്പെടെ ഇറാന്റെ തൊട്ടടുത്ത് (ഏകദേശം 100 മൈല്‍ മാത്രം ദൂരത്തില്‍) യു.എസ് സൈനിക ആസ്ഥാനം നിലനിര്‍ത്തുന്നത് ഒട്ടും യുക്തിസഹമല്ലെന്ന് മക്കെന്‍സി പറഞ്ഞു. കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍, യു.എ.ഇ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങള്‍ ഇറാന്റെ നേരിട്ടുള്ള ആക്രമണ പരിധിയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സൈനിക താവളങ്ങള്‍ മാറ്റാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം ഇസ്രഈലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്രഈല്‍ നല്‍കുന്ന മികച്ച വ്യോമ പ്രതിരോധവും, സൈനിക വിമാനങ്ങളുടെ സഞ്ചാരത്തിനും മറ്റുമുള്ള കുറഞ്ഞ രാഷ്ട്രീയ-നയതന്ത്ര നിയന്ത്രണങ്ങളുമാണ് ഇതിന് കാരണമായി അദ്ദേഹം വ്യക്തമാക്കുന്നത്.

നിലവിലെ ഗള്‍ഫ് അധിഷ്ഠിത താവളങ്ങള്‍ ശീതയുദ്ധ കാലത്തെ ആവശ്യങ്ങള്‍ക്കായി രൂപപ്പെടുത്തിയതാണെന്നും അവ ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും മക്കെന്‍സി വിമര്‍ശിച്ചു. നിലവിലെ യു.എസ് തന്ത്രങ്ങള്‍ ഭൂമിയിലെ ഇപ്പോഴത്തെ സുരക്ഷാ സാഹചര്യങ്ങളുമായി ഒത്തുപോകുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022ല്‍ തന്നെ ഈ നിര്‍ദേശങ്ങള്‍ താന്‍ ബൈഡന്‍ ഭരണകൂടത്തിന് മുന്നില്‍ വെച്ചിരുന്നതാണെന്നും എന്നാല്‍ അന്നവര്‍ അത് ശക്തമായി നിരസിക്കുകയായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.

സമീപകാലത്തുണ്ടായ പ്രാദേശിക സംഘര്‍ഷങ്ങള്‍ നിലവിലെ താവളങ്ങളുടെ ബലഹീനത വ്യക്തമാക്കുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2026 മാര്‍ച്ചില്‍ ബഹ്റൈനിലെ യു.എസ് അഞ്ചാം കപ്പല്‍ പടയുടെ ആസ്ഥാനത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ ഇതിന് ഉദാഹരണമാണ്.

മുന്‍പ് ഇറാന്റെ ആക്രമണങ്ങളെ തുടര്‍ന്ന് സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസില്‍ നിന്ന് തായിഫ് എയര്‍ബേസിലേക്ക് യു.എസ് താവളം മാറ്റേണ്ടി വന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഗള്‍ഫ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം നിലനിര്‍ത്താന്‍ ചെറിയ തോതിലുള്ള സൈനിക സാന്നിധ്യം അവിടെ തുടരാമെങ്കിലും, ഒരു യുദ്ധമുണ്ടായാല്‍ സുരക്ഷിതമായി നീങ്ങാന്‍ ഇസ്രഈല്‍, ഈജിപ്ത്, സൗദി അറേബ്യയുടെ ചെങ്കടല്‍ തീരം എന്നിവിടങ്ങളില്‍ യു.എസ് സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് മക്കെന്‍സിയുടെ നിര്‍ദേശം.

ഗള്‍ഫ് രാജ്യങ്ങള്‍ ചില സമയങ്ങളില്‍ ഇറാനെതിരായ സൈനിക നീക്കങ്ങള്‍ക്ക് യു.എസ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നത് തടസമാകുന്നുണ്ടെന്നും, പടിഞ്ഞാറന്‍ മേഖലകളിലേക്ക് മാറുന്നത് വഴി ഈ പ്രതിസന്ധി മറികടക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Content Highlight: Former commander Frank Mckenzie calls for shifting U.S. military bases in Gulf countries to Israel.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more