തങ്ങളുടെ സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡ്‌സിന് അര്‍ജന്റൈന്‍ ഇതിഹാസം മെസിയുടെ പേര് നല്‍കാനുള്ള ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സ് മാനേജ്‌മെന്റിന്റെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ പരിശീലകന്‍ ജുവാന്‍ മാനുവല്‍ ലോപ്. മെസിയുടെ ബോയ്ഹുഡ് ടീമാണ് ന്യൂവെല്‍സ് ബോയ്‌സ്.
മെസിയാണ് ലോകത്തെ ഏറ്റവും മികച്ച താരമെന്ന് വ്യക്തമാക്കിയ ലോപ്, അദ്ദേഹം ടീമിന് വേണ്ടി എന്താണ് ചെയ്തിട്ടുള്ളതെന്നും ചോദിച്ചു. മാനേജ്‌മെന്റിന്റെ തീരുമാനം വെറും മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും മുന്‍ പരിശീലകന്‍ കുറ്റപ്പെടുത്തി.
അര്‍ജന്റീനാസ് റേഡിയോ 2ല്‍ സംസാരിക്കവെയാണ് ലോപ് ന്യൂവെല്‍സ് ബോയ്‌സിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയത്.
‘എന്റെ ചോദ്യം ഇതാണ്, മെസി എന്താണ് ന്യൂവെല്‍സിന് വേണ്ടി ചെയ്തിട്ടുള്ളത്, ഈ ലോകം ഒന്നാകെ മാര്‍ക്കറ്റിങ്ങിന്റെ പിന്നാലെയാണ്. അവന്‍ (ലയണല്‍ മെസി) ലോകത്തിലെ ഏറ്റവും മികച്ച താരമാണ്, സ്റ്റാന്‍ഡ്‌സിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ മറഡോണയും അങ്ങനെ തന്നെയാണ്.
ഇത് കേവലം മാര്‍ക്കറ്റിങ് മാത്രമാണ്. ന്യൂവെല്‍സിന്റെ ചരിത്രത്തില്‍ ഒട്ടനേകം പ്രധാനപ്പെട്ട ആളുകളുണ്ട്. ക്ലബ്ബിനായി നിരവധി വിജയങ്ങള്‍ നേടിക്കൊടുത്ത, നിരവധി ചാമ്പ്യന്‍ഷിപ്പുകള്‍ സമ്മാനിച്ച ഒട്ടനേകം ആളുകള്‍. ടീമിന്റെ ഈ തീരുമാനത്തോട് എനിക്ക് ഒരു കാരണവശാലും യോജിക്കാന്‍ സാധിക്കില്ല,’ മുന്‍ പരിശീലകന്‍ വ്യക്തമാക്കി.
13ാം വയസില്‍ ബാഴ്‌സലോണയിലേക്ക് ചേക്കേറും മുമ്പ് മെസി ന്യൂവെല്‍സിന്റെ അക്കാദമിയിലൂടെയാണ് വളര്‍ന്നത്. താരത്തിന്റെ 38ാം പിറന്നാളിനോടനുബന്ധിച്ചാണ് ടീം തങ്ങളുടെ ഹോം സ്‌റ്റേഡിയത്തിലെ സ്റ്റാന്‍ഡ്‌സിന് മെസിയുടെ പേര് നല്‍കാന്‍ ടീം തീരുമാനിച്ചത്.
അതേസമയം, ക്ലബ്ബ് വേള്‍ഡ് കപ്പില്‍ പി.എസ്.ജിയോട് പരാജയപ്പെട്ട് മെസിയുടെ ഇന്റര്‍ മയാമി പുറത്തായിരുന്നു. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് മയാമി പരാജയപ്പെട്ടത്.
നിലവില്‍ മേജര്‍ ലീഗ് സോക്കറിലെ മത്സരങ്ങള്‍ക്കുള്ള മുന്നൊരുക്കത്തിലാണ് ഇന്റര്‍ മയാമി. അടുത്ത മത്സരത്തില്‍ മോണ്‍ട്രിയലാണ് എതിരാളികള്‍. കാനഡ, ക്യുബെക്കിലെ സപ്പുറ്റോ സ്‌റ്റേഡിയമാണ് വേദി. മോണ്‍ട്രിയലിന്റെ ഹോം ഗ്രൗണ്ടാണിത്.
Content Highlight: Former coach of the Newell’s Old Boys to name the name of Lionel Messe for stands