| Saturday, 17th January 2026, 1:39 pm

റൊണാള്‍ഡോയ്ക്ക് 2026 ലോകകപ്പ് നേടാനാകില്ല, എല്ലാം കണ്ണീരില്‍ അവസാനിക്കും: മുന്‍ ചെല്‍സി താരം

ആദര്‍ശ് എം.കെ.

2026 ലോകകപ്പ് നേടാന്‍ പോര്‍ച്ചുഗലിനോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കോ സാധിക്കില്ലെന്ന് മുന്‍ ചെല്‍സി താരം വില്യം ഗാലസ്. നിലവിലെ പോര്‍ച്ചുഗല്‍ ടീം ഏറെ മികച്ചതാണെന്നും എന്നാല്‍ ലോകകപ്പ് നേടാന്‍ പറങ്കിപ്പടയ്ക്ക് സാധിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം നടന്ന ക്ലബ്ബ് ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ റൊണാള്‍ഡോയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു ഗാല്ലസ്. 2026 ഫിഫ ലോകകപ്പിന് ഏറെ നാളുകളില്ലെന്നിരിക്കെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയിലേക്കുയരുകയാണ്.

വില്യം ഗാലസ്

‘ക്ലബ്ബ് വേള്‍ഡ് കപ്പ് കളിക്കുന്നതിനായി എനിക്ക് ചില ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ അത് മികച്ച തീരുമാനമായി എനിക്ക് തോന്നിയില്ല. 2026 ലോകകപ്പിന് മുമ്പ് മുന്നൊരുക്കങ്ങള്‍ നടത്തുകയും ആവശ്യത്തിന് വിശ്രമം നേടുകയും ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്.

കാരണം ഇത് ലോകകപ്പിന്റെ സീസണാണ്, ഈ സീസണിന്റെ അവസാനത്തോടെ ലോകകപ്പിന്റെ ആരവവും ഉയരും. ഇതിനാല്‍ തന്നെ അല്‍ നസറിന് വേണ്ടി മാത്രമല്ല, നാഷണല്‍ ടീമിന് വേണ്ടിയും തയ്യാറെടുക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ എന്നാണ് നേരത്തെ ഒരു അഭിമുഖത്തില്‍ റൊണാള്‍ഡോ പറഞ്ഞത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഈ വാക്കുകളോട് പ്രതികരിച്ച് ലോകകപ്പ് സ്വന്തമാക്കണമെന്ന ആഗ്രഹം പൂര്‍ത്തിയാകില്ലെന്നും എല്ലാം കണ്ണുനീരില്‍ അവസാനിക്കുമെന്നുമാണ് ഗാലസ് അഭിപ്രായപ്പെട്ടത്. പ്രൈം കസിനോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗാലസ് ഇക്കാര്യം പറഞ്ഞത്.

‘അടുത്ത സമ്മറില്‍, ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഉണ്ടാകും. രണ്ട് തരത്തിലാണെങ്കിലും അത് ഏറെ വൈകാരികമായിരിക്കും.

ഇനി മത്സരത്തിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ സ്ഥാനം പിടിക്കാന്‍ റൊണാള്‍ഡോക്ക് സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല, എന്നിരുന്നാലും അദ്ദേഹത്തിന് ബെഞ്ചില്‍ നിന്ന് പുറത്ത് വരാനും കളത്തിലിറങ്ങാനും സാധിക്കും.

പോര്‍ച്ചുഗല്‍ ഒരു മികച്ച, ശക്തമായ ടീമായാണ് എനിക്ക് തോന്നുന്നത്. എന്നിരുന്നാലും റൊണാള്‍ഡോയ്ക്ക് തന്റെ സ്വപ്നം സാക്ഷാത്കരിക്കുക എന്നത് വളരെയേറെ ബുദ്ധിമുട്ടായിരിക്കും. മിക്കവാറും കാര്യങ്ങള്‍ കണ്ണുനീരില്‍ തന്നെയാകും അവസാനിക്കുന്നത്,’ ഗാലസ് പറഞ്ഞു.

2022 ലോകകപ്പില്‍ ഗ്രൂപ്പ് എച്ച്-ലാണ് പോര്‍ച്ചുഗലുണ്ടായിരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് മത്സരത്തില്‍ രണ്ടിലും വിജയിച്ച് ഒന്നാമതായി റൗണ്ട് ഓഫ് സിക്‌സീറ്റിനിന് യോഗ്യതയും നേടി.

പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലന്‍ഡിനെ 6-1ന് തോല്‍പ്പിച്ചിരുന്നു. റൊണാള്‍ഡോയ്ക്ക് പകരം സ്റ്റാര്‍ട്ടിങ് ഇലവന്റെ ഭാഗമായ ഗോണ്‍സലോ റാമോസിന്റെ ഹാട്രിക്കാണ് ടീമിന് തുണയായത്. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് തോറ്റ് പോര്‍ച്ചുഗല്‍ പുറത്താവുകയായിരുന്നു.

ഇത്തവണ ഗ്രൂപ്പ് കെ-യിലാണ് പോര്‍ച്ചുഗലിന്റെ സ്ഥാനം. ഉസ്‌ബെക്കിസ്ഥാനും കൊളംബിയയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഗ്രൂപ്പിലെ നാലാം ടീം ആരായിരിക്കുമെന്ന് ഉറപ്പായിട്ടില്ല.

Content Highlight: Former Chelsea star William Galas says Portugal will not win 2026 World Cup

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more