2026 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ സ്‌പെയ്ന്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തുമെന്ന് മുന്‍ ചെല്‍സി ഡിഫന്‍ഡര്‍ ഫ്രാങ്ക് ലഹോഫ്. സ്പാനിഷ് ടീമിന്റെ പ്രതിഭയും ആക്രമണശേഷിയും കണക്കിലെടുക്കുമ്പോള്‍ അര്‍ജന്റീനയ്ക്ക് തിരിച്ചടി നേരിടേണ്ടി വരാനാണ് സാധ്യതയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫൈനലിന് മുന്നോടിയായി ഇ.എസ്.പി.എന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ക്ഷമിക്കണം, ഞാന്‍ വലിയൊരു സ്‌കോര്‍ലൈന്‍ തന്നെയാണ് പ്രവചിക്കുന്നത്. എന്റെ പ്രവചനം സ്‌പെയിന്‍ 4-0ന് ജയിക്കും എന്നതാണ്. അര്‍ജന്റീനയോട് എനിക്ക് വലിയ ബഹുമാനമുണ്ട്, അതുകൊണ്ടുതന്നെ 3-2 എന്നൊരു സ്‌കോര്‍ എനിക്ക് പറയാനുമാകുമായിരുന്നു.
പക്ഷെ ക്ഷമിക്കണം, ഞാന്‍ കാണുന്ന സാഹചര്യം മറ്റൊന്നാണ്. സ്‌പെയിന്‍ ഒരു ഗോള്‍ നേടിയാല്‍ അര്‍ജന്റീന പുറത്താകും. സ്പാനിഷ് ടീമിന്റെ പ്രതിഭയും ആക്രമണശേഷിയും കണക്കിലെടുക്കുമ്പോള്‍ അര്‍ജന്റീനയ്ക്ക് തിരിച്ചടി നേരിടേണ്ടി വരാനാണ് സാധ്യത,’ ഫ്രാങ്കോ യൂട്യൂബില്‍ പറഞ്ഞു.
ജൂലൈ 20നാണ് 2026ലെ ഫിഫ മാമാങ്കത്തിന്റെ കലാശക്കൊട്ട്. ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തിലാണ് ഇരുവരും ഏറ്റുമുട്ടുക. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്.
അതേസമയം സ്‌പെയ്ന്‍ സെമി ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അവസാന അങ്കത്തിന് യോഗ്യത നേടിയത്. നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്‌പെയ്ന്‍ ലോകകപ്പ് ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്. ചരിത്രത്തിലെ രണ്ടാം കിരീടത്തിലായിരിക്കും സ്‌പെയ്ന്‍ കണ്ണുവെക്കുക.
ഇതിന് മുമ്പ് 2010ലായിരുന്നു സ്പാനിഷ് ടീം ആദ്യമായി ലോകകപ്പ് ഫൈനല്‍ കളിച്ചിരുന്നത്. തങ്ങളുടെ ആദ്യ ഫൈനലില്‍ തന്നെ കിരീടം സ്വന്തമാക്കാനും സ്പാനിഷ് ടീമിന് സാധിച്ചു.
മാത്രമല്ല ഇത്തവണ ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ ചരിത്രം കുറിച്ചാണ് സ്‌പെയ്ന്‍ ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത്. ഫ്രാന്‍സിനെ വീഴ്ത്തിയതോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍വിയറിയാതെ മുന്നേറുന്ന ടീമായാണ് സ്‌പെയ്ന്‍ മാറിയത്. ഇതുവരെ 37 മത്സരങ്ങളിലാണ് സ്‌പെയ്ന്‍ തോല്‍വിയറിയാതെ കുതിപ്പ് തുടരുന്നത്. 2024ല്‍ തുടങ്ങിയ സ്‌പെയിനിന്റെ വിജയങ്ങള്‍ ഇപ്പോള്‍ 2026ല്‍ എത്തി നില്‍ക്കുകയാണ്.