| Saturday, 4th October 2025, 8:00 am

ഇന്ത്യ ഇസ്രഈലിന് ആയുധം നല്‍കുന്നുവെന്ന് കണ്ടെത്തിയാല്‍ നാണക്കേട്: യു.എന്‍ സ്വതന്ത്ര അന്വേഷണ കമ്മീഷന്‍ അധ്യക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹേഗ്: ഗസയില്‍ വംശഹത്യ തുടരുന്ന ഇസ്രഈലിന് ഇന്ത്യ ആയുധം കൈമാറുന്നത് ലജ്ജാകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ അധ്യക്ഷ നവി പിള്ള.

ഇസ്രഈലിന് ഇന്ത്യ ആയുധം വില്‍ക്കുന്നതായോ എത്തിച്ചുനല്‍കുന്നതോ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) കണ്ടെത്തിയാല്‍ അത് രാജ്യത്തെ സംബന്ധിച്ച് ലജ്ജാകരമായിരിക്കുമെന്ന് അവര്‍ പറഞ്ഞു.

ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നവി പിള്ള.

അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ സൗത്ത് ആഫ്രിക്ക അടക്കമുള്ള ലോക രാജ്യങ്ങള്‍ ഇസ്രഈലിനെതിരെ നടത്തുന്ന നിയമപോരാട്ടത്തെ ഇന്ത്യ പിന്തുണയ്ക്കണമെന്നും ഇന്ത്യന്‍ വംശജ കൂടിയായ നവി പിള്ള ആവശ്യപ്പെട്ടു.

ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ ഇന്ത്യന്‍ ജഡ്ജിയുണ്ടെന്നത് അഭിമാനകരമാണ്. എന്നാല്‍ ആയുധ കൈമാറ്റത്തിലൂടെ ഇന്ത്യയും ഇസ്രഈലും തമ്മില്‍ സഖ്യമുണ്ടെന്ന് കോടതി കണ്ടെത്തുന്നത് തീര്‍ത്തും നാണക്കേടുണ്ടാക്കുമെന്നും ഐ.സി.ജെ മുന്‍ ജഡ്ജി കൂടിയായ നവി പിള്ള വ്യക്തമാക്കി.

അധിനിവേശ ഫലസ്തീനെ കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ സ്വതന്ത്ര കമ്മീഷന്‍ അധ്യക്ഷയാണ് നിലവില്‍ നവി പിള്ള.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 16ന് കമ്മീഷന്‍ പുറത്തുവിട്ടിരുന്നു. 18,000ലധികം കുട്ടികളുള്‍പ്പടെ 60,000ലധികം ആളുകള്‍ ഇവിടെ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ഇതിന് പുറമെ ആശുപത്രികള്‍ ഗസയിലെ ഏറ്റവും വലിയ വന്ധ്യതാ ക്ലിനിക് എന്നിവ ആസൂത്രിതമായി നശിപ്പിച്ചതിന്റെ തെളിവുകളും റിപ്പോര്‍ട്ട് പുറത്തുവിട്ടു.

വംശഹത്യ തടയാന്‍ ഓരോ രാഷ്ട്രത്തിനും ബാധ്യതയുണ്ടെന്നും അതിനുള്ള ഉപാധിയായി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ലോകരാജ്യങ്ങള്‍ കണക്കാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

ഇസ്രഈല്‍ പട്ടാളം വൈഡ് ഇംപാക്ട് ആയുധങ്ങള്‍ ഉപയോഗിച്ച് ഗസയിലെ സാധാരണക്കാരെ കൊന്നൊടുക്കുകയാണെന്നായിരുന്നു കമ്മീഷന്റെ പ്രധാന കണ്ടെത്തലുകളിലൊന്ന്.

ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍പ്രതിരോധമന്ത്രി യോഗ് ഗാലന്റ് എന്നിവരാണ് വംശഹത്യക്ക് പിന്നിലെന്നും ഈ റിപ്പോര്‍ട്ടിലൂടെ യു.എന്‍ അന്വേഷണ കമ്മീഷന്‍ വെളിപ്പെടുത്തിയിരുന്നു.

ഇവര്‍ ഇസ്രഈല്‍ രാജ്യത്തിന്റെ പ്രതിനിധികളായതിനാല്‍ തന്നെ ഇസ്രഈല്‍ എന്ന രാഷ്ട്രമാണ് വംശഹത്യയ്ക്ക് ഉത്തരവാദി. അതുകൊണ്ട് വംശഹത്യ നടത്തിയത് ഇസ്രഈലാണെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റുമെന്നും നവി പിള്ള നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇസ്രഈല്‍ ഈ റിപ്പോര്‍ട്ടിനെ പൂര്‍ണമായും തള്ളി. ഹമാസ് വക്താക്കളാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നായിരുന്നു ഇവരുടെ വാദം.

ഈ റിപ്പോര്‍ട്ട് ഹമാസിന്റെ വ്യാജപ്രചാരണങ്ങളെയും വളച്ചൊടിച്ച വസ്തുതകളെയും അടിസ്ഥാനമാക്കിയുള്ളതാണ്. യു.എന്‍ കമ്മീഷനും തെറ്റായ കാര്യം ആവര്‍ത്തിച്ച് പ്രചരിപ്പിക്കുകയാണെന്നും ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി.

യു.എന്‍ റിപ്പോര്‍ട്ടിനെ ജനീവയിലെ ഇസ്രഈല്‍ അംബാസഡര്‍ ഡാനിയേല്‍ മെറോണും തള്ളിയിരുന്നു. വംശഹത്യയെന്ന റിപ്പോര്‍ട്ട് വ്യാജമെന്നും അപമാനകരമെന്നുമായിരുന്നു റിപ്പോര്‍ട്ടിനെ അപലപിച്ചുകൊണ്ട് ഇസ്രഈല്‍ അംബാസഡര്‍ പ്രതികരിച്ചത്.

Content Highlight: Former chairwoman of the UN Human Rights Commission, Navi Pillay, has said that India’s transfer of arms to Israel would create a shameful situation.

We use cookies to give you the best possible experience. Learn more