| Saturday, 7th November 2026, 10:43 am

എസ്.ഐ.ആര്‍ ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ നിയമസാധുത ഇല്ലാതാക്കി: മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ദേവിക ജയചന്ദ്രന്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് നിയമപരമായി സാധുവായിരുന്നില്ലെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷി. തെരഞ്ഞെടുപ്പ് കമ്മീഷനിലെ തീരുമാനങ്ങള്‍ ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ നടന്ന ഹാഷിം അബ്ദുള്‍ ഹലീം മെമ്മോറിയല്‍ ലെക്ചറില്‍ മുഖ്യപ്രഭാഷണം നടത്തവെയാണ് ഖുറേഷി പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെയും എസ്.ഐ.ആര്‍ നടപടിയേയും വിമര്‍ശിച്ചത്.

പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് നിയമപരമായി അസാധുവാണെന്നും സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കാര്യത്തില്‍ ശരിയായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ ചില ഭാഗങ്ങള്‍ സാധുവായിരുന്നിരിക്കാമെന്ന് പറഞ്ഞ ഖുറേഷി മുസ്‌ലിം വോട്ടര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ വോട്ടര്‍മാരെ പട്ടികയില്‍നിന്ന് സംശയാസ്പദമായി നീക്കം ചെയ്തിട്ടുണ്ടെന്ന ആരോപണമുള്ള ഇടങ്ങളില്‍ പുനപരിശോധന നടത്തണമെന്നും ആവശ്യമെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് കമ്മിഷനിലെ തീരുമാനങ്ങള്‍ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മാത്രമല്ല തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നും ചട്ടങ്ങള്‍ പ്രകാരം ഏകകണ്ഠമായ തീരുമാനങ്ങളാണ് ഉണ്ടാകേണ്ടതെന്നും ഖുറേഷി പറഞ്ഞു.

അതിന് കഴിയുന്നില്ലെങ്കില്‍ കമ്മിഷനിലെ മൂന്ന് അംഗങ്ങള്‍ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കണമെന്നും അതല്ലാതെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് ഒറ്റയ്ക്ക് കമ്മീഷന്റെ മുഴുവന്‍ അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വോട്ടവകാശം ലഭിക്കാന്‍ വോട്ടര്‍മാര്‍ യാചിക്കേണ്ട സാഹചര്യമുണ്ടാകരുതെന്നും ഖുറേഷി പറഞ്ഞു. മുന്‍കാലങ്ങളില്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഓരോരുത്തരുടെയും വീടുകളില്‍ എത്തിച്ചിരുന്നുവെന്നും വോട്ടര്‍പട്ടികയില്‍ ഇടംനേടാന്‍ ആരുമായും ചര്‍ച്ച നടത്തേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരത്വം സംബന്ധിച്ച പരിശോധനകള്‍ പിന്‍വാതിലിലൂടെ നടത്താനുള്ള മാര്‍ഗമായി എസ്.ഐ.ആര്‍ പ്രക്രിയ ഉപയോഗിച്ചെന്നും അദ്ദേഹം ആരോപിച്ചു.

എസ്.ഐ.ആറിനെപ്പറ്റി നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും സുപ്രീം കോടതിയുടെ പരിഗണനയിലുള്ള അവ വിധി വരുമ്പോള്‍ വ്യക്തമാകുമെന്നും ഖുറേഷി പറഞ്ഞു.

നിലവിലെ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ആറു മുതല്‍ ഏഴു മാസം വരെയായെന്നും ജനങ്ങള്‍ സര്‍ക്കാരില്‍ സംതൃപ്തരാണെന്നും വെള്ളിയാഴ്ച ഖുറേഷിയുടെ ആരോപണങ്ങളോട് പ്രതികരിച്ച പശ്ചിമ ബംഗാള്‍ മന്ത്രി ദിലീപ് ഘോഷ് പറഞ്ഞു. പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിനാലാകാം ചിലര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്നും ഘോഷ് പ്രതികരിച്ചു.

ജനവിധിയും ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരും അംഗീകരിക്കുകയാണ് വേണ്ടതെന്നും അല്ലാത്തപക്ഷം എതിര്‍ക്കുന്നവര്‍ക്ക് മുന്നിലുള്ള വഴി പ്രയാസകരമായിരിക്കുമെന്നും ദിലീപ് ഘോഷ് മുന്നറിയിപ്പ് നല്‍കി.

Content Highlight: Former CEC S.Y. Quraishi underlines role of majority in Election Commission decision-making.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more