ന്യൂദല്‍ഹി: വോട്ടര്‍ രജിസ്ട്രേഷന്‍ ഫോം 6ല്‍ വരുത്തിയ മാറ്റങ്ങള്‍ തെറ്റും നിയമവിരുദ്ധവുമാണെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്. എസ്.ഐ.ആര്‍ വിവാദത്തെക്കുറിച്ച് പ്രതികരിക്കവേയാണ് ഇതുപോലെ ഒന്ന് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സംഭവിച്ചിട്ടില്ലെന്നും ദൗര്‍ഭാഗ്യകരമാണെന്നും റാവത് മാധ്യമങ്ങളോട് പറഞ്ഞത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തങ്ങളുടെ അറിവില്ലാതെ തീരുമാനങ്ങളും ഉത്തരവുകളും പുറപ്പെടുവിച്ചിരുന്നു എന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും ഇതിനെ എതിര്‍ത്തിരുന്നു എന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടര്‍പട്ടിക ഡാറ്റാബേസിന് മേലുള്ള നിയന്ത്രണം കേന്ദ്രീകൃതമാക്കുന്നതിനെയും റാവത് വിമര്‍ശിച്ചു. ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ എടുക്കുന്ന തീരുമാനങ്ങളെ മറികടക്കാന്‍ വോട്ടര്‍ പട്ടികയ്ക്കായി ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിനെ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.ആറിനെക്കുറിച്ച് ഇതിനകം തന്നെ ചോദ്യമുയര്‍ന്ന സാഹചര്യത്തില്‍ ഇതുപോലൊരു റിപ്പോര്‍ട്ട് ഇലക്ഷന്‍ കമ്മീഷനിലുള്ള പൊതുജനവിശ്വാസത്തെ ദുര്‍ബലപ്പെടുത്താന്‍ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1960ലെ വോട്ടര്‍ രജിസ്ട്രേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താതെ നിയമപരമായി ഫോം 6ല്‍ മാറ്റം വരുത്താനാവില്ല എന്ന് കമ്മീഷണര്‍മാര്‍ വാദിച്ചതിനാല്‍ അതിനെക്കുറിച്ചുളള എതിര്‍പ്പുകള്‍ പ്രത്യേകിച്ച് ഗൗരവമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
‘എസ്.ഐ.ആര്‍ വഴി ജനങ്ങളെ ഭയപ്പടുത്തുന്ന ഒരു ‘ഫ്രാങ്കൈന്‍സ്റ്റീനെ’ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൃഷ്ടിച്ചു, അത് ദൗര്‍ഭാഗ്യകരമാണ്’, റാവത് പറഞ്ഞു.
Content Highlight: Former CEC O P Rawat calls Form 6 changes ‘absolutely wrong and illegal’, flags ‘very serious’ EC difference