2025 വനിതാ ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ചരിത്ര വിജയമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും നേടിയത്. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ 52 റണ്‍സിനായിരുന്നു ഇന്ത്യ വിജയിച്ചത്.
ഇതോടെ ക്രിക്കറ്റ് ലോകത്തെ നിരവധി പേര്‍ ഇന്ത്യന്‍ താരങ്ങളെ പ്രശംസിച്ചിരുന്നു. ഇപ്പോള്‍ മുന്‍ ഇന്ത്യ വനിതാ ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമി ഹര്‍മന്‍പ്രീത് കൗറിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്.
36 കാരിയായ ഹര്‍മന്‍ പ്രീത്കൗറിന് 2029ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കണമെങ്കില്‍ ക്യാപ്റ്റന്‍സി കൈമാറുന്നത് പരിഗണിക്കാമെന്ന് മുന്‍ താരം പറഞ്ഞു. ക്യാപ്റ്റന്‍സി ഇല്ലാതെ ഒരു ബാറ്റര്‍ എന്ന നിലയില്‍ ഹര്‍മന് നന്നായി കളിക്കാന്‍ സാധിക്കുമെന്നും ശാന്ത രംഗസ്വാമി പറഞ്ഞു. മാത്രമല്ല സ്മൃതി മന്ഥാന എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിക്കണമെന്നും അവര്‍ പറഞ്ഞു.
‘അത് വളരെ വൈകിയാണ് സംഭവിച്ചത്. ബാറ്റര്‍, ഫീല്‍ഡര്‍ എന്ന നിലയില്‍ ഹര്‍മന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ അവള്‍ക്ക് പിഴയ്ക്കാറുണ്ട്. ലോകകപ്പ് വിജയത്തിനുശേഷം അവര്‍ സ്ഥാനം രാജിവച്ചാല്‍, അത് നിസാരമായി കാണില്ല, പക്ഷേ ടീമിന്റെയും സ്വന്തം താത്പര്യങ്ങളുടെയും കാര്യത്തില്‍ അവര്‍ ആ നീക്കം പരിഗണിക്കണം.
ക്യാപ്റ്റന്‍സി ഇല്ലാതെ ഒരു ബാറ്റര്‍ എന്ന നിലയില്‍ അവര്‍ക്ക് കൂടുതല്‍ സംഭാവന നല്‍കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. അവള്‍ക്ക് മൂന്ന് മുതല്‍ നാല് വര്‍ഷം കൂടി കളിക്കാന്‍ കഴിയും, ക്യാപ്റ്റനാകാതിരിക്കുന്നത് അവള്‍ക്ക് അത് ചെയ്യാന്‍ സഹായിക്കും. സ്മൃതി മന്ഥാന ഇന്ത്യയെ എല്ലാ ഫോര്‍മാറ്റുകളിലും നയിക്കണം. വരാനിരിക്കുന്ന ലോകകപ്പുകള്‍ക്കായി നിങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്,’ ശാന്ത രംഗസ്വാമി പി.ടി.ഐയേട് പറഞ്ഞു.
അതേസമയം ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റിന് 298 റണ്‍സെടുത്തിരുന്നു. ഇത് പിന്തുടര്‍ന്ന പ്രോട്ടിയാസ് 246 റണ്‍സില്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ച് അടിയറവ് പറയുകയായിരുന്നു. ഷെഫാലി വര്‍മയുടെയും ദീപ്തി ശര്‍മയുടെയും കരുത്തിലായിരുന്നു ഇന്ത്യയുടെ വിജയം.