| Friday, 1st August 2025, 11:30 am

നീതിയുടെ മരണം, മലേഗാവ് സ്‌ഫോടനത്തില്‍ പ്രഗ്യാ സിങ് ഠാക്കൂര്‍ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടതില്‍ മുന്‍ മുംബൈ ഹൈക്കോടതി ജഡ്ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ മുഖ്യപ്രതിയായ പ്രഗ്യാ സിങ് ഠാക്കൂര്‍ അടക്കം ഏഴ് പേരെയും എന്‍.ഐ.എ കോടതി വെറുതേവിട്ടത് ഞെട്ടലുളവാക്കുന്ന നടപടിയെന്ന് മുന്‍ മുംബൈ ഹൈക്കോടതി ജഡ്ജി ബി.ജി. കോള്‍സെ പാട്ടീല്‍. എല്ലാ പ്രതികളെയും വെറുതെ വിട്ട നടപടി നീതിയുടെ മരണമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വത്തിനുമേറ്റ പ്രഹരമാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു. വിധി പ്രസ്താവിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു കോള്‍സെ പാട്ടീല്‍. പ്രോസിക്യൂഷന്‍ മതിയായ തെളിവുകള്‍ ഹാജരാക്കിയിട്ടും പ്രതികളെ വെറുതേ വിടുകയാണെങ്കില്‍ അത് നീതിയുടെ മരണമാണെന്നേ താന്‍ പറയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആറ് പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്ത സംഭവമാണ് മലേഗാവ് സ്‌ഫോടനം. ആരും കുറ്റക്കാരല്ലെങ്കില്‍ സ്‌ഫോടനം തനിയെ നടന്നതാണോ? സ്‌ഫോടനത്തിന് ഉപയോഗിച്ച ബൈക്കിന്റെ ഉടമസ്ഥനെ കണ്ടെത്തിയതാണ്. പ്രതികള്‍ തമ്മില്‍ ഗൂഢാലോചന നടത്തിയതിന്റെ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്,’ പാട്ടീല്‍ പറഞ്ഞു.

ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള എ.ടി.എസ് സംഘം വളരെ സമഗ്രമായാണ് കേസ് അന്വേഷിച്ചതെന്നും അദ്ദേഹത്തിന്റെ മരണശേഷം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നെന്നും പാട്ടീല്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിനെ അട്ടിമറിക്കാനും ഭരണഘടനയുടെ നിലനില്‍പ് ഇല്ലാതാക്കാനും മനുസ്മൃതി കൊണ്ടുവരാനുമുള്ള ഗൂഢാലോചന നടന്നെന്നും കുറ്റപത്രത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇരകളുടെ കുടുംബം അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റ് ഇംതിയാസ് ജലീല്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും വിധിയെ ഗൗരവമായി കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും അല്ലെങ്കില്‍ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസിലെ പ്രതികളെ വെറുതേവിട്ട നടപടിയില്‍ അപ്പീലിന് പോയത് എന്തിനാണെന്ന ചോദ്യമുയരുമെന്നും ഇംതിയാസ് പറഞ്ഞു.

2008ലാണ് മുംബൈയിലെ മലേഗാവില്‍ സ്‌ഫോടനം നടന്നത്. മുന്‍ ബി.ജെ.പി എം.പി പ്രഗ്യാ സിങ് ഠാക്കൂര്‍ അടക്കം ഏഴ് പ്രതികളെ തെളിവില്ലെന്ന് പറഞ്ഞുകൊണ്ട് മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതി വെറുതെ വിടുകയായിരുന്നു. 17 വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന വിധിയില്‍ യു.എ.പി.എ, ആയുധ നിയമം എന്നിവ നിലനില്‍ക്കില്ലെന്നും പറയുന്നു.

Content Highlight: Former Bombay High Court Judge comment that death of justice after hearing the Malegaon blast case verdict

We use cookies to give you the best possible experience. Learn more