| Monday, 27th October 2025, 10:19 pm

'പത്ത് മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ടുവന്നാല്‍ ഹിന്ദു യുവാക്കള്‍ക്ക് ജോലി' വിദ്വേഷ പരാമര്‍ശവുമായി മുന്‍ ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ടുവന്നാല്‍ ഹിന്ദു യുവാക്കള്‍ക്ക് നല്ല ശമ്പളമുള്ള ജോലി നൽകുമെന്ന് ഉത്തർപ്രദേശിലെ മുന്‍ ബി.ജെ.പി എം.എല്‍.എ രാഘവേന്ദ്ര പ്രതാപ് സിങ്.

ഇതിന് എത്ര യുവാക്കള്‍ തയ്യാറാണെന്നും രാഘവേന്ദ്ര ചോദിച്ചു. സിദ്ധാര്‍ത്ഥ് നഗറില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മുന്‍ എം.എല്‍.എയുടെ ആഹ്വാനം വിവാദമായത്. ജയ് ശ്രീറാം വിളികളോടുകൂടിയാണ് രാഘവേന്ദ്രയുടെ വിദ്വേഷ പരാമര്‍ശത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റെടുത്തതെന്ന് ഈ വീഡിയോകളില്‍ കാണാം.

പത്ത് മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ടുവരൂ, വിവാഹം നടത്തിത്തരാന്‍ സഹായിക്കാമെന്നും രാഘവേന്ദ്ര പറയുന്നുണ്ട്. മുസ്‌ലിം സ്ത്രീകളെ കൊണ്ടുവരുന്നവര്‍ക്ക് ദിവസേനയുള്ള ഭക്ഷണത്തിനും ചെലവുകള്‍ക്കും പണം ലഭിക്കുന്ന ഒരു ജോലിയാണ് ബി.ജെ.പി നേതാവ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

മുന്‍ ബി.ജെ.പി എം.എല്‍.എയുടേത് ലജ്ജാകരമായ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് യു.പി നേതൃത്വം പറഞ്ഞു. തൊഴില്‍രഹിതരായ യുവാക്കളെ തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള പരാമര്‍ശമാണ് രാഘവേന്ദ്ര നടത്തിയിരിക്കുന്നതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. പരാമര്‍ശം തട്ടിക്കൊണ്ടുപോകലിനുള്ള ആഹ്വാനവും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള പ്രേരണയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

‘മതത്തിന്റെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുക, സമൂഹത്തെ വിഭജിക്കുക, തൊഴിലില്ലാത്ത യുവാക്കളെ തെറ്റിദ്ധരിപ്പിക്കുക ഇതെല്ലാമാണ് ബി.ജെ.പിയുടെ യഥാര്‍ത്ഥ രാഷ്ട്രീയം,’ യു.പി കോണ്‍ഗ്രസ് എക്സില്‍ കുറിച്ചു.

സംഭവത്തില്‍ പ്രതികരിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്ങും രംഗത്തെത്തി. ഇത്തരത്തിലുള്ള ആഹ്വാനങ്ങള്‍ യുവാക്കളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുമെന്ന് സഞ്ജയ് സിങ് ചൂണ്ടിക്കാട്ടി. രാഘവേന്ദ്രക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നും സഞ്ജയ് സിങ് ആവശ്യപ്പെട്ടു.

വിദ്വേഷ പരാമര്‍ശത്തില്‍ രാഘവേന്ദ്രയ്ക്കും യു.പിയിലെ ബി.ജെ.പി സര്‍ക്കാരിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെയും എക്‌സ് ഉപയോക്താക്കള്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

‘ജോലിയും വിവാഹവും ഉറപ്പുനല്‍കി ഹിന്ദു പുരുഷന്മാരോട് 10 മുസ്‌ലിം സ്ത്രീകളെ കൊണ്ടുവരാന്‍ ബി.ജെ.പി നേതാവ് പരസ്യമായി ആവശ്യപ്പെടുന്നു. ഇത് നിങ്ങളുടെ മനസാക്ഷിയെ ഉലയ്ക്കുന്നില്ലെങ്കില്‍, നിങ്ങള്‍ ജനാധിപത്യത്തിലല്ല ജീവിക്കുന്നത്, ഒരു ആരാധനാക്രമത്തിന് കീഴിലാണ്,’ ഒരാള്‍ എക്സില്‍ പ്രതികരിച്ചു.

Content Highlight: Former BJP MLA offers well-paid jobs to Hindu youth if they bring Muslim girls to UP

We use cookies to give you the best possible experience. Learn more