| Sunday, 16th August 2026, 5:22 pm

വളരെ വിനയമുള്ള വ്യക്തിയാണവന്‍; മലയാളി താരത്തെ പ്രശംസിച്ച് ഡി വില്ലിയേഴ്‌സ്

ശ്രീരാഗ് പാറക്കല്‍

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരം ദേവ്ദത്ത് പടിക്കല്‍ കാഴ്ചവെച്ചത്. ഇതിന് പിന്നാലെ മലയാളി കൂടിയായ ദേവ്ദത്ത് പടിക്കലുമൊത്ത് ഒരുമിച്ച് കളിച്ച അനുഭവം പങ്കുവെച്ച് മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം എ.ബി ഡി വില്ലിയേഴ്‌സ്. ഐ.പി.എല്ലില്‍ റോയല്‍ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി ഒരുമിച്ച് കളിക്കുമ്പോഴുള്ള ഓര്‍മകള്‍ പങ്കുവെക്കുകയായിരുന്നു ഡി വില്ലിയേഴ്‌സ്. പടിക്കലിനൊപ്പം ബാറ്റ് ചെയ്യുന്നത് താന്‍ ആസ്വദിച്ചിരുന്നെന്നും ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ മടികാണിക്കാത്ത താരമാണ് പടിക്കലെന്നും അദ്ദേഹം പറഞ്ഞു.

ഡി വില്ലിയേഴ്‌സും പടിക്കലും ആര്‍.സി.ബിക്ക് വേണ്ടി കളിക്കുന്നതിനിടയില്‍

‘2020ലും 2021ലും ഒരുമിച്ച് കളിച്ചിരുന്ന സമയത്ത് അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്യുന്നത് എനിക്ക് ഏറെ ഇഷ്ടമായിരുന്നു, കാരണം അദ്ദേഹം ഇടംകൈയന്‍ ബാറ്ററാണ്. ഉയരമുള്ള താരമായ അദ്ദേഹം ഷോര്‍ട്ട് ബോളുകള്‍ വളരെ നന്നായി കളിക്കും. ഷോര്‍ട്ട് പിച്ച് ഡെലിവറികള്‍ക്കെതിരെ മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന ഇന്ത്യയുടെ പുതിയ തലമുറയിലെ ബാറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം.

പടിക്കലിനൊപ്പവും ബാറ്റ് ചെയ്യുന്നത് ഞാന്‍ ആസ്വദിച്ചിരുന്നു. അദ്ദേഹത്തിന്റെ മനോഭാവം ശാന്തവും സമചിത്തവുമായിരുന്നു. വളരെ വിനയമുള്ള വ്യക്തിയാണവന്‍. ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ അദ്ദേഹം എപ്പോഴും തയ്യാറായിരുന്നു. ഞാന്‍ പറയുന്നത് അവഗണിച്ച് മുഖം തിരിക്കുന്ന തരത്തിലുള്ള ഒരാളായിരുന്നില്ല അദ്ദേഹം.

ഞങ്ങള്‍ രണ്ടുപേരും മധ്യത്തില്‍ നിന്ന് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. ഓരോ നീക്കങ്ങളും കൃത്യമായി ആസൂത്രണം ചെയ്താണ് മുന്നോട്ടുപോയിരുന്നത്. ഞങ്ങള്‍ ഇടംകൈ-വലംകൈ കൂട്ടുകെട്ടായിരുന്നതിനാല്‍ സ്‌ട്രൈക്ക് നിരന്തരം കൈമാറിക്കൊണ്ട് ചില ബൗളര്‍മാര്‍ക്കെതിരെ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞു.

ദേവ്ദത്ത് പടിക്കല്‍

ഏത് ബൗളറെയാണ് ലക്ഷ്യമിടാന്‍ ആഗ്രഹിക്കുന്നതെന്ന് ദേവ്ദത്ത് എന്നോട് പറയുമായിരുന്നു. അതുപോലെ ഞാനും എന്റെ ലക്ഷ്യങ്ങള്‍ അദ്ദേഹത്തോട് പറയുമായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ തമ്മിലുള്ള കൂട്ടുകെട്ട് കെട്ടിപ്പടുത്തത്,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.

അതേസമയം ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ഗല്ലെയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിലവില്‍ രണ്ടാം ദിനത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 413 (106 ഓവര്‍) റണ്‍സാണ് നേടിയത്. നിലവില്‍ ക്രീസിലുള്ളത് ധ്രുവ് ജുറേലും (42) മാനവ് സുതറുമാണ് (11).

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് നടത്തിയത് മൂന്നാം നമ്പറില്‍ ഇറങ്ങിയ സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലാണ്. സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. 230 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും 15 ഫോറും ഉള്‍പ്പെടെ 167 റണ്‍സ് നേടിയാണ് താരം കൂടാരം കയറിയത്. പടിക്കലിന്റെ കരിയറിലെ ആദ്യ സെഞ്ച്വറിയാണിത്.

Content Highlight: Former Bengaluru Player A.B De Villiers Praises Devdutt Padikkal

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more