| Wednesday, 11th November 2026, 9:15 pm

ഞങ്ങള്‍ക്ക് നിന്നില്‍ വിശ്വാസമുണ്ട്, നീ കളിക്കാന്‍ പോകുകയാണ്; മെസിയുടെ വാക്കുകളെക്കുറിച്ച് ബ്രസീലിയന്‍ താരം മാല്‍ക്കം

ശ്രീരാഗ് പാറക്കല്‍

ലയണല്‍ മെസിക്കൊപ്പം ബാഴ്‌സലോണയില്‍ ചെലവഴിച്ച ഒരു വര്‍ഷത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് ബ്രസീലിയന്‍ താരം മാല്‍ക്കം. ബാഴ്‌സലോണയില്‍ തുടരാന്‍ മെസി ആവശ്യപ്പെട്ടിരുന്നെങ്കിലും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനായി ക്ലബ്ബ് വിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മാല്‍ക്കം പറഞ്ഞു. റയല്‍ മാഡ്രിഡിനെതിരായ എല്‍ ക്ലാസിക്കോയില്‍ കളിക്കാനും ഗോള്‍ നേടാനും മെസിയുടെ പ്രോത്സാഹനം സഹായിച്ചെന്നും താരം ഓര്‍ത്തെടുത്തു.

മെസിക്കൊപ്പം ഒരു വര്‍ഷം ചെലവഴിച്ച അനുഭവം അവിശ്വസനീയമായിരുന്നുവെന്ന് പറഞ്ഞ മാല്‍ക്കം പറഞ്ഞു. തനിക്ക് മെസിയില്‍നിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നുവെന്നും ബ്രസീലിയന്‍ താരം വ്യക്തമാക്കി. റഷ്യയിലേക്ക് പോകാന്‍ തീരുമാനിച്ച സമയത്തുപോലും മെസി തന്റെ അടുത്തെത്തി ഭാവിയില്‍ വലിയ താരമായി മാറാന്‍ കഴിവുള്ള കളിക്കാരനാണ് താനെന്ന് പറഞ്ഞിരുന്നു. എ.ഡി. സ്പോര്‍ട്സുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘യൂറോപ്പിലെ പ്രൊഫഷണല്‍ ഫുട്‌ബോളിന്റെ അനുഭവം സ്വന്തമാക്കാനായിരുന്നു എന്റെ ശ്രമം. കളിക്കാനും കൂടുതല്‍ അനുഭവസമ്പത്ത് നേടാനും ഞാന്‍ ആഗ്രഹിച്ചു. ബാഴ്‌സലോണയില്‍ തുടരാനും ക്ലബ്ബിന്റെ ഭാവിയുടെ ഭാഗമാകാനും മെസി എന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്റെ കഴിവ് തെളിയിക്കാനും ഫുട്ബോളില്‍ എനിക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് കാണിച്ചുകൊടുക്കാനുമായിരുന്നു ആഗ്രഹം.

ബാഴ്‌സലോണയില്‍ ചെലവഴിച്ച ഒരു വര്‍ഷം അവിശ്വസനീയമായിരുന്നു. മെസിയില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ എനിക്ക് സാധിച്ചു. എനിക്കുവേണ്ടി അദ്ദേഹം ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. എപ്പോഴും സംസാരിക്കുകയും പ്രോത്സാഹിപ്പിക്കുകയും പ്രചോദനം നല്‍കുകയും ചെയ്തിരുന്നു അദ്ദേഹം.

റയല്‍ മാഡ്രിഡിനെതിരായ എല്‍ ക്ലാസിക്കോയ്ക്ക് മുമ്പ് മെസി പറഞ്ഞ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നു. ‘ഞങ്ങള്‍ക്ക് നിന്നില്‍ വിശ്വാസമുണ്ട്. തയ്യാറായിക്കൊള്ളൂ, നീ കളിക്കാന്‍ പോകുകയാണ്.’

ആ അവസരത്തിനായി ഞാന്‍ എപ്പോഴും തയ്യാറായിരുന്നു. ആദ്യ ഇലവനില്‍ ഇടം നേടാനും ആഗ്രഹിച്ചിരുന്നു. മെസി തുടര്‍ച്ചയായി എനിക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കി. അങ്ങനെ റയല്‍ മാഡ്രിഡിനെതിരായ എല്‍ ക്ലാസിക്കോയില്‍ കളിക്കാനും ഗോള്‍ നേടാനും എനിക്ക് സാധിച്ചു.

എന്നെ സംബന്ധിച്ചിടത്തോളം അതെല്ലാം അസാധാരണമായ നിമിഷങ്ങളായിരുന്നു. ആ അനുഭവം വിവരിക്കാന്‍ വാക്കുകള്‍ മതിയാകില്ല. ബാഴ്‌സലോണയിലെ ആ മനോഹരമായ വര്‍ഷം ഒരിക്കലും മറക്കില്ല,’ മാല്‍ക്കം പറഞ്ഞു.

2018ലാണ് ഫ്രഞ്ച് ക്ലബ്ബായ ബോര്‍ഡോയില്‍നിന്ന് മാല്‍ക്കം ബാഴ്‌സലോണയിലെത്തുന്നത്. 2018-19 സീസണില്‍ മെസിക്കൊപ്പം കളിച്ച താരം 24 മത്സരങ്ങളില്‍ ബാഴ്‌സലോണയുടെ ജേഴ്‌സിയണിഞ്ഞു. നാല് ഗോളുകളും നേടി. 2019ല്‍ റഷ്യന്‍ ക്ലബ്ബായ സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്കായിരുന്നു മാല്‍ക്കത്തിന്റെ കൂടുമാറ്റം.

Content Highlight: Former Barcelona player Malcom shares memories of Lionel Messi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more