| Tuesday, 8th July 2025, 6:34 pm

അവന്‍ മെസിയേക്കാളേറെ ബാലണ്‍ ഡി ഓര്‍ നേടും; വ്യക്തമാക്കി മുന്‍ ബാഴ്‌സ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്‌സലോണയുടെ സ്പാനിഷ് യുവതാരം ലാമിന്‍ യമാലിന് ഇതിഹാസ താരവും ബാഴ്‌സ ലെജന്‍ഡുമായ ലയണല്‍ മെസിയെ മറികടക്കാന്‍ സാധിക്കുമെന്ന് മുന്‍ താരം ഇമ്മാനുവല്‍ പെറ്റിറ്റ്. മെസി കരിയറില്‍ എട്ട് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളാണ് നേടിയതെന്നും ഈ നേട്ടം മറികടക്കാന്‍ 17കാരന് കഴിയുമെന്ന് വിശ്വസിക്കുന്നതായും പെറ്റിറ്റ് പറഞ്ഞു.

എസ്‌കേപിറ്റിസ്റ്റ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് പെറ്റിറ്റ് ഇക്കാര്യം പറയുന്നത്. നിലവില്‍ മെസിയുടെ ഐക്കോണിക് പത്താം നമ്പര്‍ ജേഴ്‌സി ധരിക്കാന്‍ സാധ്യത കല്‍പ്പിക്കുന്ന യമാല്‍ താരത്തിന്റെ നേട്ടങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കുമെന്നും പെറ്റിറ്റ് അഭിപ്രായപ്പെട്ടു.

‘എനിക്ക് തോന്നുന്നത് ലാമിന്‍ യമാല്‍ മെസിയെ പോലെ ആകാന്‍ ശ്രമിക്കുന്നുവെന്നാണ്, ഒരുപരിധിവരെ ഈ കാരണം കൊണ്ടായിരിക്കാം അവന്‍ പത്താം നമ്പര്‍ ജേഴ്‌സി ആവശ്യപ്പെട്ടത്.

അവന്‍ റൈറ്റ് വിങ് പൊസിഷനിലാണ് കളിക്കുന്നത്, അവനും മെസിയുമായി ചില സാമ്യതകളുമുണ്ട്. ബാഴ്‌സലോണയെ സംബന്ധിച്ച് പത്താം നമ്പര്‍ ജേഴ്‌സി ഏറെ സ്‌പെഷ്യലാണ്. ഇതിനൊപ്പം തന്നെ ബാലണ്‍ ഡി ഓര്‍ പോരാട്ടങ്ങളിലും അവന്റെ സാന്നിധ്യമുണ്ടാകും.

എനിക്ക് തോന്നുന്നത് ബാലണ്‍ ഡി ഓര്‍ തന്നെയാകും അവന്‍ പത്താം നമ്പര്‍ ജേഴ്‌സി ആവശ്യപ്പെടാനുള്ള പ്രധാന കാരണം. അവന് 17 വയസ് മാത്രമാണ് പ്രായം, ഇപ്പോള്‍ തന്നെ അവന്‍ അതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. അവനൊരു മികച്ച ഫുട്‌ബോളറാണ്.

അവന്റെ പ്രായത്തില്‍ ഇത്രത്തോളം മികച്ച ഒരു ഫുട്‌ബോളറുടെ പേര് പറയാന്‍ ആവശ്യപ്പെട്ടാല്‍ എനിക്ക് അതിന് സാധിക്കില്ല. ഓരോ തവണയും അവന്‍ പന്ത് ടച്ച് ചെയ്യുമ്പോഴും എന്തെങ്കിലുമൊക്കെ അവിടെ സംഭവിക്കുന്നു. അവന് 28 വയസാണെന്നും തന്റെ പ്രൈം ടൈമിലാണെന്നും നിങ്ങള്‍ക്ക് തോന്നും,’ പെറ്റിറ്റ് പറഞ്ഞു.

‘പ്ലേ സ്‌റ്റേഷന്‍ ഗെയിം എന്ന പോലെയാണ് അവന്‍ താരങ്ങളെ മറികടന്ന് മുന്നോട്ടുകുതിക്കുന്നത്. ഡിഫന്‍ഡര്‍മാരെ അവന്‍ വെറും കാഴ്ചക്കാരാക്കുകയാണ്.

അവന് മികച്ച കഴിവുകളുണ്ട്. അവന് മെസിയേക്കാള്‍ മികച്ചതാകാനും സാധിക്കും. മെസി എട്ട് ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയിട്ടുണ്ട്. മെസിയുടെ ഈ നേട്ടം തകര്‍ക്കാന്‍ അവന് പ്രചോദനമുണ്ടാകും. കളത്തില്‍ അവനെ കാണുന്നത് തന്നെ ഏറെ സന്തോഷകരമാണ്,’ പെറ്റിറ്റ് പറഞ്ഞു.

കറ്റാലന്‍മാരുടെ പടകുടീരത്തില്‍ നിന്നും മെസി പടിയിറങ്ങിയതിന് പിന്നാലെ അന്‍സു ഫാറ്റിയാണ് ബാഴ്‌സയുടെ പത്താം നമ്പര്‍ ജേഴ്‌സി ധരിച്ചത്. എന്നാല്‍ താരം ലോണില്‍ മൊണാക്കോയിലെത്തിയതോടെ പത്താം നമ്പര്‍ ലാമിന്‍ യമാലിന് ലഭിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

കഴിഞ്ഞ ബാലണ്‍ ഡി ഓര്‍ വേദിയില്‍ ഏറ്റവും മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി നേടിയ ലാമിന്‍ യമാല്‍ ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ നേടാന്‍ സാധ്യത കല്‍പ്പിക്കുന്നവരില്‍ പ്രധാനിയാണ്.

കോപ്പ ട്രോഫിയുമായി ലാമിന്‍ യമാല്‍

സീസണില്‍ ബാഴ്‌സലോണ നേടിയ ഡൊമസ്റ്റിക് ട്രബിളില്‍ യമാലിന്റെ പങ്ക് ഏറെ വലുതായിരുന്നു. പി.എസ്.ജി സൂപ്പര്‍ താരം ഒസ്മാനെ ഡെംബലയില്‍ നിന്നുമാണ് താരം ഏറ്റവും വലിയ മത്സരം നേരിടുന്നത്.

Content Highlight: Former Barcelona player Emmanuel Petit says Lamine Yamal will surpass Lionel Messi in Ballon de Or

We use cookies to give you the best possible experience. Learn more