ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ചെയര്‍പേഴ്‌സണുമായ ഖാലിദ സിയ (80) അന്തരിച്ചു. ഇന്ന് (ചൊവ്വ) രാവിലെ ആറുമണിയോടെ ധാക്കയിലെ എവർകെയർ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.
കഴിഞ്ഞ 36 ദിവസമായി ഖാലിദ സിയ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ഡിസംബര്‍ 11 മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
ഹൃദയത്തിലും ശ്വാസകോശത്തിലും ഉണ്ടായ അണുബാധയെ തുടര്‍ന്നാണ് സിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ നവംബര്‍ 23ന് സിയയെ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
ഖാലിദ സിയയുടെ മരണം സ്ഥിരീകരിച്ചതായി ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി പ്രസ്താവനയിലൂടെ അറിയിച്ചു. ബംഗ്ലാദേശ്, യു.കെ, യു.എസ്, ചൈന, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് സിയയുടെ ചികിത്സ തുടര്‍ന്നിരുന്നത്.
ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു ഖാലിദ സിയ. 1991 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും പ്രധാനമന്ത്രി പദവി വഹിച്ചു. മുന്‍ പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ഷെയ്ഖ ഹസീനയെ പരാജയപ്പെടുത്തിയാണ് 1991ല്‍ ഖാലിദ സിയ ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായത്.
ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ സിയാവുര്‍ റഹ്‌മാന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഖാലിദ സിയ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്.
2004ല്‍ ഫോബ്‌സ് മാസികയുടെ ലോകത്തെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയില്‍ ഖാലിദ സിയ ഉള്‍പ്പെട്ടിരുന്നു. 14ാം സ്ഥാനമായിരുന്നു. 2005ല്‍ 29ാം സ്ഥാനത്തും, 2006ല്‍ 33ാം സ്ഥാനത്തും ഇടംപിടിച്ചിരുന്നു.
Content Highlight: Former Bangladesh Prime Minister Khaleda Zia passed away