| Tuesday, 6th January 2026, 8:00 am

ഐ.പി.എല്ലിന്റെ ലോഗോയും മാറ്റേണ്ടി വരുമോ? ബി.സി.സി.ഐയെ കാത്തിരിക്കുന്നത് എട്ടിന്റെ പണി!

ശ്രീരാഗ് പാറക്കല്‍

ബംഗ്ലാദേശ് സൂപ്പര്‍ താരം മുസ്തഫിസൂറിനെ ഐ.പി.എല്ലില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുകയാണ്. ബി.സി.സി.ഐ ഐ.പി.എല്ലിന് ഉപയോഗിച്ച ലോഗോ മാറ്റണമെന്നാണ് ബംഗ്ലാദേശിന്റെ പുതിയ ആവശ്യം.

2007ലെ ലോകകപ്പില്‍ ബംഗ്ലാദേശ് താരം മഷ്‌റഫീ മൊര്‍ത്താസ കളിച്ച ഒരു ക്രിക്കറ്റ് ഷോട്ടാണ് ഇന്ത്യ ഐ.പി.എല്‍ ലോഗോയ്ക്ക് വേണ്ടി ഉപയോഗിച്ചതെന്നാണ് ആരോപണം. ‘ബി.സി.സി.ഐ മുസ്തഫിസൂറിനെ ഔഴിവാക്കിയത് പോലെ മഷ്‌റഫീ മുര്‍ത്താസിന്റെ ഷോട്ടില്‍ പ്രചോദനം കൊണ്ട ഐ.പി.എല്‍ ലോഗോയും ഒഴിവാക്കണം’ എന്നാണ് മുന്‍ ബംഗ്ലാദേശ് താരം ജുനൈദ് ഖാന്‍ ഇതിനെതിരെ പ്രതികരിച്ചത്.

മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളില്‍ മഷ്‌റഫീ മുര്‍ത്താസ് 2007ല്‍ കളിച്ച ഷോട്ടും അതിനോട് സാമ്യമുള്ള ഐ.പി.എല്‍ ലോഗോയും താരതമ്യപ്പെടുത്തി ചര്‍ച്ചകളും വിമര്‍ശനങ്ങളും നടക്കുന്നുണ്ട്.

എന്നാല്‍ ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി ബാറ്റ് ചെയ്യുന്നതിനിടയില്‍ പ്രോട്ടിയാസ് ഇതിഹാസം എ.ബി. ഡിവില്ലിയേഴ്‌സിന്റെ ഷോട്ടുമായി ചിലര്‍ ഐ.പി.എല്‍ ലോഗോ നേരത്തെ താരതമ്യപ്പെടുത്തിയിരുന്നു.

മാത്രമല്ല മുസ്തഫിസൂറിനെ ഐ.പി.എല്ലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംപ്രേക്ഷണം ചെയ്യുന്നതിന് ബംഗ്ലാദേശില്‍ അനിശ്ചിതകാലത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ബംഗ്ലാദേശില്‍ ഹിന്ദു യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസും ഹിന്ദുത്വ വാദികളും മുസ്തഫിസുറിനെ ഐ.പി.എല്ലില്‍ നിന്ന് ഒഴിവാക്കാണമെന്ന് ആരോപിച്ചതിന് പിന്നാലെയായിരുന്നു ബി.സി.സി.ഐയുടെ നടപടി.

എന്നാല്‍ ബി.സി.സി.ഐ ഉന്നയിച്ച കാരണങ്ങള്‍ യുക്തിസഹമല്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ ആരോപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ തീരുമാനം ബംഗ്ലാദേശിലെ ജനങ്ങളെ ‘വേദനിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തെന്ന് മന്ത്രാലയം വ്യക്തമാക്കി.

ജനങ്ങളുടെ വികാരം കണക്കിലെടുത്ത് ഐ.പി.എല്‍ മത്സരങ്ങളോ അതുമായി ബന്ധപ്പെട്ട പരിപാടികളോ രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ടി-20 ലോകകപ്പ് കളിക്കാന്‍ താത്പര്യമില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിയെ അറിയിച്ചിരുന്നു.

സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാന്‍ താത്പര്യമില്ലെന്നും ഇന്ത്യയില്‍ നിശ്ചയിക്കപ്പെട്ട മത്സരങ്ങള്‍ നിഷ്പക്ഷവേദിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഐ.സി.സിക്ക് കത്തയച്ചിരുന്നു. ഇതിനുപിന്നാലെ ഐ.സി.സി ലോകകപ്പിന് പുതിയ ഷെഡ്യൂള്‍ തയാറാക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദി ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

Content Highlight: Former Bangladesh player demands BCCI change IPL logo

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more