ബംഗ്ലാദേശ് പുരുഷ ടീമിന്റെ ഫാസ്റ്റ് ബൗളിങ് പരിശീലകനായി ചുമതലയേറ്റ് മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഷോണ്‍ ടൈറ്റ്. 2027 നവംബര്‍ വരെയാണ് ബംഗ്ലാദേശുമായി അദ്ദേഹം കരാറിലെത്തിയിരിക്കുന്നത്. 2027 ഏകദിന ലോകകപ്പിലടക്കം ബംഗ്ലാ കടുവകള്‍ക്ക് ഓസ്‌ട്രേലിയന്‍ സ്പീഡ് ഗണ്ണിന്റെ സേവനം ലഭ്യമായേക്കും.
2007ല്‍ ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് സ്വന്തമാക്കിയ ടീമിലെ അംഗമാണ് ഷോണ്‍ ടൈറ്റ്. കങ്കാരുക്കള്‍ക്കായി 59 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരം 95 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
2024 മുതല്‍ ടീമിന്റെ ഫാസ്റ്റ് ബൗളിങ് കോച്ചായ ആന്ദ്രേ ആദംസിന് പകരക്കാരനായാണ് ഷോണ്‍ ടൈറ്റ് ചുമതലയേറ്റിരിക്കുന്നത്.
നേരത്തെ പാകിസ്ഥാന്‍ അടക്കമുള്ള ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിനാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡമായും സാഹചര്യങ്ങളുമായും ഏറെ പരിചയം ടൈറ്റിനുണ്ട്. ഈ മാസത്തിന് ശേഷം ഷോണ്‍ ടൈറ്റ് ബംഗ്ലാദേശിനൊപ്പം ചേരും.
പ്രധാന പരിശീലകന്‍ ഫില്‍ സിമ്മണ്‍സിനും മറ്റ് കോച്ചിങ് സ്റ്റാഫുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ ഏറെ ആവേശഭരിതനാണെന്ന് ഷോണ്‍ ടൈറ്റിനെ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളെ ഷോണ്‍ ടൈറ്റ് പരിശീലിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ചാറ്റോഗ്രാം ടൈഗേഴ്‌സിന്റെ പരിശീലകനായും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
2024 ടി-20 ലോകകപ്പിലും 2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലും ടീമിന്റെ മോശം പ്രകടനമാണ് ആന്ദ്രേ ആദംസിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. ആദംസിന് പകരക്കാനായി ചുമതലയേല്‍ക്കുമ്പോള്‍ വലിയ ലക്ഷ്യങ്ങളും ടൈറ്റിനുണ്ട്. 2026 ടി-20 ലോകകപ്പും 2027 ഏകദിന ലോകകപ്പുമായിരിക്കും താരത്തിന്റെ പ്രധാന അസൈന്‍മെന്റ്.
Content Highlight: Former Australian pacer Shaun Tait appointed as Bangladesh’s fast bowling coach