| Friday, 16th October 2026, 11:44 am

സഞ്ജുവോ അഭിഷേകോ അല്ല, വൈഭവിനെ കളിപ്പിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ആ മാറ്റം വരുത്തില്ലെന്ന് മുന്‍ പരിശീലകന്‍

ആദർശ് എം.കെ.

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ അവസാന മത്സരത്തില്‍ സൂപ്പര്‍ താരം വൈഭവ് സൂര്യവംശി പ്ലെയിങ് ഇലവന്റെ ഭാഗമാകാന്‍ ആഗ്രഹമുണ്ടെന്ന് മുന്‍ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍. വൈഭവ് ഓപ്പണറായി തന്നെ ടീമിലുണ്ടാകണമെന്നും, താരത്തിന്റെ പൊസിഷന്‍ മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കരുതെന്നും അഭിഷേക് നായര്‍ പറഞ്ഞു.

ജിയോ ഹോട്ട്‌സ്റ്റാറിലെ ‘ഗെയിം പ്ലാനി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിഷേക് നായര്‍

‘എനിക്ക് അങ്ങനെ ചെയ്യാന്‍ താത്പര്യമുണ്ട്. വൈഭവ് സൂര്യവംശിയെ നിങ്ങള്‍ മറ്റൊരു പൊസിഷനില്‍ കളിപ്പിക്കാനാണോ ഉദ്ദേശിക്കുന്നത്? വൈഭവ് സൂര്യവംശി കളിക്കുന്നുണ്ടെങ്കില്‍ അത് അവന്റെ ശക്തമായ പൊസിഷനില്‍ തന്നെ, ഓപ്പണിങ്ങില്‍ തന്നെ വേണം,’ അഭിഷേക് നായര്‍ പറഞ്ഞു.

വൈഭവ് സൂര്യവംശി. Photo: BCCI/x.com

വൈഭവിനെ ടീമിന്റെ ഭാഗമായി ഉള്‍പ്പെടുത്തുന്നതിനായി ഇഷാന്‍ കിഷനെ മൂന്നാം നമ്പറില്‍ നിന്നും ഡീമോട്ട് ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വൈഭവ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍, മൂന്നാം നമ്പറില്‍, ആ സ്ഥാനത്തെ ഏറ്റവും ശക്തനായ താരം തന്നെ കളിക്കണം. എനിക്ക് എത്രത്തോളം ആഗ്രഹമുണ്ടെങ്കിലും, വൈഭവിനെ ബെംഗളൂരുവില്‍ കാണാന്‍ അതിതായ താത്പര്യമുണ്ടെങ്കിലും ഞാന്‍ ബൗളിങ്ങില്‍ മാത്രമാണ് മാറ്റങ്ങള്‍ വരുത്തുക, ഒരിക്കലും ബാറ്റിങ്ങിലല്ല,’ അഭിഷേക് നായര്‍ ചൂണ്ടിക്കാട്ടി.

ഇഷാന്‍ കിഷന്‍. Photo: BCCI/x.com

അതേസമയം, ഹൈദരാബാദില്‍ നടന്ന നാലാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയതിന് പിന്നാലെ പരമ്പരയില്‍ 2-2ന് ഒപ്പമെത്തിയിരിക്കുകയാണ്.

നായകന്‍ ഷായ് ഹോപ്പിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തില്‍ 23 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ വിജയം. വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവെച്ച 248 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം ഇന്ത്യ 223 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

അതേസമയം, നാളെ നടക്കുന്ന സീരീസ് ഡിസൈഡറില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്കെതിരായ ടി-20 പരമ്പര സ്വന്തമാക്കാനും ഹോപ്പിനും വിന്‍ഡീസിനും മുമ്പില്‍ അവസരമുണ്ട്. ബാറ്റര്‍മാരുടെ പറുദീസയായ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.

ഇന്ത്യന്‍ ബൗളര്‍മാരുടെ മോശം ഫോമും ദൗര്‍ബല്യവും കൃത്യമായി മുതലാക്കാന്‍ സാധിച്ചാല്‍ വിന്‍ഡീസിന് സാധ്യതകളേറെയാണ്.

ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ ഇരു ടീമിന്റെയും ബാറ്റര്‍മാര്‍ കളം പിടിക്കുമെങ്കിലും വിന്‍ഡീസിനേക്കാള്‍ കൂടുതല്‍ ദൗര്‍ബല്യമുള്ള ബൗളിങ് നിര ഇന്ത്യയുടേതാണ്. ഹോം അഡ്വാന്റേജ് മുതലാക്കാന്‍ സാധിച്ചാല്‍ ആതിഥേയര്‍ക്ക് വിജയം സ്വന്തമാക്കാനുള്ള സാധ്യതകളുമേറെയാണ്.

Content highlight: Former assistant coach Abhishek Nayar has stated that Vaibhav Suryavanshi should be considered specifically as an opener.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more