| Sunday, 11th May 2025, 5:28 pm

മെസിയും മറഡോണയുമല്ല, അദ്ദേഹമാണ് ലോകത്തിലെ മികച്ച ഫുട്‌ബോളര്‍: മുന്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ ഇതിഹാസതാരങ്ങളായ ഡിഗോ മറഡോണ, ലയണല്‍ മെസി എന്നിവരില്‍ ഏറ്റവും മികച്ച താരമാരാണെന്ന് തെരഞ്ഞെടുക്കാന്‍ മുന്‍ ആല്‍ബിസെലസ്റ്റ് താരവും പരിശീലകനുമായ റെയ്‌നാല്‍ഡോ മെര്‍ലോയോട് ഒരിക്കല്‍ ആവശ്യപ്പെട്ടിരുന്നു. ഈ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയും ഏറെ ശ്രദ്ധ നേരിയിരുന്നു.

ഫുട്ബോളിലെ ഏറ്റവും മികച്ച താരമായി ബ്രസീലിയന്‍ ഇതിഹാസം പെലെയാണെന്നാണ് മെര്‍ലോ തെരഞ്ഞെടുത്തത്. റേഡിയോ ലാ റെഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മെസിയും മറഡോണയും രണ്ട് പ്രതിഭാസങ്ങളാണ്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഏറ്റവും മികച്ച താരം പെലെയാണ്,’ റെയ്നാല്‍ഡോ മെര്‍ലോ പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറായി കണക്കാക്കപ്പെടുന്ന താരമാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ എന്ന പെലെ. തന്റെ 16ാം വയസില്‍ ബ്രസീല്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച പെലെ മറ്റാര്‍ക്കും തന്നെ നേടാന്‍ സാധിക്കാത്ത പല നേട്ടങ്ങളും കരിയറില് സ്വന്തമാക്കിയിരുന്നു.

കാനറികള്‍ക്കൊപ്പം മൂന്ന് തവണ അദ്ദേഹം ലോകത്തിന്റെ നെറുകയിലെത്തിയിട്ടുണ്ട്. 1958, 1962, 1940 എഡിഷനുകളിലാണ് ബ്രസീലിനൊപ്പം പെലെ വിശ്വവിജയിയായത്.

ഫുട്‌ബോള്‍ ചരിത്രത്തിലെ പെലെയുടെ ലെഗസിക്കൊപ്പം തന്നെ ചേര്‍ത്തുവെക്കാന്‍ സാധിക്കുന്ന പേരുകളാണ് മറഡോണ, മെസി എന്നിവരുടേത്. ദേശീയ ടീമിനും ക്ലബ്ബിനുമായി എണ്ണമറ്റ നേട്ടങ്ങള്‍ ഇരുവരും സ്വന്തമാക്കിയിട്ടുണ്ട്.

അര്‍ജന്റീനയ്‌ക്കൊപ്പം 1986 ലോകകപ്പ് സ്വന്തമാക്കിയ മറഡോണ തന്റെ ബോയ്ഹുഡ് ടീമായ ബോക്ക ജൂനിയേഴ്‌സിനൊപ്പവും സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയ്‌ക്കൊപ്പവും കിരീടങ്ങള്‍ നേടിയിട്ടുണ്ട്. എന്നാല്‍ സീരി എ ക്ലബ്ബായ നാപ്പോളിയുമായാണ് മറഡോണയുടെ ഫുട്‌ബോള്‍ ജീവിതം ഏറെ ചേര്‍ന്നുനില്‍ക്കുന്നത്.

ഇറ്റാലിയന്‍ വമ്പന്‍മാരായ നാപ്പോളിയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് മറഡോണ. ഗില്‍ അസൂറികളെ നിരവധി തവണ ലീഗ് ടൈറ്റിലിലേക്കും ഇറ്റാലിയന്‍ സൂപ്പര്‍ കപ്പിലേക്കും യുവേഫ കപ്പിലേക്കും താരം നയിച്ചിട്ടുണ്ട്. നാപ്പോളിയുടെ ഹോം സ്‌റ്റേഡിയത്തിന് മറഡോണയുടെ പേരാണ് നല്‍കിയിരിക്കുന്നത് എന്നുകൂടി ഓര്‍ക്കുമ്പോഴാണ് നാപ്പോളിയെന്ന ടീമിന് മറഡോണ എത്രത്തോളം വിലപ്പെട്ടതാണെന്ന് മനസിലാവുക.

ബാഴ്‌സലോണയിലൂടെ ലോകത്തിന്റെ നെറുകയിലെത്തിയ മെസിയും നിരവധി അന്താരാഷ്ട്ര റെക്കോഡുകളും കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ബാഴ്‌സയ്ക്ക് പുറമെ പി.എസ്.ജി, ഇന്റര്‍ മയാമി ടീമുകള്‍ക്കൊപ്പം ലീഗ് കിരിടങ്ങള്‍ സ്വന്തമാക്കിയ മെസി അര്‍ജന്റീനയ്‌ക്കൊപ്പം നാല് കിരീടങ്ങളും നേടിയിട്ടുണ്ട്.

ബ്രസീലിനെതിരെ വിജയിച്ചുകൊണ്ട് കോപ്പ അമേരിക്ക വിജയിച്ചുതുടങ്ങിയ മെസി ഫൈനലിസിമയും ലോകകപ്പും സ്വന്തമാക്കിയിരുന്നു. 2024ല്‍ മറ്റൊരു കോപ്പ കിരീടവും നേടിയ മെസി തന്റെ കരിയറും സമ്പൂര്‍ണമാക്കി.

Content Highlight: Former Argentine star Reinaldo Merlo picks Pele as the best footballer

We use cookies to give you the best possible experience. Learn more