2026 ഫിഫ ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം. 2022ൽ ഖത്തറിന്റെ മണ്ണിൽ നേടിയ ലോക കിരീടം നിലനിർത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് ലയണൽ മെസിയും സംഘവും 2026 ലോകകപ്പിനൊരുങ്ങുന്നത്. ഇപ്പോൾ ലോകകപ്പ് ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ടൂർണമെന്റിൽ അർജന്റീനക്ക് വെല്ലുവിളി സൃഷ്ടിക്കുക ഏതെല്ലാം ടീമുകളായിരിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ അർജന്റൈൻ ലോകകപ്പ് ജേതാവ് ഓസ്കാർ റുഗേരി.
ഫ്രാൻസ്, സ്‌പെയ്ൻ, ഇംഗ്ലണ്ട് എന്നീ ടീമുകൾ അർജന്റീനക്ക് വെല്ലുവിളിയാവുമെന്നാണ് മുൻ അർജന്റൈൻ താരം അഭിപ്രായപ്പെടുന്നത്. ബോല വി.ഐ.പിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ അർജന്റൈൻ താരം.
”സ്‌പെയ്ൻ, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ ടീമുകളെയാണ് ഞാൻ കാണുന്നത്. ഈ ടീമുകളിൽ വളരെ മികച്ച താരങ്ങളെയാണ് ഞാൻ കാണുന്നത്. എന്നാൽ ഒരു ടീമെന്ന നിലയിൽ അവർ എങ്ങനെയാണ് കളിക്കുകയെന്നത് എനിക്കറിയില്ല. എങ്കിലും ഞാൻ ഈ ടീമുകളുടെ പേര് ഞാൻ ഉൾപ്പെടുത്തും. ജർമൻ ടീമിൽ ഞാൻ നിരാശനാണ്. അവർ തുടക്കത്തിൽ മികച്ച പ്രകടനം നടത്തുകയില്ല. എന്നാൽ പിന്നീട് അവരെ ആദ്യ നാല് ടീമുകളിൽ ഒന്നായി നിങ്ങൾക്ക് കാണാൻ സാധിക്കും. ബ്രസീലും മെച്ചപ്പെടുമെന്ന് ഞാൻ കരുതുന്നു” ഓസ്കാർ റുഗേരി പറഞ്ഞു.
2026 ലോകകപ്പിൽ ഗ്രൂപ്പ് ജി.യിലാണ് ലയണൽ മെസിയും സംഘവും ഇടം നേടിയിട്ടുള്ളത്. അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നീ ടീമുകളാണ് അർജന്റീനക്കൊപ്പം ഗ്രൂപ്പിലുള്ളത്. താരതമ്യേന ദുർബലരായ എതിരാളികളുള്ള ഈ ഗ്രൂപ്പിൽ നിന്നും അട്ടിമറികളൊന്നും നടന്നില്ലെങ്കിൽ അർജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ അടുത്ത റൗണ്ടിലേക്ക് മുന്നേറുമെന്ന് ഉറപ്പാണ്.
2026 ലോകകപ്പ് കിരീടം സ്വന്തമാക്കിയാൽ ലോകകപ്പിന്റെ ചരിത്രത്തിൽ കിരീടം നിലനിർത്തുന്ന മൂന്നാമത്തെ ടീമെന്ന നേട്ടവും അർജന്റീനക്ക് സ്വന്തമാക്കാൻ സാധിക്കും. അഞ്ച് ലോക കിരീടം സ്വന്തമാക്കിയ ബ്രസീലിനും നാല് തവണ ലോകം കീഴടക്കിയ ഇറ്റലിയും മാത്രമാണ് ലോകകപ്പ് നിലനിർത്തിയിട്ടുണ്ട്. 1978, 1986, 2022 എന്നീ വർഷങ്ങളിൽ ലോക കിരീടം അർജന്റൈൻ ടീമിന് ഈ വർഷവും കിരീടം നേടിയാൽ ചരിത്രത്തിൽ നാല് കിരീടം കൈപ്പിടിയിലാക്കിയ ജർമനിക്കും ഇറ്റലിക്കുമൊപ്പമെത്താനും മെസിക്കും സംഘത്തിനും സാധിക്കും.
Content Highlight: Former Argentina World Cup Winner Oscar Ruggeri Talks About Argentina Football Team