| Friday, 10th April 2026, 12:44 pm

അദ്ദേഹമൊരിക്കലും മെസിയെ പോലെ ഒരു ജീനിയസല്ല; മെസി vs റൊണാള്‍ഡോ ഡിബേറ്റില്‍ മുന്‍ റയല്‍ സൂപ്പര്‍ താരം

ആദര്‍ശ് എം.കെ.

ഫുട്‌ബോള്‍ ലോകത്ത് ഇന്നും ഉത്തരമില്ലാതെ തുടരുന്ന ചര്‍ച്ചയാണ് മെസിയാണോ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണോ ഏറ്റവും മികച്ച താരമെന്നത്. ഇതിഹാസങ്ങളും സൂപ്പര്‍ താരങ്ങളും ഈ ചര്‍ച്ചയില്‍ ഇരു താരങ്ങളെയും പിന്തുണയ്ക്കുന്നുണ്ട്.

ഇപ്പോള്‍ ഗോട്ട് ഡിബേറ്റില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് മുന്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവും അര്‍ജന്റീനയ്‌ക്കൊപ്പം ലോകകപ്പ് നേടിയ താരവുമായ ഓസ്‌കാര്‍ റുഗേരി. ഈ ചര്‍ച്ചയില്‍ താരം മെസിയെ ആണ് പിന്തുണയ്ക്കുന്നത്. ഇരുവരും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും മെസിയുടെ പ്രതിഭ റൊണാള്‍ഡോയേക്കാള്‍ ഉയര്‍ന്ന തലത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓസ്‌കാര്‍ റുഗേരി

‘ഈ വിഷയം എനിക്ക് ചര്‍ച്ച ചെയ്യാന്‍ പോലും താത്പര്യപ്പെടുന്നില്ല. മെസിയെയും റൊണാള്‍ഡോയെയും തുല്യരായി കാണാന്‍ എനിക്ക് കഴിയില്ല. മെസി ഒരു ജീനിയസ് ആണ്, റൊണാള്‍ഡോയാകട്ടെ ഒരു താരവുമാണ്. റൊണാള്‍ഡോ വളരെ നല്ല കളിക്കാരനാണ്, പക്ഷേ മെസിയെപ്പോലെ ഒരു പ്രതിഭയല്ല,’ എന്നാണ് റുഗേരി പറഞ്ഞത്.

1986ല്‍ ഡീഗോ മറഡോണയ്ക്കൊപ്പം ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു റുഗേരി. മെസ്സിയും സംഘവും ഈ വര്‍ഷം ലക്ഷ്യമിടുന്നത് പോലെ തന്നെ തുടര്‍ച്ചയായ ലോകകപ്പ് ഫൈനലുകളില്‍ (1986, 1990) പങ്കെടുത്ത ചരിത്രവും റുഗേരിക്കുണ്ട്. എന്നാല്‍ 1990ല്‍ വെസ്റ്റ് ജര്‍മനിക്കെതിരായ ഫൈനലില്‍ അര്‍ജന്റീന പരാജയപ്പെട്ടിരുന്നു.

അതേസമയം, 2026 ലോകകപ്പിനുള്ള മുന്നൊരുക്കത്തിലാണ് മെസിയും സംഘവും. 2022ല്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് സ്വന്തമാക്കിയ കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാകും ആല്‍ബിസെലസ്റ്റ്‌സ് ഇത്തവണ കളത്തിലിറങ്ങുക.

ലോകകപ്പില്‍ ഗ്രൂപ്പ് ജെ-യിലാണ് അര്‍ജന്റീന. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

ഈ ലോകകപ്പില്‍ കളത്തിലിറങ്ങുന്നതോടെ ഒരു ചരിത്ര നേട്ടവും മെസിയെ തേടിയെത്തും. ഏറ്റവുമധികം ലോകകപ്പുകളില്‍ കളിച്ച താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കുക. 2006 മുതല്‍ ഗ്ലോബല്‍ ഇവന്റിന്റെ ഭാഗമായ മെസി ആറാം ലോകകപ്പിനാണ് കളത്തിലിറങ്ങുക.

പോര്‍ച്ചുഗലിനായി കളത്തിലിറങ്ങിയാല്‍ ഇതേ റെക്കോഡ് തന്നെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേരിലും കുറിക്കപ്പെടും. മെസിയെ പോലെ 2006 മുതല്‍ റോണോയും എല്ലാ ലോകകപ്പുകളിലും കളിച്ചിട്ടുണ്ട്.

2026 ലോകകപ്പില്‍ ഗ്രൂപ്പ് കെ-യിലാണ് പോര്‍ച്ചുഗല്‍. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉസ്ബക്കിസ്ഥാന്‍, കൊളംബിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

Content highlight: Former Argentina star Oscar Ruggeri gives his opinion on the Messi vs Ronaldo debate

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more