ലോക ഫുട്‌ബോളില്‍ എക്കാലത്തും മുന്‍നിരയില്‍ നില്‍ക്കുന്ന ഒരാളാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇപ്പോള്‍ വീണ്ടും അദ്ദേഹത്തിന്റെ പേര് ചര്‍ച്ചകളില്‍ സജീവമാവുകയാണ്.
യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയ്നിനെ തകർത്ത് പോർച്ചുഗൽ കിരീടമുയർത്തിയിരുന്നു. നിശ്ചിത സമയത്തിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞതോടെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് പറങ്കിപ്പട ജേതാക്കളായത്.
അലൈന്‍സ് അരേനയില്‍ നടന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിന് വേണ്ടി ഗോൾ നേടിയിരുന്നു. 2-1 എന്ന നിലയിൽ പിന്നിൽ നിന്ന പറങ്കിപടക്കായി 61ാം മിനിട്ടില്‍ പന്ത് വലയിലെത്തിച്ച് നിർണായക സമനില പിടിച്ചത് റോണോയുടെ ഗോളായിരുന്നു. പോർച്ചുഗലിന്റെ കിരീടധാരണത്തിൽ ഈ ഗോൾ വലിയ പങ്ക് വഹിച്ചിരുന്നു.
ഇപ്പോൾ താരത്തെ കുറിച്ച് സംസാരിക്കുകയാണ് മുൻ അൽ നസർ താരവും ബ്രസീലിയൻ സൂപ്പർ താരവുമായ ആൻഡേഴ്സൺ ടാലിസ്ക. ക്രിസ്റ്റ്യാനോയ്ക്കൊപ്പം കളിക്കുന്നത് വ്യത്യസ്തമാണെന്നും അദ്ദേഹത്തിന്റെ കൂടെ കളിച്ച് ഒരുപാട് കാര്യങ്ങൾ പഠിച്ചെന്നും ബ്രസീലിയൻ താരം പറഞ്ഞു.
റൊണാൾഡോയ്ക്കൊപ്പം കളിക്കുക എന്നത് ഒരു സ്വപ്നവുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ സ്ട്രൈക്ക് പങ്കാളിയാകുക എന്നത് തന്റെ ജീവിതകാലം മുഴുവൻ ഓർമയിൽ ഉണ്ടാവുമെന്നും താരം കൂട്ടിച്ചേർത്തു. ഗ്ലോബിൽ സംസാരിക്കുകയായിരുന്നു ആൻഡേഴ്സൺ ടാലിസ്ക.
‘ക്രിസ്റ്റ്യാനോയ്ക്കൊപ്പം കളിക്കുന്നത് വ്യത്യസ്തമാണ്, പക്ഷേ അദ്ദേഹം എന്നെ വളരെയധികം സഹായിച്ചു. അത് വളരെ പ്രധാനമായിരുന്നു, കാരണം ഞാൻ ദിവസം തോറും കൂടുതൽ പ്രൊഫഷണലാകാനും, എന്നെത്തന്നെ പരിപാലിക്കാനും, എന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വളരെ വ്യക്തമായി മനസിലാക്കാനും പഠിച്ചു. അദ്ദേഹം വളരെ സ്ട്രൈറ്റ് ഫോർവേഡായ ഒരു വ്യക്തിയാണ്.
റൊണാൾഡോയ്ക്കൊപ്പം കളിക്കുക എന്നത് അതിശയകരവും ഒരു സ്വപ്നവുമായിരുന്നു. അദ്ദേഹത്തിന്റെ സ്ട്രൈക്ക് പങ്കാളിയാകുക എന്നത് എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഓർമയിൽ സൂക്ഷിക്കും. അത് ശരിക്കും രസകരമായിരുന്നു, കാരണം ഞങ്ങൾ ധാരാളം ഗോളുകൾ നേടി,’ ടാലിസ്ക പറഞ്ഞു.
Content Highlight: Former Al Nassar Player Anderson Talisca talks about Cristiano Ronaldo