കോട്ടയം: മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്ന കാര്യം സർക്കാർ പരിഗണനയിൽ എന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പുതിയൊരു ജില്ലാ രൂപീകരിക്കുകയാണെങ്കിൽ ഉറപ്പായും അതിൽ മൂവാറ്റുപുഴ ഉണ്ടാകും എന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷം ഉദ്ഘടനം ചെയ്യവേ ആയിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പുതിയ ജില്ലാ രൂപീകരണത്തിനായി ഡീ ലിമിറ്റേഷൻ കമ്മീഷൻ ഉടൻ രൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓണാഘോഷ പരിപാടിയിൽ മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ മൂവാറ്റുപുഴയെ ഒരു ജില്ലയാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഓണസമ്മാനമായി പുതിയൊരു ജില്ലാ രൂപീകരണം പ്രഖ്യാപിക്കണം എന്നായിരുന്നു എം.എൽ. എയുടെ ആവശ്യം.
തങ്ങൾ പാർശ്വ വത്കരണം നേരിട്ടുവെന്ന എം.എൽ.എ യുടെ പരാമർശത്തോട് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
‘ഒരുപാട് നാളുകൾ പാർശ്വവത്ക്കരിക്കപ്പെട്ടതിനെ കുറിച്ച് എം.എൽ.എ പറഞ്ഞു. പ്രതികാര ബുദ്ധിയോടെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തി നിർത്തിയതിനെ കുറിച്ചൊക്കെ പറഞ്ഞു. ഒറ്റ വാചകം മാത്രമേ ഞാൻ പറയുന്നുള്ളു. എല്ലാ വിഷമങ്ങളും എല്ലാ സങ്കടങ്ങളും മാറ്റും. നമുക്കൊരു കാര്യം നഷ്ടം വന്നാൽ നമ്മൾ ആഗ്രഹിക്കുന്നത് അതിൻ്റെ പലിശ സഹിതം വീട്ടണമെന്നാകും. പലിശ സഹിതം മുവാറ്റുപുഴയ്ക്ക് തരും’
മൂവാറ്റുപുഴ ജില്ലക്കാരെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. മൂവാറ്റുപുഴ ഒരു ജില്ല ആകുന്നതിനെ പറ്റി കേട്ടപ്പോൾ വിഷമം വന്നുവെന്നും തന്റെ ജില്ലയിൽ നിന്ന് മൂവാറ്റുപുഴ വേർപെട്ടുപുമെന്നതാണ് തനിക്ക് വിഷമം വരൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും ജില്ലാരൂപീകരണം ഗൗരവമായിത്തന്നെ പരിഗണിക്കുമെന്നും വി.ഡി സതീശൻ ഉറപ്പു നൽകി.
‘എനിക്ക് മൂവാറ്റുപുഴക്കാരെ ഭയങ്കര ഇഷ്ടമാണ്. മുവാറ്റുപുഴ ജില്ലയെന്ന് പറഞ്ഞപ്പോൾ എനിക്ക് ചെറിയൊരു വിഷമം വന്നു. കാരണം എന്റെ ജില്ലയിൽ നിന്ന് മൂവാറ്റുപുഴ വേർപെട്ടു പോവുമല്ലോയെന്നാണ് ഞാൻ ഓർത്തത്. എന്നാലും ആ കാര്യം ഗൗരവത്തോടെ പരിശോധിക്കും. ഡിലിമിറ്റേഷൻ കമ്മിഷനെ സർക്കാർ കൊണ്ടുവരും. വളരെ ഗൗരവത്തോടെ സർക്കാർ ആ കാര്യം പരിഗണിക്കും’ വി.ഡി. സതീശൻ പറഞ്ഞു
എറണാകുളം, കൊച്ചി മേഖലകളിലേക്ക് വികസന ഫണ്ടുകൾ കൂടുതലായി പോകുന്നതിനാൽ മൂവാറ്റുപുഴ, കോതമംഗലം തുടങ്ങിയ മലയോര മേഖലകൾ പിന്നാക്കം പോകുന്നുവെന്ന പരാതി ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. 1982-ൽ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ ഇത് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് നീക്കങ്ങൾ മുന്നോട്ടുപോയില്ല.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, പിറവം, പെരുമ്പാവൂരിന്റെ ചില ഭാഗങ്ങൾ, കൂടാതെ ഇടുക്കിയിലെ തൊടുപുഴ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകൾ ചേർത്താണ് പുതിയ ജില്ല നിർദേശിക്കപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിൻ്റെ സാധ്യത പഠിക്കാൻ പ്രത്യേക കമ്മീഷനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
Content Highlight:Formation of new Muvattupuzha district under consideration: VD Satheesan