| Sunday, 14th June 2026, 10:47 am

മരുന്നിന് പകരം കുത്തിവെച്ചത് ഫോര്‍മാലിന്‍; അര്‍ബുദ രോഗിയായ മൂന്ന് വയസുകാരന്‍ മരിച്ച സംഭവത്തില്‍ നഴ്‌സുമാര്‍ക്കെതിരെ നടപടി

നിഷാന. വി.വി

ഭോപ്പാല്‍: ഭോപ്പാല്‍ എംയിസില്‍ കാന്‍സര്‍ ബാധിതനായ മൂന്ന് വയസുകാരന്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മരുന്നിന് പകരം കുഞ്ഞിന്റെ ശരീരത്തില്‍ കുത്തിവെച്ചത് ഫോര്‍മാലില്‍ ആയിരുന്നു. ഇതാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നഴ്‌സിന്റെ അശ്രദ്ധയാണ് മരണകാരണമെന്ന് തെളിയിക്കുന്നതാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മൃതദേഹങ്ങള്‍ കേടുകുടാതിരിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. ഇതാണ് മരുന്നിന് പകരം കുട്ടിക്ക് കുത്തിവെച്ചത്.

കുട്ടിയുടെ പിതാവ് കുത്തിവെക്കുമ്പോള്‍ തന്നെ തടയാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ നഴ്‌സ് അതൊന്നും വകവെയ്ക്കാതെ കുത്തിവെക്കുകയായിരുന്നുവെന്നും കുടുംബം നേരത്തെ തന്നെ പറഞ്ഞിരുന്നു.റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ആരോപണ വിധേയരായ രണ്ട് നഴ്‌സമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

2025 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സഗര്‍ ജില്ലയിലെ കൗര്‍ജ ഗ്രാമത്തിലെ താമസക്കാരനായ സിദ്ധാര്‍ത്ഥ് യാദവിന്റെ മകന്‍ സാര്‍ദ്ധക് യാദവാണ് മരിച്ചത്.
രക്താര്‍ബുദബാധിതനായ കുട്ടിക്ക് ഡിസംബര്‍ 17ന് രാവിലെയായിരുന്നു ഡ്യൂട്ടിലുണ്ടായിരുന്ന നഴ്‌സ് സിറിഞ്ചിലുണ്ടായിരുന്ന ദ്രാവകം കുട്ടിയുടെ ഐ.വി ബോട്ടിലേക്ക് കുത്തിവെച്ചത്. പിതാവ് എതിര്‍ത്തിട്ടും    കുത്തിവെക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

‘മൂന്ന് തവണ ഞാന്‍ അയാളെ തടയാന്‍ ശ്രമിച്ചതാണ്. ഞാനാണോ അതോ നിങ്ങളാണോ ഇവിടുത്തെ ഡോക്ടര്‍ എന്നാണ് അവരെന്നോട് ചോദിച്ചത്. അതിന് തൊട്ടുപിന്നാലെ എന്റെ മകന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു,’ കുട്ടിയുടെ പിതാവ് പറയുന്നു.

പിന്നാലെ കുട്ടിയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്നാല്‍ കുട്ടി ബോധരഹിതനായപ്പോള്‍ തന്നെ ഐ.വി ബോട്ടില്‍ മാറ്റിവെക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചതായും ആരോപണമുണ്ട്.

എയിംസിന്റെ ആഭ്യന്തര അന്വേഷണത്തിലാണ് ആരോപണങ്ങളെയെല്ലാം ശരിവെക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. നഴ്‌സിങ് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് മരണ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നഴ്‌സിങ് ഓഫീസറായ മധുബാല ശര്‍മയാണ് കുട്ടിയ്ക്ക് ഫോര്‍മാലിന്‍ കുത്തിവെച്ചതെന്നും ഫോര്‍മാലില്‍ സൂക്ഷിക്കുന്നതില്‍ വീഴ്ചവരുത്തിയത് മറ്റൊരു നഴ്‌സിങ് ഓഫീസറായ അനുക ഗുജ്‌റാത്തിയാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlight: Formalin was injected instead of medicine; Action taken against nurses in the death of a three-year-old cancer patient

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more