തിരുവനന്തപുരം: ഫോറന്‍സിക് വിദഗ്ധ ഡോക്ടര്‍ ഷേര്‍ളി വാസു അന്തരിച്ചു. വീട്ടില്‍ കുഴഞ്ഞുവീണ നിലയില്‍ ഷേര്‍ളിയെ കണ്ടെത്തുകയായിരുന്നു. അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. കേരളം കണ്ട ഏറ്റവും പ്രഗത്ഭരായിട്ടുള്ള ഫോറന്‍സിക് സര്‍ജന്മാരില്‍ ഒരാളാണ് ഷേര്‍ളി വാസു.
പ്രമാദമായ നിരവധി കേസുകളില്‍ പൊലീസിനെ സഹായിച്ചിട്ടുണ്ട്. ഫോറന്‍സിക് മെഡിസിന്‍ മേഖലയില്‍ 35 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളയാളാണ് ഷേര്‍ളി വാസു. ഫോറന്‍സിക് രംഗത്തെ അനുഭവങ്ങളെക്കുറിച്ച് എഴുതിയ ‘പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍’ എന്ന പുസ്തകത്തിലൂടെ ശ്രദ്ധ നേടാന്‍ ഷേര്‍ളിക്ക് സാധിച്ചു. 2017ല്‍ സംസ്ഥാന സര്‍ക്കാര്‍ ജെ. ഫാത്തിമാ ബീവി പുരസ്‌കാരം നല്‍കി ആദരിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗത്തിന്റെ മേധാവിയായി ഷേര്‍ലി വാസു സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1979ല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഷേര്‍ളി എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയത്. ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നായിരുന്നു..
1981ലാണ് ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ ഷേര്‍ളി ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലും വകുപ്പ് മേധാവിയായി ഷേര്‍ളി വാസു പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlight: Forensic surgeon Dr Sherly Vasu passes away