| Sunday, 5th April 2026, 9:55 am

വിദേശനയം തിരുത്തണം, മറ്റുരാജ്യങ്ങളിൽ നിന്നും എൽ.പി.ജി ഇറക്കുമതി ചെയ്യണം: ഖാർഗെ

മുഹമ്മദ് നബീല്‍

ന്യൂദൽഹി: പാചകവാതക പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന് എ.ഐ.സി.സി അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെ.

പശ്ചിമേഷ്യൻ സംഘർഷത്തെ തുർന്നുള്ള എൽ.പി.ജി പ്രതിസന്ധിയെ കേന്ദ്രസർക്കാർ ഗൗരവമായി കാണണമെന്നും, എവിടെ ലഭ്യമാണോ അവിടെ നിന്നെല്ലാം ഗ്യാസ് ഇറക്കുമതി ചെയ്യാൻ തക്കവിധം വിദേശനയത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

‘ഗ്യാസ് ലഭ്യമല്ലാതിരിക്കുമ്പോൾ ലഭ്യമാണെന്ന് അവകാശപ്പെടുന്നത് ശരിയല്ല. എവിടെയാണോ തെറ്റുപറ്റിയത്, അത് തിരുത്തപ്പെടണം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

‘ഇതൊരു പ്രതിസന്ധിയാണ്, ഇത് കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരും, രാജ്യം മുഴുവൻ പ്രതിസന്ധിയിലാവും,’ അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറുകിട ഹോട്ടലുകളും ഫാക്ടറികളും ഇതിനോടകം പൂട്ടിയെന്നും ഇത് സാധാരണക്കാരുടെ ജീവിതത്തെ വളരെയധികം പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ മറ്റുരാജ്യങ്ങളുമായി സംസാരിക്കണമെന്നും പാചക വാതകം ലഭ്യമാക്കുന്നതിന് മറ്റ് മാർഗങ്ങൾ കണ്ടത്തണമെന്നും അദ്ദേഹം പറഞ്ഞു.

‘യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഭാവിയിൽ എൽ.പി.ജി ക്ഷാമം ഒരു വലിയ പ്രശ്നമായി മാറും, അതിനാൽ ഭാവിയിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നാം ഇപ്പോൾ തന്നെ ചിന്തിക്കണം,’ അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുകൊണ്ടാണ് താൻ റൂൾ 176 പ്രകാരം പാർലമെന്റിൽ ചോദ്യം ചോദിക്കാൻ സമയം ചോദിച്ചതെന്നും ചോദ്യത്തിന് മുകളിൽ ചർച്ച നടക്കുകയാണെങ്കിൽ അത് രാജ്യത്തിന് ഉപകാരപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പ്രതിപക്ഷ എം.പിമാരുടെ പിന്തുണയോടെ രാജ്യസഭയിൽ രണ്ടുതവണ ഈ വിഷയത്തിൽ സംസാരിച്ചെങ്കിലും സർക്കാർ അത് കേൾക്കാൻ തയ്യാറായില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

Content Highlight: Foreign policy should be revised, LPG should be imported from other countries: Kharge

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more