| Tuesday, 11th November 2025, 6:29 pm

ചെങ്കോട്ടയിലെ സ്‌ഫോടനത്തിൽ അനുശോചനമറിയിച്ച് ചൈന, മാലിദ്വീപ് അടക്കമുള്ള വിദേശ രാജ്യങ്ങൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ദൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് ചൈന, മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ. സ്ഫോടനത്തിനിരയായവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിക്കുന്നെന്നും പരിക്കേറ്റവർക്ക് ഉടൻ സുഖം പ്രാപിക്കട്ടെയെന്നും രാജ്യങ്ങൾ അറിയിച്ചു.

ചെങ്കോട്ടയിലെ സംഭവം ഞെട്ടലുണ്ടാക്കിയെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ലിൻ ജിയാൻ പറഞ്ഞു. ദാരുണമായ സംഭവത്തിൽ അഗാധമായ ദുഖമുണ്ടെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു.

ഇന്നലെയുണ്ടായ സ്‌ഫോടന വാർത്തയിൽ ദുഖമുണ്ടെന്നും ഇന്ത്യയിലെ ജനങ്ങളോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നെന്നും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകേ അറിയിച്ചു. ദുരിതമനുഭവിക്കുന്ന എല്ലാരോടൊപ്പവും തങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവർക്കുവേണ്ടി ഇന്ത്യൻ ജനതയോടൊപ്പം
ഭൂട്ടാൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചതായി അറിയിച്ചു. കൊല്ലപ്പെട്ടവർക്കുവേണ്ടി ഭൂട്ടാനിലെ ഇപ്പോഴത്തെ ഭരണാധികാരി പ്രാർത്ഥന നടത്തി. പ്രാർത്ഥനയുടെ വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ചു.

അതേസമയം ചെങ്കോട്ട സ്ഫോടനത്തിന്റെ അന്വേഷണം എൻ.ഐ.എ (ദേശീയ
അന്വേഷണ ഏജൻസി)ക്ക് ആഭ്യന്തരമന്ത്രാലയം കൈമാറി.

പ്രതികളെ വേട്ടയാടി പിടിക്കണണമെന്നും അന്വേഷണ ഏജൻസിക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നെന്നും അമിത്ഷാ അറിയിച്ചു. ഈ പ്രവൃത്തിയിൽ ഉൾപ്പെട്ട എല്ലാവരും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വേഷണത്തിന്റെ ഭാഗമായി ചെങ്കോട്ടയിലേക്ക് മൂന്ന് ദിവസത്തേക്ക് സന്ദർശകർക്ക് പ്രവേശനമില്ലെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ദല്‍ഹിയിലെ കനത്ത സുരക്ഷാ പ്രദേശമായ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 12 പേർ മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഹ്യുണ്ടായ് ഐ20 കാര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

വൈകുന്നേരം 6.52ന് ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പര്‍ വണ്ണിന് സമീപത്തുവെച്ചായിരുന്നു പൊട്ടിത്തെറി. ചെങ്കോട്ടയില്‍ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയ കാര്‍ പതിയെ നീങ്ങുമ്പോഴായിരുന്നു സ്‌ഫോടനം ഉണ്ടായത്.

Content Highlight: Foreign countries including China and Maldives express condolences over the blast at the Red Fort

We use cookies to give you the best possible experience. Learn more