ന്യൂദല്‍ഹി: ഏതോ വിദേശ ശക്തികളുടെ ഏജന്റുമാരാണ് നമ്മുടെ ഭരണാധികാരികളെന്നും ഇന്ത്യയും പാകിസ്ഥാനും യുദ്ധം ചെയ്താല്‍ പ്രയോജനം ലഭിക്കുന്നത് വിദേശ ശക്തികള്‍ക്കാണെന്നും ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു.
ഇന്ത്യയ്ക്കും പാകിസ്ഥാനും യുദ്ധം താങ്ങാന്‍ കഴിയില്ലെന്നും ഇരു രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളാണെന്നും യുദ്ധത്തിലൂടെ രാജ്യം ദരിദ്രമാവുമെന്നും കൂടുതല്‍ പണം ചെലവാക്കി ആയുധം വാങ്ങി യുദ്ധം നടത്തുമ്പോള്‍ പ്രയോജനം ലഭിക്കുന്നത് മറ്റ് വിദേശ രാജ്യങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.
മൃഗങ്ങളെ പരിശീലിപ്പിക്കുന്ന മദാരിയെ പോലെ സ്വന്തം നേട്ടത്തിനായി കുരങ്ങുകളെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഏതെങ്കിലും വിദേശ ശക്തികളുടെ ഏജന്റുമാരായി നമ്മുടെ ഭരണാധികാരികള്‍ മാറുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
നമ്മുടെ രാജ്യത്തിന് യുദ്ധത്തിന് ആവശ്യമായ എല്ലാ ആയുധങ്ങളും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുമാണ് വാങ്ങേണ്ടി വരുന്നത്. നമ്മള്‍ യുദ്ധം ചെയ്താല്‍ ആ രാജ്യങ്ങളുടെ ആയുധ വില്‍പ്പന വര്‍ധിക്കും, അങ്ങനെയാവുമ്പോള്‍ ആ രാജ്യങ്ങള്‍ക്ക് മാത്രമേ പ്രയോജനം ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യുദ്ധത്തിനിടയില്‍ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ജനങ്ങളുടെ ക്ഷേമത്തിനായുള്ള പണമെല്ലാം യുദ്ധത്തിന് ആയുധം വാങ്ങുന്നതിലേക്ക് പോവുമെന്നും പിന്നാലെ ജനങ്ങള്‍ ദുരിതമനുഭവിക്കേണ്ടി വരുമെന്നും കട്ജു ചൂണ്ടിക്കാട്ടി.
നമ്മുടെ ജനങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണം, വൈദ്യുതി, വെള്ളം, ജോലി, പാര്‍പ്പിടം, വിദ്യാഭ്യാസം, റോഡ്, ആരോഗ്യ സംരക്ഷണം തുടങ്ങി നിരവധി കാര്യങ്ങള്‍ ഇല്ല. എന്നിട്ടും ഇരുവശത്തുമുള്ള ഭരണാധികാരികള്‍ നമ്മളെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് പാകിസ്ഥാന്‍ ഭീകരാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യ ഇന്നലെ (ബുധനാഴ്ച) പുലര്‍ച്ചെയോടെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പ്രത്യാക്രമണം നടത്തിയത്. തുടര്‍ന്ന് സംഘര്‍ഷാവസ്ഥയിലായിരുന്ന ഇന്ത്യയുടെയും പാകിസ്ഥാന്റെയും നയതന്ത്ര സാഹചര്യ വഷളാവുകയും ചെയ്തിരുന്നു. യുദ്ധസമാനമായ സാഹചര്യമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം ഒരു തുടക്കം മാത്രമാണെന്നും തുടരുമെന്നും പ്രധാനമന്ത്രിയുള്‍പ്പെടെ പറഞ്ഞിരുന്നു.
പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ജെയ്ഷെ, ലഷ്‌കര്‍-ഇ-ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് ഭീകര ക്യാമ്പുകള്‍ ഇന്ത്യ ആക്രമിച്ച് തകര്‍ത്തിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് പകരമായായിരുന്നു ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്. ഒമ്പത് ഇടങ്ങളിലായി നടത്തിയ ആക്രമണത്തില്‍ ഇന്ത്യ ലക്ഷ്യം വെച്ചത് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ മാത്രമാണ്. വിവിധ സേനകളുടെ സംയുക്ത ഓപ്പറേഷനിലൂടെ കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ ഓപ്പറേഷന്‍ സിന്ദൂരിലൂടെയാണ് ഇന്ത്യ പാകിസ്ഥാന് മറുപടി നല്‍കിയത്.
ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വര്‍ഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരര്‍ക്കുണ്ടായി. ഔദ്യോഗിക കണക്ക് പ്രകാരം 100 ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായി വിവരം വന്നിരുന്നു.
Content Highlight: Foreign countries benefit from war, India and Pakistan cannot afford war: Markandey Katju