| Tuesday, 27th January 2026, 9:57 pm

കഴിഞ്ഞ പത്ത് വര്‍ഷമായിട്ട് ഒരു പ്രസ്ഥാനത്തിന്റെ കൊടിനിറം കറുപ്പാണ്; കോണ്‍ഗ്രസിനെ ട്രോളി വീണ ജോര്‍ജ്

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: തനിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് സംസ്ഥാന ആരോഗ്യ വകുപ്പുമന്ത്രി വീണ ജോര്‍ജ്.

കഴിഞ്ഞ പത്ത് വര്‍ഷമായിട്ട് ഒരു പ്രസ്ഥാനത്തിന്റെ കൊടിയുടെ നിറം കറുപ്പാണെന്നും അടുത്ത അഞ്ച് വര്‍ഷവും അത് തന്നെ തുടരുമെന്നും മന്ത്രി പറഞ്ഞു. മലയിന്‍കീഴ് താലൂക്ക് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

എന്തിന് വേണ്ടിയാണ് താനടക്കമുള്ള ആളുകളുടെ മുന്നിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ചാടുന്നതെന്നും വീണ ജോര്‍ജ് ചോദിച്ചു.

കേരളത്തിലെ സാധാരണക്കാരായ മനുഷ്യരെ ചേർത്തുപിടിച്ചാണ് ഈ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. 2016ല്‍ സര്‍ക്കാരിന്റെ കീഴില്‍ വിവിധ സ്‌കീമുകളിലായാണ് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നത്.

മാത്രമല്ല 2016ന് മുമ്പ് ഒരു കുടുംബത്തിന് 30,000 രൂപയാണ് ഇന്‍ഷുറന്‍സായി ലഭിച്ചിരുന്നത്. 40,000 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഈ ഇന്‍ഷുറന്‍സ് നല്‍കിയത്. എന്നാല്‍ 2019ല്‍ സംസ്ഥാന സര്‍ക്കാര്‍ ‘സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി’ രൂപികരിച്ചു.

ഈ ഏജൻസിക്ക് കീഴില്‍ നാല്‍പ്പത്തിരണ്ടര ലക്ഷം ആളുകള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവരാണ്. അന്നത്തെ 30,000 ത്തിന് പകരം ഒരു വര്‍ഷം ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ സൗജന്യം ചികിത്സയും ഇന്ന് നല്‍കുന്നുണ്ട്.

2016ന് മുമ്പ് 12 ആശുപത്രികളിലാണ് ഡയാലിസിസ് ഉണ്ടായിരുന്നത്. ഇന്നത് 142 ആശുപത്രികളായി ഉയര്‍ന്നിട്ടുണ്ട്. 14 ജില്ലകളിലും കാറ്റലാബുള്ള സംസ്ഥാനമാണ് കേരളമെന്നും വീണ ജോര്‍ജ് പറഞ്ഞു.

അതേസമയം വിളപ്പിന്‍ശാലയിലെ ചികിത്സാ പിഴവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് (ചൊവ്വ) വീണ ജോര്‍ജിന് നേരെ കരിങ്കൊടി കാണിച്ചിരുന്നു. തിരുവനന്തപുരം മലയിന്‍കീഴില്‍ വെച്ചായിരുന്നു പ്രതിഷേധം. സംഭവത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കിഫ്ബിയിലൂടെ പൂര്‍ത്തീകരിച്ച മലയിന്‍കീഴ് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി വീണ ജോര്‍ജ് ഇന്ന് നിര്‍വഹിച്ചത്. 23.31 കോടി രൂപ അനുവദിച്ച് ആറുനില കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.

Content Highlight: For the past ten years, the flag color of a movement has been black; George Veena trolls Congress

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more