| Friday, 25th September 2026, 11:04 am

എതിര്‍ ടീമിലെ ഗോള്‍കീപ്പറേക്കാള്‍ പിന്നില്‍; പോര്‍ച്ചുഗല്‍ ജയിച്ച മത്സരത്തിലും ചിരിക്കാനാകാതെ റൊണാള്‍ഡോ

ആദർശ് എം.കെ.

യുവേഫ നേഷന്‍സ് ലീഗില്‍ വിജയത്തോടെ ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുകയാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍. ഗ്രൂപ്പ് ഡി-യില്‍ നടന്ന മത്സരത്തില്‍ വെയ്ല്‍സിനെയാണ് പറങ്കിപ്പട വീഴ്ത്തിയത്.

മത്സരത്തിന്റെ 22ാം മിനിട്ടില്‍ ജാവോ ഫെലിക്‌സ് അടിച്ചെടുത്ത ഒറ്റ ഗോളിന്റെ കരുത്തിലായിരുന്നു പോര്‍ച്ചുഗലിന്റെ വിജയം.

മത്സരത്തില്‍ ടീം വിജയിച്ചെങ്കിലും നായകന്‍ റൊണാള്‍ഡോയുടെ പ്രകടനം ശരാശരി മാത്രമായിരുന്നു. ലഭിച്ച ഗോളവസരങ്ങളൊന്നും വലയിലെത്തിക്കാന്‍ റോണോയ്ക്ക് സാധിച്ചില്ല, അടിച്ച ഗോളാകട്ടെ ഓഫ് സൈഡില്‍ കുടുങ്ങി തിരിച്ചെടുക്കുകയും ചെയ്തു.

മത്സരത്തിന്റെ 67ാം മിനിട്ടില്‍ പരിശീലകന്‍ ജോര്‍ജ് ജീസസ് കളത്തില്‍ നിന്നും പിന്‍വലിക്കുന്നത് വരെ 27 ടച്ചുകള്‍ മാത്രമാണ് താരത്തിന്റെ പേരിലുണ്ടായിരുന്നത്. എതിര്‍ ടീം ഗോള്‍ കീപ്പറേക്കാള്‍ കുറവാണ് ഇത് എന്നതാണ് ഒരേസമയം രസകരവും അത്ഭുതപ്പെടുത്തുന്നതുമായ വസ്തുത.

വെയ്ല്‍സ് ഗോള്‍ കീപ്പര്‍ ഡാനി വാര്‍ഡിന്റെ പേരില്‍ 63 ടച്ചുകള്‍ രേഖപ്പെടുത്തിയപ്പോഴാണ് റൊണാള്‍ഡോയ്ക്ക് ആകെ 27 ടച്ചുകള്‍ മാത്രം ഉണ്ടായിരുന്നത്.

ദേശീയ ടീമിനൊപ്പമുള്ള തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് റൊണാള്‍ഡോ എതിര്‍ ടീം ഗോള്‍ കീപ്പറേക്കാള്‍ പിന്നില്‍ പോകുന്നത് എന്നതും ‘ചില’ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിന് മുമ്പ് ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 16 മത്സരത്തില്‍ സ്‌പെയ്‌നിനെതിരെയാണ് റൊണാള്‍ഡോ പറങ്കിപ്പടയുടെ നായകനായി കളത്തിലിറങ്ങിയത്. പോര്‍ച്ചുഗല്‍ എതിരില്ലാത്ത ഒരു ഗോളിന് തോറ്റപ്പോള്‍ 19 ടച്ചുകള്‍ മാത്രമാണ് ഇതിഹാസത്തിനുണ്ടായിരുന്നത്. മറുവശത്ത് സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനായ് സൈമണ്‍ 45 ടച്ചുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.

ക്രൊയേഷ്യയ്‌ക്കെതിരായ റൗണ്ട് ഓഫ് 32വിലും സമാനമായ സംഭവമുണ്ടായിരുന്നു. റൊണാള്‍ഡോ ഗോളടിക്കുകയും പോര്‍ച്ചുഗല്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ജയിക്കുകയും ചെയ്ത മത്സരത്തില്‍ പോര്‍ച്ചുഗീസ് നായകന്‍ 25 ടച്ചും ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ഡൊമനിക് ലിവക്കോവിച്ചിന് 37 ടച്ചുമുണ്ടായിരുന്നു.

കൊളംബിയക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ റൊണാള്‍ഡോയുടെ പേരില്‍ 35 ടച്ചുകള്‍ കുറിക്കപ്പെട്ടപ്പോള്‍ 42 ടച്ചാണ് കൊളംബിയന്‍ ഗോള്‍കീപ്പര്‍ കാമിലോ വാര്‍ഗാസിനുണ്ടായിരുന്നത്. മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചിരുന്നു.

അതേസമയം, നേഷന്‍സ് ലീഗ് ഗ്രൂപ്പ് ഡി സ്റ്റാന്‍ഡിങ്‌സില്‍ രണ്ടാമതാണ് പോര്‍ച്ചുഗല്‍. ഡെന്‍മാര്‍ക്കിനെ മൂന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിയ എര്‍ലിങ് ഹാലണ്ടിന്റെ നോര്‍വേയാണ് ഒന്നാമത്.

സെപ്റ്റംബര്‍ 28നാണ് നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം. നോര്‍വേയാണ് എതിരാളികള്‍.

Content Highlight: For the fourth consecutive match, Ronaldo has had fewer touches than the opposing team’s goalkeeper.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more