അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ടിരിക്കുകയാണ്. സൗത്ത് ആഫ്രിക്ക, നമീബിയ, സിംബാബ്‌വേ എന്നിവര്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ 14 ടീമുകള്‍ മാറ്റുരയ്ക്കും.
ടൂര്‍ണമെന്റില്‍ 12 വേദികളിലായി ആകെ 57 മത്സരങ്ങളാണ് അരങ്ങേറുന്നത്. നവംബര്‍ 21നാണ് ഫൈനല്‍ മത്സരം അരങ്ങേറുന്നത്. ജോഹനാസ്‌ബെര്‍ഗാണ് വേദി.
2007 ടി-20 ലോകകപ്പിനാണ് ജോഹനാസ്‌ബെര്‍ഗ് അവസാനമായി ഒരു ഐ.സി.സി ഫൈനലിന് ആതിഥേയത്വം വഹിച്ചത്. അന്ന് ഇന്ത്യയും പാകിസ്ഥാനും പ്രഥമ ടി-20 ലോകചാമ്പ്യന്‍മാരാകാന്‍ ഏറ്റുമുട്ടിയപ്പോള്‍ ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടി. ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മോശമല്ലാത്ത സ്‌കോറിലെത്തിയത്.
54 പന്ത് നേരിട്ട് 75 റണ്‍സുമായാണ് ഗംഭീര്‍ മടങ്ങിയത്. എട്ട് ഫോറും രണ്ട് സിക്‌സറുമായിരുന്നു താരത്തിന്റെ സമ്പാദ്യം.
അന്ന് യുവതാരമായിരുന്ന രോഹിത് ശര്‍മയാണ് റണ്‍വേട്ടയിലെ രണ്ടാമന്‍. ആറാം നമ്പറിലിറങ്ങി 16 പന്ത് നേരിട്ട് ഒരു സിക്‌സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 30 റണ്‍സാണ് താരം സ്വന്തമാക്കിയത്.
യൂസുഫ് പത്താന്‍ (എട്ട് പന്തില്‍ 15), യുവരാജ് സിങ് (19 പന്തില്‍ 14) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.
പാകിസ്ഥാനായി ഉമര്‍ ഗുല്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സൊഹൈല്‍ തന്‍വീറും മുഹമ്മദ് ആസിഫും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനറങ്ങിയ പാകിസ്ഥാന് തുടക്കം പാളിയിലെങ്കിലും മിസ്ബ ഉള്‍ ഹഖിന്റെയും ഇമ്രാന്‍ നസീറിന്റെയും കരുത്തില്‍ പൊരുതി. മിസ്ബ 38 പന്തില്‍ 43 റണ്‍സും ഇമ്രാന്‍ നസീര്‍ 14 പന്തില്‍ 33 റണ്‍സും നേടി.
അവസാന ഓവറില്‍ ഒരു വിക്കറ്റ് അവശേഷിക്കെ 13 റണ്‍സാണ് പാകിസ്ഥാന് വേണ്ടിയിരുന്നത്. ആദ്യ പന്ത് വനൈഡാവുകയും ഓവറിലെ രണ്ടാം ലീഗല്‍ ഡെലിവെറിയില്‍ മിസ്ബ സിക്‌സറടിക്കുകയും ചെയ്തതോടെ പാകിസ്ഥാന്റെ വിജയലക്ഷ്യം നാല് പന്തില്‍ ആറ് റണ്‍സ് എന്ന നിലയിലേക്ക് വിജയലക്ഷ്യം മാറി.
ഓവറിലെ അടുത്ത പന്തില്‍ വീണ്ടും സിക്‌സറിന് ശ്രമിച്ച മിസ്ബ ഉള്‍ ഹഖിന് പിഴച്ചു. ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗിലൂടെ സ്‌കൂപ്പ് ചെയ്ത് സിക്‌സര്‍ കണ്ടെത്താനുള്ള ശ്രമം പാളി. ഫീല്‍ഡ് ചെയ്ത ശ്രീശാന്ത് പിഴവേതുമെല്ലാതെ ആ ക്യാച്ച് കൈപ്പിടിയിലൊതുക്കി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു.
ഇപ്പോള്‍ ഇതേ വേദിയില്‍ മറ്റൊരു ഐ.സി.സി ഫൈനല്‍ കൂടി അരങ്ങേറുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്കും പ്രതീക്ഷകള്‍ വാനോളമാണ്.
ഈ ലോകകപ്പില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യയും പാകിസ്ഥാനും. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, സിംബാബ് വേ, ഒരു യോഗ്യതാ ടീം എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
Content Highlight: For the first time since the 2007 T20 World Cup, the final of an ICC tournament is taking place in Johannesburg.