| Friday, 10th April 2026, 8:15 am

ദൈവത്തിന്റെ പോരാളികള്‍ നാല് തവണ നേരിട്ട നാണക്കേട് ഇതാദ്യമായി കൊല്‍ക്കത്തയ്ക്കും; ജയമെവിടെ?

ആദർശ് എം.കെ.

സീസണിലെ നാലാം മത്സരത്തിലും വിജയം കണ്ടെത്താന്‍ സാധിക്കാതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പതറുകയാണ്. കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ജയം മുമ്പില്‍ കണ്ട ശേഷമായിരുന്നു കൊല്‍ക്കത്തയുടെ പരാജയം. മുകുള്‍ ചൗധരിയെന്ന പുത്തന്‍ താരോദയത്തിന് മുമ്പില്‍ നൈറ്റ് റൈഡേഴ്‌സിന്റെ ജയമെന്ന മോഹം തകര്‍ന്നടിഞ്ഞു.

അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ലഖ്‌നൗവിന്റെ വിജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 182 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി അവസാന പന്തില്‍ ടീം മറികടന്നു.

നിലവില്‍ നാല് മത്സരത്തില്‍ നിന്നും ഒറ്റ ജയം പോലുമില്ലാതെ ഒരു പോയിന്റുമായി പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് കൊല്‍ക്കത്ത.

ഈ സീസണില്‍ മുംബൈയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിന് പരാജയപ്പെട്ട കെ.കെ.ആര്‍, ഹൈദരാബാദിനെതിരെ നടന്ന രണ്ടാം മത്സരത്തില്‍ 65 റണ്‍സിന്റെ ഗംഭീര തോല്‍വിയുമേറ്റുവാങ്ങി.

പഞ്ചാബ് കിങ്‌സിനെതിരായ മൂന്നാം മത്സരം മഴയെടുത്തതോടെ ഉപേക്ഷിക്കപ്പെട്ടു. ഇരുവരും പോയിന്റ് പങ്കുവെച്ചു. ഈ ഒരു പോയിന്റ് മാത്രമാണ് ആദ്യ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്കുള്ളത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു സീസണിലെ ആദ്യ നാല് മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് വിജയം നേടാന്‍ സാധിക്കാത്തത്. 2022ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും നാല് സീസണുകളില്‍ മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കിയ മോശം നേട്ടത്തില്‍ ഇപ്പോള്‍ കൊല്‍ക്കത്തയും ഇടം നേടിയിരിക്കുകയാണ്.

ഐ.പി.എല്‍ സീസണിലെ ആദ്യ 4 മത്സരത്തില്‍ വിജയം സ്വന്തമാക്കാത്ത ടീമുകള്‍

(ടീം – എത്ര തവണ – സീസണ്‍ എന്നീ ക്രമത്തില്‍)

മുംബൈ ഇന്ത്യന്‍സ് – 4 – 2008, 2014, 2015, 2022

ദല്‍ഹി ക്യാപ്പിറ്റല്‍സ് – 2 – 2013, 2023

ഡെക്കാന്‍ ചാര്‍ജേഴ്‌സ് – 1 – 2012

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 1 – 2012

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 1 – 2022

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 1 – 2026*

അഞ്ചാം മത്സരത്തിലെങ്കിലും ടീമിന്റെ ദുരവസ്ഥ മാറുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഏപ്രില്‍ 14നാണ് കൊല്‍ക്കത്ത അടുത്ത മത്സരത്തിനിറങ്ങുന്നത്. സീസണില്‍ ഇനിയും വിജയം കണ്ടെത്താന്‍ സാധിക്കാത്ത ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍. ചെന്നൈയുടെ തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയമാണ് വേദി.

Content highlight: For the first time in IPL history that Kolkata Knight Riders have failed to win their first four matches.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more