ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തിയ സൂപ്പര്‍ സണ്‍ഡേയാണ് കഴിഞ്ഞ ദിവസം കടന്നുപോയത്. ഒരേ ദിവസം മൂന്ന് അന്താരാഷ്ട്ര ഏകദിനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യപ്പെടുന്നു, അതില്‍ രണ്ട് ടീമുകള്‍ 350ലേറെ റണ്‍സ് അടിച്ചെടുക്കുന്നു, ഫാന്‍ ഫേവറിറ്റുകള്‍ വിജയിക്കുന്നു എന്നതിനേക്കാളുപരി സൂപ്പര്‍ താരങ്ങളുടെ ബാറ്റില്‍ നിന്നും പിറവിയെടുത്ത വെടിക്കെട്ട് സെഞ്ച്വറികളാണ് ഈ ദിവസത്തെ കൂടുതല്‍ സ്‌പെഷ്യലാക്കിയത്.
ഈ മൂന്ന് മത്സരത്തില്‍ നിന്നുമായി ആറ് സെഞ്ച്വറികളാണ് താരങ്ങള്‍ അടിച്ചെടുത്തത്. ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് മത്സരത്തില്‍ മൂന്ന് സെഞ്ച്വറികള്‍ പിറന്നപ്പോള്‍ സൗത്ത് ആഫ്രിക്ക – ഓസ്‌ട്രേലിയ മത്സരത്തില്‍ രണ്ടും, ഇംഗ്ലണ്ട് – ശ്രീലങ്ക മത്സരത്തില്‍ ഒരു സെഞ്ച്വറിയും ബാറ്റര്‍മാര്‍ അടിച്ചെടുത്തു.
ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ദിവസം ആറ് സെഞ്ച്വറികള്‍ പിറക്കുന്നത്.
ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് സീരീസ് ഓപ്പണറില്‍ വിന്‍ഡീസ് ഓപ്പണര്‍ ജസ്റ്റിന്‍ ഗ്രീവ്‌സാണ് സൂപ്പര്‍ സണ്‍ഡേയിലെ സെഞ്ച്വറി വേട്ടയ്ക്ക് തുടക്കമിട്ടത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 108 പന്ത് നേരിട്ട് 101 റണ്‍സുമായാണ് കരിബിയന്‍ കരുത്തന്‍ കളം വിട്ടത്. 12 ഫോറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ജസ്റ്റിന്‍ ഗ്രീവ്‌സിന്റെ സെഞ്ച്വറിക്ക് ആതിഥേയരുടെ മറുപടി വിരാട് കോഹ്‌ലിയുടൈയും ശുഭ്മന്‍ ഗില്ലിന്റെയും സെഞ്ച്വറികളിലൂടെയായിരുന്നു. പ്രിന്‍സ് ഏകദിനത്തില്‍ തന്റെ പത്താം സെഞ്ച്വറിയും കിങ് തന്റെ 55ാം ഒ.ഡി.ഐ സെഞ്ച്വറിയുമാണ് അനന്തപുരിയില്‍ കുറിച്ചത്.
108 പന്ത് നേരിട്ട് 110 റണ്‍സാണ് ഗില്‍ വിന്‍ഡീസിനെതിരെ അടിച്ചെടുത്തത്. 13 ഫോറും ഒരു സിക്‌സറുമാണ് ഗില്ലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ഏകദിനത്തില്‍ 15,000 റണ്‍സ് പൂര്‍ത്തിയാക്കിയ അതേ ഇന്നിങ്‌സില്‍ 88 പന്ത് നേരിട്ട് പുറത്താകാതെ 139 റണ്‍സുമായാണ് വിരാട് കോഹ്‌ലി തിളങ്ങിയത്. പത്ത് ഫോറും ആകാശം തൊട്ട ഒമ്പത് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഇതിന് മുമ്പ് ഇതേ വേദിയില്‍ ഇന്ത്യ ഏകദിനം കളിച്ചപ്പോള്‍ വിരാടും ഗില്ലും സെഞ്ച്വറി നേടിയിരുന്നു എന്നതും കഴിഞ്ഞ ദിവസത്തെ ഇരുവരുടെയും സെഞ്ച്വറി നേട്ടത്തെ എക്‌സ്ട്രാ സ്‌പെഷ്യലാക്കി.
ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ പ്രോട്ടിയാസ് നായകന്‍ തെംബ ബാവുമയും ഡേവിഡ് ‘കില്ലര്‍’ മില്ലറുമാണ് സെഞ്ച്വറികളടിച്ച് കരുത്ത് കാട്ടിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ നിശ്ചിത ഓവറില്‍ അടിച്ചെടുത്തത് 365 റണ്‍സ്. അതില്‍ ക്യാപ്റ്റന്‍ ബാവുമ 103 റണ്‍സ് ചേര്‍ത്തപ്പോള്‍ 142 റണ്‍സായിരുന്നു കില്ലര്‍ മില്ലറിന്റെ സമ്പാദ്യം.
തന്റെ ഏകദിന കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറുമായാണ് മില്ലര്‍ ഓസീസ് ബൗളര്‍മാരെ തച്ചുതകര്‍ത്തത്. 12 ഫോറും ഒമ്പത് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
അതേസമയം, മൈറ്റി ഓസീസിനെ വീണ്ടും നിരാശപ്പെടുത്തിയാണ് ലോര്‍ഡ് ബാവുമ സെഞ്ച്വറിയുമായി ജോഹനാസ്‌ബെര്‍ഗില്‍ തന്റെ ക്ലാസ് തെളിയിച്ചത്. 10 ഫോറും രണ്ട് സിക്‌സറും അടക്കമാണ് താരം സ്‌കോര്‍ ചെയ്തത്.
ഇംഗ്ലണ്ട് – ശ്രീലങ്ക സീരീസ് ഡിസൈഡറിലാണ് ടോം ബാന്റണിന്റെ സെഞ്ച്വറി പിറന്നത്. ബെന്‍ ഡക്കറ്റും ജോ റൂട്ടും നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിനയും ജോര്‍ദന്‍ കോക്‌സിനെയും ഒപ്പം കൂട്ടി ഗംഭീര കൂട്ടുകെട്ടുണ്ടാക്കിയാണ് ബാന്റണ്‍ തിളങ്ങിയത്. മൂവരുടെയും കരുത്തില്‍ ഇംഗ്ലണ്ട് 355 റണ്‍സ് സ്വന്തമാക്കുകയും ചെയ്തു.
16 ഫോറും അഞ്ച് സിക്‌സറുമടക്കം 105 പന്തില്‍ 126 റണ്‍സാണ് ബാന്റണ്‍ അടിച്ചെടുത്തത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ലങ്ക 30 ഓവറിനുള്ളില്‍ 132ന് പുറത്താവുകയും 223 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങുകയും ചെയ്തു.
Content Highlight: For the first time ever, 6 ODI centuries were scored in a single day!