| Friday, 27th February 2026, 9:19 pm

അഞ്ച് സ്പിന്നര്‍മാര്‍ ചേര്‍ന്ന് തിരുത്തിയത് ടി-20യുടെ ചരിത്രം, ഒപ്പം ഇംഗ്ലണ്ടിന്റെയും; ലങ്കന്‍ മണ്ണില്‍ സ്പിന്‍ വിപ്ലവം

ആദര്‍ശ് എം.കെ.

ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരത്തില്‍ ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെ നേരിടുകയാണ്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത കിവികള്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി.

സ്പിന്നര്‍മാരെ ഉപയോഗിച്ചാണ് ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിന്റെ ബാറ്റിങ് നിരയെ നേരിട്ടത്. ആകെയുള്ള 20 ഓവറില്‍ 16 ഓവറുകളും സ്പിന്നര്‍മാരാണ് എറിഞ്ഞത്.

ഇതോടെ ഒരു നേട്ടവും ഇംഗ്ലണ്ട് സ്വന്തമാക്കി. ഒരു ടി-20 ഇന്നിങ്‌സില്‍ സ്പിന്നര്‍മാര്‍ ഏറ്റവുമധികം ഓവറുകള്‍ പൂര്‍ത്തിയാക്കിയതിന്റെ റെക്കോഡാണ് ഇംഗ്ലണ്ട് തങ്ങളുടെ പേരിലാക്കിയത്. ഇന്നിങ്‌സിലെ 80 ശതമാനം പന്തുകളും സ്പിന്നര്‍മാര്‍ തന്നെയാണ് എറിഞ്ഞുതീര്‍ത്തത്.

ഈ ലോകകപ്പില്‍ തന്നെ ശ്രീലങ്ക സ്ഥാപിച്ച 15.3 ഓവറിന്റെ റെക്കോഡ് പഴങ്കഥയാക്കിയാണ് ഇംഗ്ലണ്ട് ചരിത്ര നേട്ടം കുറിച്ചത്.

അഞ്ച് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമാണ് മത്സരത്തില്‍ ഇംഗ്ലണ്ടിനായി പന്തെടുത്തത്. ഇവിടെയും ഒരു റെക്കോഡ് പിറവിയെടുത്തു. ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒരു ടി-20 ഇന്നിങ്‌സില്‍ അഞ്ച് സ്പിന്നര്‍മാര്‍ക്ക് പന്ത് നല്‍കുന്നത്.

ഓഫ് സ്പിന്നര്‍ വില്‍ ജാക്‌സ്, വലംകയ്യന്‍ ലെഗ് ബ്രേക്കര്‍ ആദില്‍ റഷീദ്, ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നര്‍ ലിയാം ഡോവ്‌സണ്‍, ലെഗ് സ്പിന്നര്‍ രെഹന്‍ അഹമ്മദ് എന്നിവര്‍ക്കൊപ്പം ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്‍ ഓള്‍റൗണ്ടര്‍ ജേകബ് ബേഥലും ഇംഗ്ലണ്ടിനായി പന്തെടുത്തു.

ജോഫ്രാ ആര്‍ച്ചറും സാം കറനും ചേര്‍ന്നാണ് മറ്റ് നാല് ഓവറുകള്‍ ഏറിഞ്ഞത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് മികച്ച തുടക്കമാണ് ആദ്യ വിക്കറ്റില്‍ ടിം സീഫെര്‍ട്ടും ഫിന്‍ അലനും ചേര്‍ന്ന് സമ്മാനിച്ചത്. അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.

എന്നാല്‍ ഒന്നിന് പിന്നാലെ ഒന്നായി ഇരുവരെയും നഷ്ടപ്പെട്ടത് കിവികളുടെ മൊമെന്റം തച്ചുടച്ചു. സീഫെര്‍ട്ട് 25 പന്തില്‍ 35 റണ്‍സും അലന്‍ 19 പന്തില്‍ 29 റണ്‍സും നേടി.

പിന്നാലെയെത്തിയവര്‍ക്ക് മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. 28 പന്തില്‍ 39 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് ടോപ്പ് സ്‌കോറര്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ടീം 159ലെത്തി.

ഇംഗ്ലണ്ടിനായി വില്‍ ജാക്‌സ്, ആദില്‍ റഷീദ്, രെഹന്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ലിയാം ഡോവ്‌സണ്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: For the first time England have used five spinners in a men’s T20I innings

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more