| Tuesday, 13th January 2026, 7:42 am

അഞ്ചിന്റെ മൊഞ്ചില്‍ അഞ്ചാം തവണയും കിങ്; ആറില്‍ ആറാടി ചരിത്രമെഴുതുമോ?

ആദര്‍ശ് എം.കെ.

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കി പരമ്പരയില്‍ മുമ്പിലെത്തിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 1-0നാണ് പരമ്പരയില്‍ ലീഡെടുത്തിരിക്കുന്നത്.

ബ്ലാക് ക്യാപ്‌സ് ഉയര്‍ത്തിയ 301 റണ്‍സിന്റെ വിജയലക്ഷ്യം ഒരു ഓവര്‍ അവശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. 91 പന്തില്‍ 93 റണ്‍സടിച്ച മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ കരുത്തിലാണ് ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.

ഈ ഇന്നിങ്‌സിന് പിന്നാലെ 28,000 അന്താരാഷ്ട്ര റണ്‍സ് പൂര്‍ത്തിയാക്കാനും റണ്‍ വേട്ടയില്‍ ഇതിഹാസ താരം കുമാര്‍ സംഗക്കാരയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനും വിരാടിന് സാധിച്ചിരുന്നു. നിലവില്‍ 28,068 റണ്‍സാണ് വിരാടിന്റെ പേരിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 28,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടവും വിരാട് സ്വന്തമാക്കി.

ഇതിനൊപ്പം ഏകദിനത്തില്‍ ഏറ്റവുമധികം തവണ തുടര്‍ച്ചയായി 50+ സ്‌കോര്‍ നേടുന്ന താരമെന്ന നേട്ടത്തില്‍ വീണ്ടും ഇടം പിടിക്കാനും വിരാടിന് സാധിച്ചു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് വിരാട് ഏകദിനത്തില്‍ 50+ സ്‌കോര്‍ നേടുന്നത്. ഓസ്‌ട്രേലിയക്കെതിരെ എതിരാളികളുടെ തട്ടകത്തിലും സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ സ്വന്തം മണ്ണിലുമാണ് വിരാട് ഇതിന് മുമ്പ് തകര്‍ത്തടിച്ചത്.

അഞ്ച് തവണ വിരാട് തുടര്‍ച്ചയായി അഞ്ച് 50+ സ്‌കോര്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഏകദിനത്തില്‍ തുടര്‍ച്ചയായി ഏറ്റവുമധികം തവണ 50+ സ്‌കോര്‍ നേടിയ താരങ്ങള്‍

(എത്ര തവണ – താരം – വര്‍ഷം എന്നീ ക്രമത്തില്‍, ബ്രാക്കറ്റില്‍ സ്‌കോര്‍)

5 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 1994 (62, 66, 54, 88, 105)

5 – രാഹുല്‍ ദ്രാവിഡ് – 2004/05 (53, 60, 75*, 104, 52)

5 – വിരാട് കോഹ്‌ലി – 2012 (133*, 108, 66, 183, 106)

5 – വിരാട് കോഹ്‌ലി – 2013 (68*, 61, 100*, 68, 115*)

5 – അജിന്‍ക്യ രഹാനെ – 2017/18 (55, 70, 53, 61, 79)

5 – രോഹിത് ശര്‍മ – 2019 (95, 56, 122*, 57, 140)

5 – വിരാട് കോഹ്‌ലി – 2019 (82, 77, 67, 72, 66)

5 – വിരാട് കോഹ്‌ലി – 2023 – (88, 101*, 51, 117, 54)

5 – വിരാട് കോഹ്‌ലി – 2025/26 (74*, 135, 102, 65*, 93)*

നാളെ (ബുധന്‍) നടക്കുന്ന മത്സരത്തില്‍ മറ്റൊരു 50+ സ്‌കോര്‍ നേടാന്‍ സാധിച്ചാല്‍ വിരാടിന്റെ ബാറ്റ് പുതിയ ചരിത്രവുമെഴുതും. ഏകദിനത്തില്‍ തുടര്‍ച്ചയായ ആറ് മത്സരത്തില്‍ 50+ സ്‌കോര്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് വിരാടിന്റെ മുമ്പിലുള്ളത്. നിലവിലെ ഫോമില്‍ താരത്തിന് അനായാസം ഈ നേട്ടത്തിലും ഇടം പിടിക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ആരാധകരും ഉറച്ചുവിശ്വസിക്കുന്നത്.

സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് പരമ്പരയിലെ രണ്ടാം മത്സരത്തിന് വേദിയാകുന്നത്. സൗരാഷ്ട്രയിലും വിജയിച്ചാല്‍ 18ന് നടക്കുന്ന മൂന്നാം മത്സരത്തിന് മുമ്പ് പരമ്പര സ്വന്തമാക്കാന്‍ ആതിഥേയര്‍ക്ക് സാധിക്കും. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ കിവികള്‍ക്കും രണ്ടാം മത്സരത്തില്‍ വിജയം അനിവാര്യമാണ്.

Content Highlight: For the 5th time Virat Kohli set the record of most consecutive 50+ scores by Indians in ODI

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more