ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ഏകദിനത്തിലും വിജയം സ്വന്തമാക്കി ബ്ലാക് ക്യാപ്‌സ് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് കിവികള്‍ സ്വന്തമാക്കിയത്. ആദ്യ മത്സരം പരാജയപ്പെട്ട ശേഷമായിരുന്നു സന്ദര്‍ശകരുടെ ഗംഭീര തിരിച്ചുവരവ്.
ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 41 റണ്‍സിന്റെ പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 337 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 296 റണ്‍സിന് പുറത്താവുകയായിരുന്നു.
ഡാരില്‍ മിച്ചലിന്റെയും ഗ്ലെന്‍ ഫിലിപ്‌സിന്റെയും സെഞ്ച്വറികള്‍ക്ക് വിരാടിന്റെ സെഞ്ച്വറിയുടെയും നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ എന്നിവരുടെ അര്‍ധ സെഞ്ച്വറികളിലൂടെയും മറുപടി നല്‍കാന്‍ ശ്രമിച്ചെങ്കിലും മറ്റാര്‍ക്കും പിന്തുണ നല്‍കാന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
ഏകദിനത്തിലെ 54ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിരാട് ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമായും ചരിത്രമെഴുതിരുന്നു. 108 പന്തില്‍ 124 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്.
ഏകദിനത്തില്‍ ഇത് അഞ്ചാം തവണയാണ് വിരാട് കോഹ്‌ലി ചെയ്‌സിങ്ങില്‍ സെഞ്ച്വറി നേടിയിട്ടും ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിക്കാതെ പോയത്.
(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
123 (111) – ന്യൂസിലാന്‍ഡ് – നേപ്പിയര്‍ – 2014
106 (92) – ഓസ്‌ട്രേലിയ – കാന്‍ബെറ – 2016
107 (119) – വെസ്റ്റ് ഇന്‍ഡീസ് – പൂനെ – 2018
123 (95) – ഓസ്‌ട്രേലിയ – റാഞ്ചി – 2019
124 (108) – ന്യൂസിലാന്‍ഡ് – ഇന്‍ഡോര്‍ – 2026*
ഇന്‍ഡോറില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ക്ക് തുടക്കം പാളിയിരുന്നു. ആദ്യ ഓവറില്‍ ഹെന്‌റി നിക്കോള്‍സിനെയും രണ്ടാം ഓവറില്‍ ഡെവോണ്‍ കോണ്‍വേയെയും നഷ്ടപ്പെട്ട ന്യൂസിലാന്‍ഡിന് ടീം സ്‌കോര്‍ 60 കടക്കും മുമ്പ് തന്നെ വില്‍ യങ്ങിനെയും നഷ്ടപ്പെട്ടു.
നാലാം വിക്കറ്റില്‍ ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്‌സും ചേര്‍ന്ന് ഇട്ട സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മിച്ചല്‍ 131 പന്തില്‍ 137 റണ്‍സും ഫിലിപ്‌സ് 88 പന്തില്‍ 106 റണ്‍സും നേടി.
ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് 337ലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കും മികച്ച തുടക്കമല്ല ലഭിച്ചത്. രോഹിത് ശര്‍മ 13 പന്തില്‍ 11 റണ്‍സും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 18 പന്തില്‍ 23 റണ്‍സും നേടി പുറത്തായി.
മൂന്നാം നമ്പറിലിറങ്ങിയ വിരാട് സ്‌കോറിങ്ങിന് അടിത്തറയൊരുക്കാന്‍ ശ്രമിക്കുമ്പോഴും മറുവശത്ത് ശ്രേയസ് അയ്യരും കെ.എല്‍. രാഹുലും പാടെ നിരാശപ്പെടുത്തി.
ആറാം നമ്പറിലെത്തിയ നിതീഷ് കുമാര്‍ റെഡ്ഡി അര്‍ധ സെഞ്ച്വറിയുമായി പിന്തുണ നല്‍കി. ജഡേജ വീണ്ടും പരാജയപ്പെട്ടപ്പോള്‍ ഹര്‍ഷിത് റാണയുടെ അര്‍ധ സെഞ്ച്വറി സ്‌കോറിങ്ങില്‍ നിര്‍ണായകമായി. എന്നാല്‍ ഒമ്പതാം വിക്കറ്റായി വിരാട് കോഹ്‌ലിയും മടങ്ങിയതോടെ ഇന്ത്യ പരാജയം സമ്മതിക്കുകയായിരുന്നു.
Content Highlight: For the 5th time, India didn’t win an ODI after Virat Kohli scored a century in chasing