| Wednesday, 12th November 2025, 7:58 am

ഒരാള്‍ പോലും ആഗ്രഹിക്കാത്ത ഹാട്രിക്, അതും മൂന്നാം തവണ; തോറ്റ മത്സരത്തില്‍ വീണ്ടും തോറ്റ് മെന്‍ഡിസ്

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കയുടെ പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ആതിഥേയര്‍ വിജയിച്ചിരിക്കുകയാണ്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 300 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്കയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സ് മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്.

മത്സരത്തില്‍ ലങ്കന്‍ നിരയില്‍ സൂപ്പര്‍ താരം കുശാല്‍ മെന്‍ഡിസ് പാടെ നിരാശപ്പെടുത്തിരുമന്നു. ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെയാണ് താരം പുറത്തായത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഹാരിസ് റൗഫിന് വിക്കറ്റ് സമ്മാനിച്ചായിരുന്നു മെന്‍ഡിസിന്റെ മടക്കം.

തുടര്‍ച്ചയായ മൂന്നാം അന്താരാഷ്ട്ര ഇന്നിങ്‌സിലാണ് മെന്‍ഡിസ് പൂജ്യത്തിന് പുറത്താകുന്നത്. ഇതിന് മുമ്പ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയോടും സൂപ്പര്‍ സിക്‌സില്‍ പാകിസ്ഥാനോടും താരം പൂജ്യത്തിന് പുറത്തായിരുന്നു.

കരിയറില്‍ ഇത് മൂന്നാം തവണയാണ് മെന്‍ഡിസ് തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പൂജ്യത്തിന് മടങ്ങുന്നത്. 2018ല്‍ തുടര്‍ച്ചയായ മൂന്ന് ഏകദിനത്തില്‍ താരം പൂജ്യത്തിന് മടങ്ങി. 2018 ഏഷ്യാ കപ്പില്‍ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകളോടായിരുന്നു മെന്‍ഡിസ് പൂജ്യത്തിന് പുറത്തായത്. 2021ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും താരം തുടര്‍ച്ചയായ മൂന്ന് ഇന്നിങ്‌സില്‍ പൂജ്യത്തിന് മടങ്ങി.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം സല്‍മാന്‍ അലി ആഘയുടെ സെഞ്ച്വറി കരുത്തിലാണ് പാകിസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 87 പന്ത് നേരിട്ട് താരം പുറത്താരാതെ 105 റണ്‍സ് നേടി. 63 പന്തില്‍ 62 റണ്‍സടിച്ച ഹുസൈന്‍ താലത്താണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. 23 പന്തില്‍ പുറത്താകാതെ 36 റണ്‍സ് നേടിയ മുഹമ്മദ് നവാസിന്റെ പ്രകടനവും ടീമില്‍ നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ 299ലെത്തി.

ശ്രീലങ്കയ്ക്കായി വാനിന്ദു ഹസരങ്ക മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അസിത ഫെര്‍ണാണ്ടോ മഹീഷ് തീക്ഷണ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല. ഓരോ താരങ്ങളും തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയെങ്കിലും വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ പാക് ബൗളര്‍മാര്‍ വലിയ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താനും ലങ്കയെ അനുവദിച്ചില്ല.

52 പന്തില്‍ 59 റണ്‍സ് നേടിയ വാനിന്ദു ഹസരങ്കയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. സധീര സമരവിക്രമ (48 പന്തില്‍ 39), കാമില്‍ മിശ്ര (36 പന്തില്‍ 38), ചരിത് അസലങ്ക (49 പന്തില്‍ 32) എന്നിവരാണ് സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.

300 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക ഒമ്പത് വിക്കറ്റില്‍ 293ന് പോരാട്ടം അവസാനിപ്പിച്ചു.

പാകിസ്ഥാനായി ഹാരിസ് റൗഫ് നാല് വിക്കറ്റ് സ്വന്തമാക്കി. ഫഹീം അഷ്‌റഫും നസീം ഷായും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് നവാസ് ഒരു വിക്കറ്റും നേടി.

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പാകിസ്ഥാന്‍ 1-0ന് മുമ്പിലാണ്. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം. റാവല്‍പിണ്ടി തന്നെയാണ് വേദി.

Content highlight: For the 3rd time in his career, Kusal Mendis out for a duck 3 consecutive time

We use cookies to give you the best possible experience. Learn more