ഗസ: ഫലസ്തീനിലേക്ക് മാനുഷിക സഹായവുമായി നീങ്ങുന്ന ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലക്കൊപ്പം അണിചേര്‍ന്ന് മന്‍ഡ്ല മണ്ടേല.
ഗസയ്ക്ക് വേണ്ടിയുളള പോരാട്ടത്തില്‍ ആഫ്രിക്കയും ഭാഗമാണെന്ന് ഈ ലോകത്തെ അറിയിക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഒരു സംഘം ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലക്കൊപ്പം അണിചേരുമെന്ന് മന്‍ഡ്ല പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംശയിക്കുന്നതിനിടെയായിരുന്നു അദ്ദേഹം പ്രതികരണം.
ഗസ വംശഹത്യയില്‍ ഫലസ്തീനികള്‍ നേരിടുന്നത് കറുത്ത വര്‍ഗക്കാര്‍ അനുഭവിച്ചതിനേക്കാള്‍ ഭീകരമായ വംശീയവിവേചനമാണെന്നും മന്‍ഡ്ല മണ്ടേല ചൂണ്ടിക്കാട്ടി. ഒരു ആഫ്രിക്കന്‍ എന്ന നിലയില്‍ അധിനിവേശത്തിലും അടിച്ചമര്‍ത്തലിലും ജീവിക്കുക എന്നതിന്റെ അര്‍ത്ഥം തങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നും മന്‍ഡ്ല പറഞ്ഞു.
അതേസമയം ഗസയിലേക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയെ ഇസ്രഈല്‍ നാവിക സേന തടയാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഭക്ഷണവും മാനുഷിക സഹായവുമായി പുറപ്പെട്ട ‘ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയെ’യെ തടയാന്‍ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതായി ഇസ്രഈല്‍ സേന അറിയിച്ചു.
44 രാജ്യങ്ങളില്‍ നിന്നുള്ള ആക്റ്റിവിസ്റ്റുകളെ അറസ്റ്റ് ചെയ്യാനാണ് ഇസ്രഈലിന്റെ നീക്കം. ഇവരില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള പത്തംഗസംഘത്തില്‍ ഒരാളായാണ് മന്‍ഡ്ല മണ്ടേല ഗസയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചത്.
ജൂണില്‍ ഇറ്റലിയില്‍ നിന്ന് ഗസയിലേക്ക് മാനുഷിക സഹായവുമായി തിരിച്ച ഗ്രെറ്റ തെന്‍ബര്‍ഗ് ഉള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകളെ ഇസ്രഈല്‍ സൈന്യം അറസ്റ്റ് ചെയ്ത് നാടുകടത്തിയിരുന്നു. ഗ്രെറ്റ ഉള്‍പ്പെടെ 12 പേരെയാണ് നാടുകടത്തിയത്.
മാഡ്ലിന്‍ എന്ന കപ്പലിലാണ് 12 അംഗ സംഘം ഗസയിലേക്ക് തിരിച്ചത്. ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലാന്‍ഡ്‌സ്, സ്‌പെയിന്‍, സ്വീഡന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരാണ് കപ്പലിലുണ്ടായിരുന്നത്.
ഇവരില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ ഫ്രഞ്ച് അംഗം റിമ ഹസന്‍, അല്‍ ജസീറയിലെ ഫ്രഞ്ച് പത്രപ്രവര്‍ത്തകന്‍ ഒമര്‍ ഫയാദ് എന്നിവരും ഉള്‍പ്പെട്ടിരുന്നു. ജൂണ്‍ ഒന്നിനാണ് ഇറ്റാലിയന്‍ ദ്വീപായ സിസിലിയില്‍ നിന്ന് ഗസയിലേക്കുള്ള സഹായഹസ്തവുമായി ഫ്രീഡം ഫ്ലോട്ടില്ലയുടെ മാഡ്ലിന്‍ എന്ന കപ്പല്‍ പുറപ്പെട്ടത്.
ബേബി ഫുഡ്, അരി, ഡയപ്പറുകള്‍, സാനിറ്ററി നാപ്കിനുകള്‍, മെഡിസിനുകള്‍ തുടങ്ങിയവയാണ് കപ്പലിലുണ്ടായിരുന്നത്. എന്നാല്‍ ഇവരെ ഇസ്രഈല്‍ സൈന്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Content Highlight: For Gaza; Nelson Mandela’s grandson joins Global Sumud Flotilla