| Friday, 9th May 2025, 5:16 pm

റൊണാള്‍ഡോ റയല്‍ ഡി.എന്‍.എയുള്ള താരം; പ്രസ്താവനയുമായി സ്പാനിഷ് മാധ്യമപ്രവര്‍ത്തകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്‌ബോള്‍ ആരാധകരെ വിസ്മയിപ്പിക്കുന്ന ഇതിഹാസമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കരിയര്‍ ഗോളുകള്‍ സ്വന്തമാക്കിയാണ് റോണോയുടെ കുതിപ്പ്. 934 ഗോളുകളാണ് താരം സ്വന്തമാക്കിയത്.

കരിയറില്‍ 1000 ഗോള്‍ സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലേക്കാണ് റോണോ നോട്ടമിടുന്നത്. 40ാം വയസിലും സൗദി പ്രൊ ലീഗില്‍ അല്‍ നസറിനായി മികച്ച പ്രകടനമാണ് താരം നടത്തുന്നത്.

ഈ വര്‍ഷം നടക്കുന്ന ക്ലബ് ലോകകപ്പില്‍ താരം കളിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അല്‍ നസറിന് ലോകകപ്പിന് യോഗ്യത നേടാന്‍ കഴിഞ്ഞില്ലെങ്കിലും റോണോയ്ക്ക് ടൂര്‍ണമെന്റിന്റെ ഭാഗമാവാന്‍ കഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ക്ലബ് ലോകകപ്പിന് മാത്രമായി താരത്തെ ടീമിലെത്തിക്കാന്‍ റയല്‍ മാഡ്രിഡ് താത്പര്യമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ റൊണാള്‍ഡോ റയലിലേക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സ്പാനിഷ് പബ്ലിക്കേഷനായ എ.എസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് തോമസ് റോണ്‍സെറോ.

റയല്‍ മാഡ്രിഡിനൊപ്പം ക്ലബ് ലോകകപ്പില്‍ റൊണാള്‍ഡോ കളിക്കുന്നത് കാണുന്നതിനേക്കാള്‍ സന്തോഷം നല്‍കുന്ന മറ്റൊന്നില്ലെന്നും അദ്ദേഹം വീണ്ടും റയലില്‍ കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ രോമാഞ്ചം വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോര്‍ച്ചുഗീസ് നായകന്‍ ഒരു മാഡ്രിഡ് ഡി.എന്‍.എയുള്ള താരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


‘റയല്‍ മാഡ്രിഡിനൊപ്പം ക്ലബ് ലോകകപ്പില്‍ അദ്ദേഹം കളിക്കുന്നത് കാണുന്നതിനേക്കാള്‍ എനിക്ക് സന്തോഷം നല്‍കുന്ന മറ്റൊന്നില്ല. അദ്ദേഹം ഒരു ദിവസം വീണ്ടും റയല്‍ മാഡ്രിഡിനായി കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്ക് രോമാഞ്ചം വരുന്നു.

നിങ്ങള്‍ക്കറിയാമോ, ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. ക്രിസ്റ്റ്യാനോയ്ക്കൊപ്പം ഞങ്ങള്‍ നാല് ചാമ്പ്യന്‍സ് ലീഗ് നേടിയിട്ടുണ്ട്. എന്തൊരു അഭിമാനം, മാഡ്രിഡ് ഡി.എന്‍.എ ഉള്ള ഒരു കളിക്കാരനാണ്. അദ്ദേഹം ഒരു യോദ്ധാവാണ്, അനീതിക്കെതിരെ എപ്പോഴും സംസാരിച്ചിട്ടുണ്ട്,’ റോണ്‍സെറോ പറഞ്ഞു.

Content Highlight: Football: Spanish Journalist talking about Cristiano Ronaldo playing in Club World Cup for Real Madrid

We use cookies to give you the best possible experience. Learn more