| Sunday, 1st June 2025, 10:11 am

മിലാന്റെ നെഞ്ചില്‍ അഞ്ച് വെടി പൊട്ടിച്ച് ചരിത്രം തിരുത്തി; യൂറോപ്പില്‍ ആധിപത്യം സ്ഥാപിച്ച് പി.എസ്.ജി

സ്പോര്‍ട്സ് ഡെസ്‌ക്

നീണ്ട കാത്തിരിപ്പിനും കണ്ണീരിനും ഒടുവില്‍ യൂറോപ്പിന്റെ നെറുകയിലെത്തി ദി പാരീസിന്‍സ്. വമ്പന്‍ താരനിരയുണ്ടായിട്ടും മറ്റ് കിരീടങ്ങള്‍ ഷോക്കേസില്‍ എത്തിച്ചിട്ടും കിട്ടാക്കനിയായി തുടര്‍ന്ന യൂറോപ്പിന്റെ ചാമ്പ്യന്‍ പട്ടമാണ് പാരീസ് സെന്റ് ജര്‍മന്‍ നേടിയെടുത്തത്. ഇന്റര്‍ മിലാന്റെ നാലാം കിരീടം മോഹത്തിന് ചെക്കിട്ടാണ് ഈ കിരീടധാരണം.

യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരില്‍ ഇന്റര്‍ മിലാനെ ഏകപക്ഷീയമായ അഞ്ച് ഗോളിന് തകര്‍ത്താണ് പി.എസ്.ജി ലീഗിന്റെ പുതിയ അവകാശികളായത്. വമ്പന്‍ വിജയത്തോടെ ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ജിനിലുള്ള വിജയമെന്ന നേട്ടവും ലൂയി എന്റിക്വയുടെ സംഘം കുറിച്ചു. മത്സരത്തില്‍ 60 ശതമാനത്തോളം പന്ത് കൈവശം വെച്ചാണ് ദി റെഡ് ആന്‍ഡ് ബ്ലൂസ് മ്യൂണിക്കിലെ അലിയാന്‍സ് അരീനയില്‍ കന്നി കിരീടത്തില്‍ മുത്തമിട്ടത്.

ഒരു പതിറ്റാണ്ടിന്റെ സ്വപ്‌നസാക്ഷാത്കാരത്തിനായി പി.എസ്.ജി മത്സരത്തിന്റെ ആദ്യ മിനിട്ട് മുതല്‍ തന്നെ പന്ത് കൈവശമാക്കിയിരുന്നു. ആക്രമിച്ച് കളിക്കുകയാണ് ഞങ്ങളുടെ ദൗത്യമെന്ന് തെളിയിച്ച് ആദ്യ 30 മിനിട്ടില്‍ ഇന്ററിന്റെ പോസ്റ്റിലേക്ക് പി.എസ്.ജി തൊടുത്തത് അഞ്ച് ഷോട്ടുകളാണ്. അതില്‍ ഒന്ന് ടൂര്‍ണമെന്റിന്റെ ചരിത്രം തന്നെ തിരുത്തി ഫ്രാന്‍സിനെ പടയാളികള്‍ക്ക് ലീഡ് നല്‍കി.

കൗമാരക്കാരന്‍ ഡിസൈര്‍ ഡുവോയുടെ അസിസ്റ്റ് സ്വീകരിച്ച് 12ാം മിനിട്ടില്‍ അഷ്റഫ് ഹാക്കിമി എടുത്ത ഷോട്ടില്‍ ടീമിന്റെ ആദ്യ ഗോള്‍ പിറന്നു. 2019ന് ശേഷം ഫൈനലില്‍ ഏറ്റവും വേഗത്തിലെ ഗോള്‍ എന്ന റെക്കോഡ് സൃഷ്ടിച്ചാണ് മൊറോക്കന്‍ താരം ടീമിന്റെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്.

ഏറെ വൈകാതെ എട്ട് മിനിട്ടുകള്‍ക്ക് ശേഷം ഡുവോ മത്സരത്തിലെ തന്റെ ആദ്യ ഗോള്‍ കണ്ടെത്തി ക്ലബ്ബിന്റെ ഗോള്‍ ഇരട്ടിയായി ഉയര്‍ത്തി. ഉസാമന്‍ ഡെംബലെ ഇടതു വിങ്ങില്‍ നിന്ന് കൊടുത്ത പന്ത് ഒരു ഉഗ്രന്‍ വോളിയിലൂടെ നെരാസൂറികളുടെ വലയിലെത്തിക്കുകയായിരുന്നു.

ആദ്യ പകുതിയുടെ അവസാനത്തില്‍ ഇന്റര്‍ മിലാന്‍ പി.എസ്.ജിയുടെ ഗോള്‍ മുഖത്തേക്ക് വലിയ തോതില്‍ ആക്രമണങ്ങള്‍ നടത്തി. പക്ഷേ, മാര്‍ക്വിഞ്ഞോസിന്റെ പ്രതിരോധ മതില്‍ തകര്‍ക്കാനോ പി.എസ്.ജിയുടെ വലകുലുക്കാനോ സൈമണ്‍ ഇന്‍സാഗിയുടെ സംഘത്തിനായില്ല.

ലീഗ് ഫൈനലില്‍ ഗോളും അസിസ്റ്റും നേടുന്ന പ്രായം കുറഞ്ഞ താരമെന്ന ബഹുമതി സ്വന്തം പേരില്‍ കുറിച്ച ഡുവോ 63ാം മിനിട്ടിലും അവസാന അങ്കത്തില്‍ പി.എസ്.ജിക്കായി മൂന്നാം ഗോള്‍ കണ്ടെത്തി. 73ാം മിനിട്ടില്‍ ക്വിച്ച കവാറസ്‌ഹൈലിയയും പകരക്കാരനായി ഇറങ്ങിയ സെന്നി മയുലുവും കളത്തില്‍ എത്തി രണ്ടാം മിനിട്ടില്‍ തന്നെ ലക്ഷ്യം കണ്ടതോടെ ദി റെഡ് ആന്‍ഡ് ബ്ലൂസിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

2011ല്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ക്ലബ്ബിന്റെ ഉടമകളായതിന് ശേഷമുള്ള ഏറ്റവും പ്രധാന കിരീടമാണ് ചാമ്പ്യന്‍സ് ലീഗ്. ലോക ഫുട്‌ബോളിലെ വമ്പന്മാരായ ലയണല്‍ മെസി, നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നിവര്‍ പോലും ഒരുമിച്ച് കളിച്ചപ്പോള്‍ നേടാനാകാത്തതാണ് സ്വന്തമാക്കിയതെന്നത് ഈ കിരീടധാരണത്തിന് മധുരമേറ്റുന്നു.

സ്പാനിഷ് പരിശീലകന്‍ ലൂയി എന്റിക്കെയുടെ കീഴിയില്‍ 23 വയസ് ശരാശരിയുള്ള ടീമാണ് ക്ലബ്ബിന്റെ പതിറ്റാണ്ടുകളായ സ്വപനം സഫലീകരിച്ചത്. എന്റിക്കെ ബാഴ്സലോണയ്‌ക്കൊപ്പം നേടിയ കിരീടം പി.എസ്.ജിലും ആവര്‍ത്തിച്ചപ്പോള്‍ ദി പാരീസിയന്‍സ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാകുന്ന രണ്ടാം ഫ്രഞ്ച് ക്ലബാവുകയും ചെയ്തു.

Content Highlight: Football: PSG won UEFA Champions League for the first time beating Inter Milan

We use cookies to give you the best possible experience. Learn more