| Monday, 2nd June 2025, 5:42 pm

കുതിച്ചുയര്‍ന്ന് ഡെംബലെ; റഫീഞ്ഞയെ വെട്ടി സൂപ്പര്‍ നേട്ടത്തില്‍ പി.എസ്.ജി താരം

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പ്ലെയര്‍ ഓഫ് ദി സീസണായി തെരഞ്ഞടുക്കപ്പെട്ട് പി.എസ്.ജി താരം ഉസ്മാന്‍ ഡെംബലെ. ടൂര്‍ണമെന്റില്‍ ദി പാരീസിയന്‍സിനായി നടത്തിയ മിന്നും പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഡെംബലെ ലീഗിന്റെ താരമായത്. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ ബാഴ്സലോണയുടെ റഫീഞ്ഞയെ മറികടന്നാണ് ഫ്രഞ്ച് താരം ഈ നേട്ടത്തിലെത്തിയത്.

ഡെംബലെ പി.എസ്.ജിയുടെ കന്നി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്നതില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ എട്ട് ഗോളുകളുമായി ഫ്രഞ്ച് വമ്പന്മാരുടെ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമതായിരുന്നു. താരത്തിന് ലീഗില്‍ ആറ് അസിസ്റ്റുകളുമുണ്ട്.

ഇന്റര്‍ മിലാനെതിരായ ഫൈനല്‍ മത്സരത്തിലും താരം കളം നിറഞ്ഞ് കളിച്ചിരുന്നു. മത്സരത്തില്‍ യുവതാരം ഡിസൈര്‍ ഡുവോ ടീമിന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയപ്പോള്‍ അസിസ്റ്റ് നല്‍കിയിരുന്നത് ഡെംബലെയായിരുന്നു. ക്വിച്ച കവാറസ്ഹൈലിയ ഗോളിനും അസിസ്റ്റ് താരത്തിന്റെ വകയായിരുന്നു. ഇതോടെ മാഴ്‌സലോയ്ക്ക് ശേഷം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ രണ്ട് അസിസ്റ്റുകള്‍ നല്‍കുന്ന താരമെന്ന നേട്ടവും സ്വന്തമാക്കാനായി.

ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയുടെ നീലയും ചുവപ്പും ജേഴ്‌സിയില്‍ 13 ഗോള്‍ കോണ്‍ട്രിബൂഷന്‍സാണ് ഡെംബലെ നടത്തിയത്. അതോടെ റയല്‍ മാഡ്രിഡ് താരമായ കിലിയന്‍ എംബാപ്പെയുടെ ഒപ്പമെത്താന്‍ മുന്നേറ്റ താരത്തിന് സാധിച്ചു.

ചാമ്പ്യന്‍സ് ലീഗില്‍ മാത്രമല്ല, ഈ സീസണില്‍ മറ്റ് ടൂര്‍ണമെന്റുകളിലും ഡെംബലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സീസണില്‍ 48 മത്സരങ്ങളില്‍ കളിച്ച് 33 ഗോളുകളും 13 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

പി.സി.ജിക്കൊപ്പം ചാമ്പ്യന്‍സ് ലീഗിന് പുറമെ ലീഗ് വണ്‍, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് അസോസിയേഷന്‍ ഫുട്‌ബോള്‍ ട്രോഫിയിലും താരം പങ്കാളിയായി. കൂടാതെ, ലീഗ് വണ്ണിലെ ഗോള്‍ഡന്‍ ബൂട്ടും പ്ലെയര്‍ ഓഫ് ദി സീസണും സ്വന്തമാക്കിയിരുന്നു.

Content Highlight: Football: PSG player Ousmane Dembele won UEFA Champions League player of the season award

Latest Stories

We use cookies to give you the best possible experience. Learn more