| Saturday, 14th June 2025, 10:44 pm

ആ താരമാണ് എന്നെ പ്രചോദിപ്പിച്ചത്; മെസിക്കും റൊണാൾഡോയ്ക്കുമിടയിലെ മികച്ച താരത്തെ തെരഞ്ഞെടുത്തത് ഡെംബലെ

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്ബോളിലെ ഇതിഹാസങ്ങളാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. പുതിയ താരങ്ങൾ സ്പോട്ട്ലൈറ്റിലെത്തിയിട്ടും ഇരുവരും യൂറോപ്പ് വിട്ടിട്ടും ഫുട്ബോൾ ആരാധകരുടെ ചർച്ചകളിൽ സജീവമാണ് ഈ രണ്ട് പേരുകൾ.

തലമുറ മാറ്റമുണ്ടായിട്ടും മെസിയും റോണോയും തന്നെയാണ് ആരാധകരുടെ പ്രിയപ്പെട്ടവര്‍ എന്നാണ് ഇത് തെളിയിക്കുന്നത്. ഇരുവരെയും കുറിച്ച് ആരാധകര്‍ പരാമര്‍ശിക്കാത്ത ദിവസങ്ങള്‍ കടന്നുപോകുന്നത് വളരെ വിരളമാണ്. ഇവരില്‍ മികച്ച താരമാര് എന്ന ചോദ്യം ഇപ്പോഴും ഫുട്ബോള്‍ ലോകത്തെ ഇരു ചേരിയില്‍ നിര്‍ത്താന്‍ കെല്‍പ്പുള്ളതാണ്.

മെസിയാണ് മികച്ചതെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മറുവശത്ത് റൊണാള്‍ഡോയാണ് മികച്ചതെന്ന് മറ്റൊരു കൂട്ടരും പറയുന്നു. ഇരുവരും ഇതിഹാസങ്ങള്‍ തന്നെയെന്ന് ഒരുപോലെ അംഗീകരിക്കുന്നവരും കുറവല്ല.

ഇപ്പോൾ മെസിക്കും റൊണാൾഡോയ്ക്കും ഇടയിൽ തന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ചത് ആരാണെന്ന് തുറന്ന് പറയുകയാണ് ഫ്രഞ്ച് ഫുട്ബോളർ ഉസ്മാൻ ഡെംബലെ. ബാഴ്‌സലോണയുടെ കളി കണ്ടാണ് താൻ വളർന്നതെന്നും അതിനാൽ സ്വാഭാവികമായും തനിക്ക് മികച്ച താരം ലയണൽ മെസിയാണെന്നും അദ്ദേഹം പറഞ്ഞു.

തന്നെ പ്രചോദിപ്പിക്കുന്ന താരമാണ് മെസിയെന്നും താരത്തിന്റെ കൂടെ കളിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും പി.എസ്.ജി താരം കൂട്ടിച്ചേർത്തു. ഫ്രാൻസ് ഫുട്ബോളിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉസ്മാൻ ഡെംബലെ.

‘ഞാൻ ബാഴ്‌സലോണയുടെ കളി കണ്ടാണ് വളർന്നത്. അതിനാൽ സ്വാഭാവികമായും അത് ലയണൽ മെസിയാണ്. എനിക്ക് അദ്ദേഹമാണ് ഏറ്റവും മികച്ച താരം. എന്നെ പ്രചോദിപ്പിക്കുന്ന ഒരു കളിക്കാരനാണ് അദ്ദേഹം.

മെസി അതുല്യനാണ്. അദ്ദേഹത്തോടൊപ്പം കളിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തോഷവാനാണ്. അതിൽ എനിക്ക് അഭിമാനമുണ്ട്,’ ഡെംബലെ പറഞ്ഞു.

ഉസ്മാൻ ഡെംബലെ മെസിയോടൊപ്പം 95 തവണ ബാഴ്‌സലോണയിൽ പിച്ച് പങ്കിട്ടിട്ടുണ്ട്. ഇരുവരും ഒരുമിച്ച് 15 ഗോളുകൾ കാറ്റാലിയൻ ക്ലബ്ബിനായി നേടിയിട്ടുണ്ട്.

Content Highlight: Football: Ousmane Dembele picks Lionel Messi as the greatest footballer ahead Cristiano Ronaldo

Latest Stories

We use cookies to give you the best possible experience. Learn more