| Thursday, 15th May 2025, 4:16 pm

സൂപ്പര്‍ താരത്തിന് പകരം ബാഴ്സ മിഡ്ഫീല്‍ഡര്‍? വമ്പന്‍ നീക്കത്തിനൊരുങ്ങി ഗാര്‍ഡിയോള: റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്സലോണ താരം ഡാനി ഓല്‍മോയെ നോട്ടമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. ടീം വിടുന്ന മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രൂയ്‌നെയുടെ പകരക്കാരനായി സ്പാനിഷ് താരത്തെ ടീമിലെത്തിക്കാനാണ് സിറ്റിയുടെ നീക്കമെന്ന് റിപ്പോര്‍ട്ട്. റെലെവോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബയേര്‍ ലെവര്‍കൂസന്‍ താരം ഫ്‌ലോറിയന്‍ വിര്‍ട്സിനെയായിരുന്നു സിറ്റി ആദ്യം ലക്ഷ്യം വെച്ചിരുന്നത്. എന്നാല്‍ താരം ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറിയേക്കുമെന്നതിനാലാണ് ഓല്‍മോയെ ടീമിലെത്തിക്കാന്‍ നീക്കം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നോട്ടിങ്ഹാം ഫോറസ്റ്റിന്റെ മോര്‍ഗന്‍ ഗിബ്‌സ്-വൈറ്റ്, ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിന്റെ ഹ്യൂഗോ ലാര്‍സണ്‍ തുടങ്ങിയവരെ മറികടന്ന് ഓല്‍മോ സിറ്റിയുടെ ഷോര്‍ട്ട്ലിസ്റ്റില്‍ ഒന്നാമതെത്തിയെന്ന് റെലെവോ റിപ്പോര്‍ട്ട് ചെയ്തു. ഡാനി ഓല്‍മോ തന്റെ ടീമിന് ഏറ്റവും അനുയോജ്യനായി പെപ് ഗാര്‍ഡിയോള കരുതുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആര്‍.ബി. ലീപ്‌സിഗിലും ബാഴ്സലോണയിലും ഓല്‍മോ കാഴ്ചവെച്ച പ്രകടന മികവാണ് താരത്തെ സിറ്റി നോട്ടമിടുന്നതിന് പ്രധാന കാരണം. പത്താം നമ്പര്‍ കളിക്കാരനായും വിങ്ങറായും പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും താരത്തെ സിറ്റിയുടെ റഡാറിലെത്തിക്കുന്നതിലെ ഒരു ഘടകമാണ്.

സിറ്റി തങ്ങളുടെ നീക്കങ്ങള്‍ സജീവമാക്കുന്നെങ്കിലും ബാഴ്സലോണയുടെ നിലപാട് താരത്തിന്റെ കൂടുമാറ്റത്തില്‍ നിര്‍ണയകമാകും. ഓല്‍മോയ്ക്ക് ബാഴ്‌സയുമായി 2030 വരെ കരാറുണ്ട്. 2023-ല്‍ ലീപ്‌സിഗില്‍ നിന്ന് താരത്തെ 47 മില്യണ്‍ യൂറോയ്ക്കാണ് കാറ്റാലന്‍മാര്‍ ടീമിലെത്തിച്ചത്.

ലാ ലിഗയുടെ കര്‍ശനമായ സാമ്പത്തിക നിയമങ്ങള്‍ ടീമിലെ അദ്ദേഹത്തിന്റെ രജിസ്‌ട്രേഷനെ അനിശ്ചിതത്വത്തിലാക്കിയിരുന്നു. എങ്കിലും താരത്തെ പ്രധാന താരമായാണ് ബാഴ്‌സ കാണുന്നത്. ബാഴ്സലോണ പ്രസിഡന്റ് ജോണ്‍ ലാപോര്‍ട്ട താരത്തെ പരസ്യമായി തന്നെ പിന്തുണച്ചിട്ടുണ്ട്.

ബാഴ്സലോണയുടെ സാമ്പത്തിക പ്രശ്നങ്ങളും ഓല്‍മോയുടെ കരാറിലെ രജിസ്‌ട്രേഷന്‍ പ്രശ്നങ്ങളിലുമാണ് സിറ്റി പ്രതീക്ഷ വെക്കുന്നത്. 1 ബില്യണ്‍ യൂറോ കടമുള്ള ബാഴ്‌സക്ക് മുമ്പില്‍ മികച്ച ഒരു ഓഫര്‍ വെച്ചാല്‍ സ്പാനിഷ് ക്ലബ് നിരസിക്കില്ലെന്നാണ് സിറ്റി കരുതുന്നത്.

Content Highlight: Football: Manchester City set sights on Barcelona’ Dani Olmo as potential midfield successor for Kevin De Bruyne

We use cookies to give you the best possible experience. Learn more