| Monday, 16th June 2025, 1:21 pm

മെസി ചെയ്തതൊന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല, അത് അവന്റെ ഡി.എൻ.എയിലുള്ളത്; തുറന്നുപറഞ്ഞ് സുവാരസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോൾ ആരാധകരുടെ ആവേശം ഉയർത്തി ക്ലബ് ലോകകപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. മെസിയടക്കമുള്ള സൂപ്പർ താരങ്ങളും പ്രിയ ക്ലബ്ബുകളും ടൂർണമെന്റിൽ മാറ്റുരക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മെസിയുടെ ടീമായ ഇന്റർ മയാമി ലോകകപ്പിൽ അൽ അഹ്‍ലിയുമായി ഏറ്റുമുട്ടിയിരുന്നു.

ആദ്യ മത്സരത്തിൽ വിജയം പ്രതീക്ഷിച്ചെത്തിയ മയാമിക്ക് സമനിലയിൽ ഒതുങ്ങേണ്ടി വന്നു. മത്സരത്തിൽ ഇരു ടീമുകളും ഒരു ഗോൾ പോലും കണ്ടെത്താനാവാതെ സമനിലയിൽ പിരിയുകയായിരുന്നു. ഗോൾ ഒന്നും നേടിയില്ലെങ്കിലും കളത്തിൽ സൂപ്പർ താരം ലയണൽ മെസി മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

ഇപ്പോൾ താരത്തെ കുറിച്ച് സംസാരിക്കുകയാണ് മെസിയുടെ സഹതാരമായ ലൂയിസ് സുവാരസ്. ഇത്തരത്തിലുള്ള ടൂർണമെന്റിനെ ലിയോ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് നമുക്കറിയാമെന്നും മത്സരത്തിൽ മെസി ചെയ്തത് എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മത്സരങ്ങളിലും വിജയിക്കാനുള്ള ആഗ്രഹവും കളിക്കളത്തിലെ കമ്മിറ്റ്മെന്റും മെസിയുടെ സ്വഭാവമാണെന്നും ഇന്റർ മിയാമിയിൽ എതിരാളികൾക്കെതിരെ സമ്മർദം ചെലുത്തുന്ന ആദ്യ വ്യക്തി മെസിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇത്തരത്തിലുള്ള ടൂർണമെന്റിനെ ലിയോ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് നമുക്കറിയാം. ഇത് അവന് ഒരു പ്രധാന വെല്ലുവിളിയാണെന്നതിനാൽ നമ്മൾ അവനെ പിന്തുണക്കണം. ടൂർണമെന്റിന്റെ ബുദ്ധിമുട്ടുകളും സങ്കീർണ്ണതയും നമുക്കറിയാം. അതിനാൽ ടീമിനായി ഒന്നിച്ച് പോരാടും.

മത്സരത്തിൽ മെസി ചെയ്തത് എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയിട്ടില്ല. അവന്റെ ഡി.എൻ.എയിലുള്ള ഒന്നാണ് പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളിലും വിജയിക്കാനുള്ള ആഗ്രഹവും കളിക്കളത്തിലെ കമ്മിറ്റ്മെന്റും. 37 വയസ് പ്രായമുണ്ടെങ്കിലും, ഇന്റർ മിയാമിയിൽ എതിരാളികൾക്കെതിരെ സമ്മർദം ചെലുത്തുന്ന ആദ്യ വ്യക്തി അവനാണ്.

ടീമിനെ സഹായിക്കാൻ മറ്റുള്ളവരെ ഓടാനും കഠിനമായി സമ്മർദ്ദം ചെലുത്താനും ഇത് പ്രേരിപ്പിക്കുമെന്ന് ഞാൻ കരുതുന്നു. മുന്നോട്ട് പോകുക എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതിന് അദ്ദേഹം എല്ലാവരുമായും ഈ സമർപ്പണം പങ്കിടേണ്ടതുണ്ട്,’ സുവാരസ് പറഞ്ഞു.

Content Highlight: Football: Luis Suarez talks about Lionel Messi

We use cookies to give you the best possible experience. Learn more